Appointments : ഗവൺമെന്റ് പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ നിയമനം; സാക്ഷരതാമിഷൻ കോഴ്‌സുകൾ
ജില്ലാ ഗവൺമെന്റ് പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയിൽ നിലവിലുള്ള ഒഴിവിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
കോട്ടയം: ജില്ലാ ഗവൺമെന്റ് പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ (Government pleader and public prosecutor) തസ്തികയിൽ നിലവിലുള്ള ഒഴിവിൽ നിയമനം (Appointment) നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. 1978 ലെ കേരള ഗവൺമെന്റ് ലോ ഓഫീസേഴ്‌സ് (അപ്പോയിന്റ്‌മെന്റ് ആന്റ് കണ്ടീഷൻസ് ഓഫ് സർവീസസ്) ആൻഡ് കണ്ടക്ട് ഓഫ് കേസസ് ചട്ടങ്ങളിലെ വ്യവസ്ഥകൾക്കനുസരിച്ച് യോഗ്യതയുള്ള അഭിഭാഷകർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ വെള്ളക്കടലാസിൽ തയാറാക്കിയ ഫോട്ടോ പതിപ്പിച്ച അപേക്ഷയും യോഗ്യത, ജനനതീയതി, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഫെബ്രുവരി 26 ന് വൈകിട്ട് മൂന്നിനകം ജില്ലാ കളക്ടറുടെ കാര്യാലയത്തിൽ നൽകണം.
സാക്ഷരതാമിഷൻ കോഴ്‌സുകൾ; അപേക്ഷിക്കാം
കോട്ടയം: സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന പച്ച മലയാളം, ഗുഡ് ഇംഗ്ലീഷ്, അച്ഛീ ഹിന്ദി എന്നി സർട്ടിഫിക്കറ്റ് കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്‌സ് ഫീസ് 2500 രൂപ. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 10. പ്രോസ്‌പെക്ട്‌സ്, അപേക്ഷ ഫോറം, ബാങ്ക് ചെലാൻ എന്നിവ www.literacymissionKerala.org എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. വിശദ വിവരം ഗ്രാമപഞ്ചായത്ത്/ നഗരസഭകളിൽ പ്രവർത്തിക്കുന്ന തുടർ/ വികസന വിദ്യാകേന്ദ്രങ്ങളിലും കോട്ടയം വയസ്‌ക്കരക്കുന്നിൽ പ്രവർത്തിക്കുന്ന ജില്ലാ സാക്ഷരതാ മിഷൻ ഓഫീസിലും ലഭ്യമാണെന്ന് സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡോ.വി.വി. മാത്യു അറിയിച്ചു. ഫോൺ: 9447050515.
ദിവസവേതനാടിസ്ഥാനത്തിൽ നിയമനം
എറണാകുളം: മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ മെക്കാനിക്കൽ വിഭാഗത്തിലേക്ക് ഒഴിവുള്ള ട്രേഡ്‌സ്മാൻ (ഓട്ടോമൊബൈൽ, ഹൈഡ്രോലിക്‌സ്) തസ്തികയിൽ ദിവസവേതന നിയമനത്തിനായി ഓട്ടോമൊബൈൽ/ ഡീസൽ മെക്കാനിക്ക്, മെക്കാനിക്കൽ, സിവിൽ തുടങ്ങിയ ട്രേഡിൽ ഐ.ടി.ഐ/ വി.എച്ച്.എസ്.ഇ/ ടി.എച്ച്.എസ്.എൽ.സി/ കെ.ജി.സി.ഇ യോഗ്യതയും ഉള്ള ഉദ്യോഗാർഥികൾക്കും ഇലക്ട്രിക്കൽ ഡെമോൺസ്‌ട്രേറ്റർ തസ്തികയിലേക്ക് ദിവസവേതന നിയമനത്തിനായി ഇലക്ട്രിക്കൽ വിഭാഗത്തിൽ ഡിപ്ലോമ ഉള്ള ഉദ്യോഗാർഥികൾക്കും ആയി ഫെബ്രുവരി 21ന് രാവിലെ 11ന് എഴുത്തു പരീക്ഷയും കൂടിക്കാഴ്ചയും നടത്തും. യോഗ്യരായവരുടെ അഭാവത്തിൽ അനുബന്ധ വിഷയത്തിൽ ഉയർന്ന യോഗ്യതയുള്ളവരെയും പരിഗണിക്കും. കൂടിക്കാഴ്ച സമയത്ത് യോഗ്യത സർട്ടിഫിക്കറ്റ്, തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകർപ്പും കൊണ്ടു വരണം. കൂടുതൽ വിവരങ്ങൾക്ക്: 0487-2333290.