സ്കൂള്‍ ഉച്ചഭക്ഷണപദ്ധതി: സംസ്ഥാനത്തിന് 251 കോടി രൂപയുടെ കേന്ദ്ര ധനസഹായം
പാചകത്തൊഴിലാളികള്‍ക്കുള്ള ഓണറേറിയം, ഭക്ഷ്യധാന്യത്തിന്‍റെ കടത്തുകൂലി എന്നിവയിലെ അധികബാധ്യത കൂടി കണക്കിലെടുത്ത്, പദ്ധതിക്ക് 526 കോടി രൂപ ഇതിനോടകം സംസ്ഥാന ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
തിരുവനന്തപുരം: സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിന് ഈ അധ്യയന വർഷം കേന്ദ്രവിഹിതമായി 251.35 കോടി രൂപയും 68,262 മെട്രിക്ടണ്‍ ഭക്ഷ്യധാന്യവും സംസ്ഥാനത്തിന് ലഭിക്കും. ഇതു സംബന്ധിച്ച് സംസ്ഥാനം സമര്‍പ്പിച്ച വാര്‍ഷിക പദ്ധതിക്കും ബജറ്റ് പ്രൊപ്പോസലുകള്‍ക്കും കേന്ദ്ര സ്കൂള്‍ വിദ്യാഭ്യാസവും സാക്ഷരതയും വകുപ്പ് സെക്രട്ടറി അനിത കാര്‍വാള്‍ ഐ.എ.എസ് ന്‍റെ അധ്യക്ഷതയില്‍ മെയ് 18 ന് ചേര്‍ന്ന പ്രോഗ്രാം അപ്പ്രൂവല്‍ ബോര്‍ഡ് യോഗം അംഗീകാരം നല്‍കി.
സംസ്ഥാന മാന്‍ഡേറ്ററി വിഹിതമടക്കം ആകെ 394.15 കോടി രൂപയുടെ പദ്ധതി അടങ്കലിനാണ് പ്രോഗ്രാം അപ്പ്രൂവല്‍ ബോര്‍ഡ് യോഗം അംഗീകാരം നല്‍കിയത്. എന്നാല്‍, പാചകത്തൊഴിലാളികള്‍ക്കുള്ള ഓണറേറിയം, ഭക്ഷ്യധാന്യത്തിന്‍റെ കടത്തുകൂലി എന്നിവയിലെ അധികബാധ്യത കൂടി കണക്കിലെടുത്ത്, പദ്ധതിക്ക് 526 കോടി രൂപ ഇതിനോടകം സംസ്ഥാന ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
സ്കൂളുകളില്‍ അടുക്കള പച്ചക്കറി തോട്ടങ്ങള്‍ സ്ഥാപിക്കുന്നതിലും നല്ലനിലയില്‍ അവ പരിപാലിക്കുന്നതിലും സംസ്ഥാനം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് യോഗം വിലയിരുത്തി. പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ് ഐ.എ.എസ് ആണ് സംസ്ഥാനത്തിന് വേണ്ടി ബജറ്റ് അവതരിപ്പിച്ചത്. ഓണ്‍ലൈനായി നടന്ന യോഗത്തില്‍, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ജീവന്‍ബാബു.കെ ഐ.എ.എസ്, പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ സി.എ.സന്തോഷ് എന്നിവര്‍ പങ്കെടുത്തു.
സ്കൂളുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നത് വരെ, നിലവിലെ ഭക്ഷ്യഭദ്രതാ അലവന്‍സ് വിതരണം തുടരുവാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുള്ളത്. ഭക്ഷ്യധാന്യവും പാചകചെലവിന് അനുവദിക്കുന്ന തുകയ്ക്ക് നല്‍കുവാന്‍ കഴിയുന്ന അവശ്യ ഭക്ഷ്യ വസ്തുക്കളും ചേരുന്നതാണ് ഭക്ഷ്യഭദ്രതാ അലവന്‍സ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona