ഇ-ശ്രം രജിസ്ട്രേഷൻ ഊര്‍ജിതമാക്കും; രജിസ്ട്രേഷൻ നടപടികൾ പൂർണ്ണമായും സൗജന്യം; ഡിസംബർ 30 അവസാന തീയതി
രജിസ്ട്രേഷന്‍ നടപടികള്‍ അക്ഷയകേന്ദ്രങ്ങള്‍, മറ്റ് പൊതു ഇ- സേവാ കേന്ദ്രങ്ങള്‍ എന്നിവ മുഖാന്തരം പൂര്‍ണമായും സൗജന്യമായിരിക്കും. അക്ഷയ കേന്ദ്രങ്ങളിലും മറ്റും രജിസ്ട്രേഷന്‍റെ പേരില്‍ കൂടുതല്‍ തുക ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടി സ്വീകരിക്കും.
എറണാകുളം: അസംഘടിത മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരുടെ (Employees) ദേശീയതലത്തിലുള്ള വിവരശേഖരണത്തിനും ഇതിലൂടെ കേന്ദ്രസര്‍ക്കാരിന്‍റെ വിവിധ സാമൂഹ്യക്ഷേമ പദ്ധതികള്‍ അസംഘടിത തൊഴിലാളികള്‍ക്ക് നേരിട്ട് ലഭ്യമാക്കുന്നതിനുമായുള്ള ഇ-ശ്രം രജിസ്ട്രേഷന്‍ (E-shram Registration) നടപടികള്‍ ജില്ലയില്‍ ഊര്‍ജിതമാക്കും. രജിസ്ട്രേഷന്‍ നടപടികള്‍ അക്ഷയകേന്ദ്രങ്ങള്‍, മറ്റ് പൊതു ഇ- സേവാ കേന്ദ്രങ്ങള്‍ എന്നിവ മുഖാന്തരം പൂര്‍ണമായും സൗജന്യമായിരിക്കും.
ജില്ലയിലെ രജിസ്ട്രേഷന്‍ നടപടികള്‍ ഊര്‍ ജിതമാക്കുന്നതിനായി അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ ലൈന്‍ യോഗത്തില്‍ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ക്ഷേമനിധി ബോര്‍ഡുകള്‍ എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അക്ഷയ കേന്ദ്രങ്ങളിലും മറ്റും രജിസ്ട്രേഷന്‍റെ പേരില്‍ കൂടുതല്‍ തുക ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടി സ്വീകരിക്കും.
16 മുതൽ 59 വയസ്സ് വരെ ഇൻകം ടാക്സ് അടയ്ക്കാൻ സാധ്യതയില്ലാത്തതും പി.എഫ് - ഇ.എസ്.ഐ ആനുകൂല്യങ്ങൾക്ക് അർഹതയില്ലാത്തതുമായ അസംഘടിത വിഭാഗം തൊഴിലാളികൾക്കായാണ് ഇ- ശ്രം രജിസ്ട്രേഷൻ. ആധാർ നമ്പർ, ആധാർ നമ്പറുമായി ബന്ധപ്പെടുത്തിയ ഫോൺ നമ്പർ അല്ലെങ്കിൽ ബയോമെട്രിക്ക് ഒതന്റിക്കേഷൻ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, മൊബൈൽ നമ്പർ എന്നിവ ഉപയോഗിച്ച് ഡിസംബർ 30നകം അക്ഷയ കേന്ദ്രങ്ങൾ, പോസ്റ്റ് ഓഫീസ്, www.eshram.gov.in എന്ന വെബ് സൈറ്റിലൂടെയോ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാം.
എറണാകുളം ജില്ലാ ലേബർ ഓഫീസിൽ ഇ ശ്രം രജിസ്ട്രേഷനായി പ്രത്യേക കേന്ദ്രം ആരംഭിച്ചു. കൂടാതെ അതിഥിത്തൊഴിലാളികൾക്കായുള്ള വിവിധ ക്യാമ്പുകൾ കേന്ദ്രീകരിച്ചും, പെരുമ്പാവൂരുള്ള പ്രത്യേക ഫെസിലിറ്റേഷൻ കേന്ദ്രത്തിലും രജിസ്ട്രേഷനായി സൗകര്യം ഒരുക്കിയിട്ടുണ്ട്. വിവിധ തൊഴിലാളി സംഘടനകൾ, വിവിധ സർക്കാർ വകുപ്പുകൾ, ക്ഷേമ ബോർഡുകൾ എന്നിവയുടെ ആഭിമുഖ്യത്തിൽ രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ നിർദ്ദേശം നൽകി. യോഗത്തിൽ അസി. ലേബര്‍ കമ്മീഷണര്‍ (സെന്‍ട്രല്‍) അനീഷ് രവീന്ദ്രന്‍, ജില്ലാ ലേബര്‍ ഓഫീസര്‍ പി.എം ഫിറോസ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, വിവിധ തൊഴിലാളി സംഘടനാ പ്രതിനിധികള്‍, വിവിധ ക്ഷേമബോര്‍ഡ് പ്രതിനിധികൾ എന്നിവര്‍ പങ്കെടുത്തു.