UPSC CSE : നഴ്സറി ക്ലാസ് മുതലുള്ള ഐപിഎസ് മോഹം; 246ാം റാങ്കോടെ സിവിൽ സർവ്വീസ് നേടി ലക്കി ചൗഹാൻ
12-ാം ക്ലാസിൽ ലക്കി സയൻസാണ് തെരഞ്ഞെടുത്തത്. തുടർന്ന് ഇംഗ്ലീഷ് സാഹിത്യത്തിലും ചരിത്രത്തിലും ബിരുദം നേടി.
ദില്ലി: കുട്ടിയായിരിക്കുമ്പോൾ അച്ഛൻ പറഞ്ഞ ഒരു ചെറിയ കാര്യത്തിൽ നിന്നാണ് (Lucky Chauhan) ലക്കി ചൗഹാൻ എന്ന കൊച്ചുപെൺകുട്ടി ഐപിഎസ് (IPS) എന്ന സ്വപ്നം കാണാൻ തുടങ്ങിയത്. നഴ്സറി ക്ലാസിൽ പഠിക്കുന്ന സമയത്ത് മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ ലക്കിക്ക് സമ്മാനം നൽകിയത് എസ്പിയായിരുന്നു. അദ്ദേഹത്തപ്പോലെ ഒരു ഉദ്യോഗസ്ഥയാകാനാണ് അച്ഛൻ ലക്കിയോട് ആവശ്യപ്പെട്ടത്. അച്ഛന്റെ ആ വാക്കുകൾ ലക്കിയുടെ മനസ്സിൽ തങ്ങി നിന്നു. അന്നുമുതൽ ആരാകാനാണ് ആഗ്രഹമെന്ന് ആരെങ്കിലും ചോദിച്ചാൽ എസ് പി അല്ലെങ്കിൽ ഡിഎം ആകാനാണ് ആഗ്രഹം എന്നായിരുന്നു ലക്കിയുടെ മറുപടി.
ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിലെ ഖുർജ എന്ന ഗ്രാമത്തിലാണ് ലക്കി ജനിച്ചത്. അവളുടെ പിതാവ് റോഹ്താഷ് സിംഗ് ചൗഹാന് പ്രോപ്പർട്ടി ഡീലറുടെ തൊഴിലായിരുന്നു. അമ്മ സുമൻ ലത ചൗഹാൻ അധ്യാപികയാണ്. കുട്ടിക്കാലം മുതൽ വളരെ മിടുക്കിയായ വിദ്യാർത്ഥിനി ആയിരുന്നു ലക്കി എന്ന് അവളുടെ പിതാവ് സാക്ഷ്യപ്പെടുത്തുന്നു.
12-ാം ക്ലാസിൽ ലക്കി സയൻസാണ് തെരഞ്ഞെടുത്തത്. തുടർന്ന് ഇംഗ്ലീഷ് സാഹിത്യത്തിലും ചരിത്രത്തിലും ബിരുദം നേടി. ബിരുദം പൂർത്തിയാക്കിയ ശേഷം ലക്കി അസിസ്റ്റന്റ് വെൽഫെയർ അഡ്മിനിസ്‌ട്രേറ്ററായി ജോലി ചെയ്യാൻ തുടങ്ങി. എന്നാൽ അവളുടെ സ്വപ്നം ഒരു ഐപിഎസ് ഓഫീസറാകുക എന്നായിരുന്നു. അതിനാൽ യുപിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ അവൾ തീരുമാനിച്ചു.
അങ്ങനെ ലക്കി സർക്കാർ ജോലിയ്‌ക്കൊപ്പം യുപിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ തുടങ്ങി. അവൾ കഠിനാധ്വാനം ചെയ്തു, ഒടുവിൽ മൂന്ന് വർഷത്തെ കഠിനാധ്വാനത്തിന് ശേഷം അവൾ തിരഞ്ഞെടുക്കപ്പെട്ടു. 2012ൽ അഖിലേന്ത്യാ തലത്തിൽ 246ാം റാങ്ക് കരസ്ഥമാക്കി ലക്കി ഐപിഎസ് ഓഫീസറായി. പരിശീലനത്തിനിടയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ലക്കിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) ത്രിപുര കേഡർ നൽകിയത്. സംസ്ഥാനത്ത് ഇതുവരെ നിരവധി സുപ്രധാന തസ്തികകളിൽ അവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.