സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകള്‍ റദ്ദാക്കി; വിദ്യാർത്ഥി താല്‍പ്പര്യം മുൻനിര്‍ത്തി തീരുമാനമെന്ന് പ്രധാനമന്ത്രി
പ്രധാനമന്ത്രി വിളിച്ചുചേർത്ത യോഗത്തിലാണ് പരീക്ഷ വേണ്ടെന്ന കാര്യത്തിൽ ധാരണയായത്. പരീക്ഷ വേണ്ടെന്ന് വയ്ക്കാൻ തീരുമാനം എടുക്കുമ്പോൾ ബദൽ എന്തെന്ന കാര്യത്തിൽ സിബിഎസ്ഇയുടെ ഭാഗത്ത് നിന്ന് വിശദമായ മാർഗ്ഗനിർദ്ദേശം ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദില്ലി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയും ഐസിഎസ്ഇ പരീക്ഷയും റദ്ദാക്കി. പ്രധാനമന്ത്രി വിളിച്ചുചേർത്ത യോഗത്തിലാണ് പരീക്ഷ വേണ്ടെന്ന കാര്യത്തിൽ ധാരണയായത്. ഏറെ നാളത്തെ അനിശ്ചിതത്വത്തിനും ചർച്ചക്കും ഒടുവിലാണ് പരീക്ഷ വേണ്ടെന്ന് വയ്ക്കുന്നത്. വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും ഇക്കാര്യത്തിൽ ആശങ്ക അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി ഉന്നത തല യോഗത്തിൽ പറഞ്ഞു.
കൊവിഡ് വ്യാപനം രാജ്യത്ത് അതിരൂക്ഷമാണ്. ചില സംസ്ഥാനങ്ങളിൽ കൊവിഡ് കുറഞ്ഞ് വരുന്നുണ്ടെങ്കിലും മറ്റ് ചിലയിടങ്ങളിൽ ലോക് ഡൗൺ അടക്കമുള്ള സാഹചര്യം നിലവിലുണ്ട്. വിദ്യാര്‍ത്ഥികളുടെ സുരക്ഷയിൽ ഒരുതരത്തിലും വിട്ടുവീഴ്ച ചെയ്യാനാകില്ലെന്ന് വിലയിരുത്തിയാണ് പരീക്ഷ വേണ്ടെന്ന നിര്‍ണ്ണായക തീരുമാനം എടുക്കുന്നത്.
അതേ സമയം പരീക്ഷ വേണ്ടെന്ന് വയ്ക്കാനുള്ള തീരുമാനത്തിനോട് സമ്മിശ്ര വികാരം ആണ് വിദ്യാര്‍ത്ഥികളുടേയും രക്ഷിതാക്കളുടേയും ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. പരീക്ഷ വേണ്ടെന്ന് വയ്ക്കാൻ തീരുമാനം എടുക്കുമ്പോൾ ബദൽ എന്തെന്ന കാര്യത്തിൽ സിബിഎസ്ഇയുടെ ഭാഗത്ത് നിന്ന് വിശദമായ മാർഗ്ഗ നിർദ്ദേശം ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
9, 10, 11 ക്ലാസുകളിലെ ശരാശരി മാർക്ക് കണക്കാക്കി പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്ക് നിര്‍ണയിക്കുന്നത് അടക്കമുള്ള ക്രമീകരണങ്ങളാണ് നിലവിൽ ചര്‍ച്ചകളിൽ ഉള്ളത്. ഉപരിപഠനത്തിനുള്ള അവസരങ്ങളിൽ പിന്തള്ളപ്പെട്ട് പോകുമോ എന്നത് അടക്കമുള്ള ആശങ്ക വിദ്യാര്‍ത്ഥികൾക്ക് ഇടയിലും ഉണ്ട്. ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരം നഷ്ടമാകരുതെന്നും അതിൽ പിന്തള്ളപ്പെട്ട് പോകരുതെന്നും അടക്കമുള്ള ആശങ്കകളും പരിഗണിച്ചേ തീരുമാനം ഉണ്ടാകാവൂ എന്ന തരത്തിലും ചര്‍ച്ചകൾ സജീവമാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona