V Sivankutty : സ്കൂൾ തുറക്കുന്നതിന് മുൻപ് പാഠപുസ്തക വിതരണം പൂർത്തിയാക്കും: മന്ത്രി വി. ശിവൻകുട്ടി
എസ്.എസ്.എൽ.സി. പരീക്ഷാ ഫലം ജൂൺ 15ന് പ്രഖ്യാപിക്കുമെന്നും കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല മുൻപെങ്ങുമില്ലാത്ത വിധം ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട്: ജൂൺ ഒന്നിന് സ്കൂളുകൾ (School Opening) തുറക്കുന്നതിനു മുമ്പായി (Students) മുഴുവൻ വിദ്യാർത്ഥികളുടെയും കൈകളിൽ പാoപുസ്തകങ്ങളെത്തിക്കുമെന്ന് പൊതുവിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി (V Sivankutty) വി. ശിവൻകുട്ടി പറഞ്ഞു. കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് ഗവ. എൽ.പി സ്കൂളിൽ പുതുതായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. എസ്.എസ്.എൽ.സി. പരീക്ഷാ ഫലം ജൂൺ 15ന് പ്രഖ്യാപിക്കുമെന്നും കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല മുൻപെങ്ങുമില്ലാത്ത വിധം ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണന്നും മന്ത്രി പറഞ്ഞു.
ഗ്രാമപ്രദേശങ്ങളിലെ സ്കൂളുകളുടെ അത്യാധുനിക നിലവാരത്തിലുള്ള വികസനത്തിന് കൂടുതൽ ഊന്നൽ നൽകും. സ്കൂളുകളിലെ ഉച്ചഭക്ഷണ രീതിയിൽ കൂടുതൽ മാറ്റം വരുത്തി സ്കൂൾ ഹെഡ്മാസ്റ്റർമാർക്ക് ബാധ്യതയില്ലാതെ മെച്ചപ്പെടുത്തുന്നത് പരിഗണനയിലാണെന്നും 7077 സ്കൂളിലെ 9,58,060 വിദ്യാർത്ഥികൾക്കുള്ള സ്കൂൾ യൂണിഫോം വിതരണം നാളെ (മേയ് 6) ഉദ്ഘാടനം ചെയ്യുമെന്നും 120 കോടി രൂപയാണ് ഇതിനായി ചെലവിടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. സ്കൂളുകളുടെ സൗകര്യ സംരക്ഷണത്തിനായി പൂർവ്വ വിദ്യാർഥി സംഘടനകൾക്ക് സർക്കാർ അംഗീകാരം നൽകും. കൂടാതെ പി.ടി.എ മാനദണ്ഡങ്ങൾ പരിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു.
പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന സ്കൂളായ ആനയാംകുന്ന് ഗവ. എൽ.പി സ്കൂളിന്റെ വികസനത്തിനായി മുൻ എം.എൽ.എ ജോർജ് എം. തോമസിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 1.75 കോടി രൂപയാണ് ചെലവഴിച്ചത്. അത്യാധുനിക സംവിധാനങ്ങളോടെ ഇരുനിലകളിലായി 11 ക്ലാസ് മുറികൾ, സ്റ്റാഫ് റൂം, ശുചിമുറികൾ എന്നിവയാണുള്ളത്. ചടങ്ങിൽ ലിന്റോ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. സ്മിത, മുൻ എം.എൽ.എ ജോർജ് എം. തോമസ്, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആമിന എടത്തിൽ, ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ വി.പി. ജമീല വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധlച്ചു.