ഹയർസെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കൻഡറി മൂല്യനിർണയം ജൂൺ ഒന്നുമുതൽ
ഹയർസെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 21 മുതൽ ജൂലൈ ഏഴുവരെ ക്രമീകരിക്കും.
തിരുവനന്തപുരം: 2021 മാർച്ചിലെ ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയ ക്യാമ്പുകൾ ജൂൺ ഒന്നിന് ആരംഭിച്ച് 19ന് പൂർത്തീകരിക്കുമെന്നും എസ്.എസ്.എൽ.സി/റ്റി.എച്ച്.എസ്.എൽ.സി പരീക്ഷകളുടെ മൂല്യനിർണയം ജൂൺ ഏഴിന് ആരംഭിക്കുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
ഹയർസെക്കൻഡറി വിഭാഗത്തിൽ 79 ക്യാമ്പുകളിലായി 26,447 അധ്യാപകരേയും വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എട്ടു ക്യാമ്പുകളിലായി 3031 അധ്യാപകരേയും മൂല്യനിർണയത്തിന് നിയോഗിച്ചിട്ടുണ്ട്. ഹയർസെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 21 മുതൽ ജൂലൈ ഏഴുവരെ ക്രമീകരിക്കും.
എസ്.എസ്.എൽ.സി/റ്റി.എച്ച്.എസ്.എൽ.സി പരീക്ഷകളുടെ മൂല്യനിർണയ ക്യാമ്പുകൾ ജൂൺ ഏഴിന് ആരംഭിച്ച് 16 പ്രവൃത്തിദിവസങ്ങൾ എടുത്ത് 25ന് പൂർത്തീകരിക്കും. എസ്.എസ്.എൽ.സി മൂല്യനിർണയത്തിന് 70 ക്യാമ്പുകളിലായി 12,512 അധ്യാപകരെയും റ്റി.എച്ച്.എസ്.എൽ.സി പരീക്ഷയുടെ മൂല്യനിർണയത്തിനായി രണ്ടു ക്യാമ്പുകളിലായി 92 അധ്യാപകരേയുമാണ് നിയോഗിച്ചിട്ടുള്ളത്. എസ്.എസ്.എൽ.സി/റ്റി.എച്ച്.എസ്.എൽ.സി പരീക്ഷകളുമായി ്ബന്ധപ്പെട്ട പ്രാക്ടിക്കൽ പരീക്ഷകൾ ഒഴിവാക്കാനാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona