G R Anil : സേവനങ്ങൾ ജനങ്ങളിലെത്തിക്കാൻ ജീവനക്കാരും സ്മാർട്ടാകണം: മന്ത്രി ജി.ആർ അനിൽ
വകുപ്പിന്റെ സേവനങ്ങൾ പൊതുജനങ്ങൾക്ക് സമയബന്ധിതമായി ലഭ്യമാക്കാൻ ജീവനക്കാർക്ക് കഴിയണമെന്നു മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: ഭക്ഷ്യപൊതുവിതരണ (Civil Supplies Department) ഉപഭോക്തൃ വകുപ്പുകൾ സമ്പൂർണ്ണ ആധുനികവൽക്കരണത്തിന്റെ പാതയിലാണെന്നും ഇതിന്റെ ഭാഗമായി വകുപ്പിന്റെ എല്ലാ സേവനങ്ങളും സ്മാർട്ടായി മാറിക്കൊണ്ടിരിക്കുകയാണെന്നും ഓഫീസുകൾക്കൊപ്പം ജീവനക്കാരും സ്മാർട്ടാകണമെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ (G R Anil). ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ രണ്ടാം നൂറ് ദിന പരിപാടിയുടെ ഭാഗമായുള്ള സോഷ്യൽമീഡിയ ലാബിന്റെയും, മിനികോൺഫറൻസ് ഹാളിന്റെയും ഉദ്ഘാടനവും പരിഷ്‌കരിച്ച മാന്വലിന്റെ കരട് ഏറ്റ് വാങ്ങലും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വകുപ്പിന്റെ സേവനങ്ങൾ പൊതുജനങ്ങൾക്ക് സമയബന്ധിതമായി ലഭ്യമാക്കാൻ ജീവനക്കാർക്ക് കഴിയണമെന്നു മന്ത്രി പറഞ്ഞു. ഈ സർക്കാർ ചുമതലയേറ്റെടുത്ത ശേഷം 24 ലക്ഷം പരാതികളാണ് വകുപ്പിന് ലഭിച്ചത്. ഇതിൽ ബഹുഭൂരിപക്ഷം പരാതികളും പരിഹരിക്കാൻ കഴിഞ്ഞു എന്നത് വകുപ്പിന്റെ നേട്ടമാണ്. ഇതിൽ ജീവനക്കാരുടെ പങ്ക് വലുതാണെന്നും മന്ത്രി പറഞ്ഞു. സാധാരണക്കാർ നേരിട്ടു ബന്ധപ്പെടുന്ന വകുപ്പാണ് ഭക്ഷ്യപൊതുവിതരണ വകുപ്പ്. വകുപ്പിന്റെ ഉത്തരവുകളും അറിയിപ്പുകളും മുഴുവൻ ജനങ്ങളിലും എളുപ്പത്തിൽ ലഭ്യമാക്കാനുള്ള മാധ്യമമായി സോഷ്യൽ മീഡിയയെ ഉപയോഗിക്കാൻ കഴിയും.
SBI Recruitment : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ്; സ്പെഷലിസ്റ്റ് കേഡർ ഓഫീസർ 35 ഒഴിവുകൾ
ഈ ലക്ഷ്യത്തോടൊപ്പം മതിയായ മാധ്യമശ്രദ്ധ ലഭിക്കാതെ പോകുന്ന കൺസ്യൂമർ കോടതികൾ പുറപ്പെടുവിക്കുന്ന സുപ്രധാന വിധികളടക്കം ജനങ്ങളിൽ എത്തിക്കാനും സാമൂഹിക മാധ്യമങ്ങളിലൂടെ സാധിക്കും. വകുപ്പിന്റെ ഉത്തരവുകളും ഫോട്ടോകളും വിഡിയോകളും സൂക്ഷിക്കാൻ കഴിയുന്ന ഡിജിറ്റൽ ലൈബ്രറിയും ഇതിന്റെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്. ഈ രംഗത്ത് ഗവേഷണം നടത്തുന്ന വിദ്യാർഥികൾക്കടക്കം ഇത് ഗുണകരമാകുമെന്നും മന്ത്രി പറഞ്ഞു. വിവരസാങ്കേതികവിദ്യയുടെ സാധ്യത ഉപയോഗിച്ച് പൊതുജനങ്ങൾക്ക് ഗുണകരമായി എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന് റിസർച്ച് ചെയ്യുന്നതിനും സോഷ്യൽ മീഡിയ ലാബ് ഉപയോഗപ്പെടുത്താമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഇന്റേണൽ സെമിനാറുകൾ ഉൾപ്പെടെയുള്ള മീറ്റിങ്ങുകൾ, വർക്ക്‌ഷോപ്പുകൾ തുടങ്ങിയവ സംഘടിപ്പിക്കാൻ കഴിയുന്ന തരത്തിൽ സിവിൽ സപ്ലൈസ് കമ്മീഷണറേറ്റിൽ തയാറാക്കിയ മിനി കോൺഫറൻസ് ഹാളും മന്ത്രി ഉദ്ഘാടനം ചെയ്തു. നാലു പതിറ്റാണ്ടിനു ശേഷം സിവിൽ സപ്ലൈസ് മാന്വൽ പരിഷ്‌കരിക്കുകയാണെന്നും, മാന്വലിന്റെ കരട് സർക്കാരിലേക്ക് കൈമാറുമെന്നും മന്ത്രി പറഞ്ഞു. പുതിയ ഉപഭോക്തൃ സംരക്ഷണ നിയമം 2019, ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013 എന്നീ നിയമങ്ങളുടെ പശ്ചാത്തലത്തിലാണ് മാന്വൽ പരിഷ്‌കരിക്കേണ്ടിവന്നത്. പൊതുജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും ഒരു പോലെ ഫലപ്രദമാകുന്ന രീതിയിൽ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ വിവിധ സോഫ്റ്റ്‌വെയറുകളെക്കുറിച്ചും, കേരളത്തിന്റെ പൊതുവിതരണ ചരിത്രത്തെക്കുറിച്ചുമുള്ള സമഗ്രമായ വിവരങ്ങൾ ഈ മാന്വലിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.