ഓണക്കാലത്ത് കൈറ്റ് വിക്ടേഴ്‌സിൽ സംപ്രേഷണത്തിന് ലഘു വീഡിയോകൾ ക്ഷണിച്ചു
പരമാവധി മൂന്നു മിനിറ്റ് ദൈർഘ്യത്തിൽ ഓണപ്പാട്ടുകളും കവിതകളുമെല്ലാം അയക്കാം. വീഡിയോകൾ എച്ച്.ഡി. ഗുണനിലവാരമുള്ളതും ശബ്ദവ്യക്തത ഉള്ളതുമായിരിക്കണം. മൊബൈലിലാണെങ്കിൽ തിരശ്ചീനമായി ഷൂട്ട് ചെയ്തതാവണം.
തിരുവനന്തപുരം: ആഗസ്റ്റ് 19 മുതൽ 23 വരെ അഞ്ചു ദിവസം കൈറ്റ് വിക്ടേഴ്‌സിൽ പൊതുപരിപാടികളോടൊപ്പം ഇടക്കിടെ സംപ്രേഷണം ചെയ്യാനായി കുട്ടികൾക്കുവേണ്ടി തയ്യാറാക്കിയതോ, കുട്ടികൾ അവതരിപ്പിക്കുന്നതോ ആയ ലഘു വീഡിയോകൾ ക്ഷണിച്ചു. പരമാവധി മൂന്നു മിനിറ്റ് ദൈർഘ്യത്തിൽ ഓണപ്പാട്ടുകളും കവിതകളുമെല്ലാം അയക്കാം. വീഡിയോകൾ എച്ച്.ഡി. ഗുണനിലവാരമുള്ളതും ശബ്ദവ്യക്തത ഉള്ളതുമായിരിക്കണം. മൊബൈലിലാണെങ്കിൽ തിരശ്ചീനമായി ഷൂട്ട് ചെയ്തതാവണം.
വീഡിയോകൾ kitevictersfb@gmail.com ൽ (ഗൂഗിൾ ഡ്രൈവിൽ) ബുധനാഴ്ച (ആഗസ്റ്റ് 18) ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് മുൻപ് അയക്കണം. അയക്കുന്ന വ്യക്തികളുടെ പേരും വിലാസവും മൊബൈൽ നമ്പറും (സ്‌കൂളുകളാണെങ്കിൽ സ്‌കൂളിന്റെ പേരും നമ്പരും) ഉൾപ്പെടെ സംപ്രേഷണാവകാശം കൈറ്റിന് നൽകിക്കൊണ്ടായിരിക്കണം അയക്കേണ്ടത്. ഗുണനിലവാരവും ദൈർഘ്യവുമുൾപ്പെടെ പരിശോധിച്ച് ആയിരിക്കും സംപ്രേഷണയോഗ്യമായവ തെരഞ്ഞെടുക്കുന്നത്. ആവശ്യമെങ്കിൽ അയക്കുന്നവരെ നേരിൽ ബന്ധപ്പെടും. കൈറ്റിലേയ്ക്ക് തുടർഅന്വേഷണങ്ങൾ നടത്തേണ്ടതില്ല. സംപ്രേഷണക്കാര്യത്തിൽ കൈറ്റിന്റെ തീരുമാനം അന്തിമമായിരിക്കും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona