സോഷ്യല്‍ സ്റ്റോക്ക് എക്സ്ചേഞ്ച്: പരിസ്ഥിതി, ജലം, ഗ്രാമ വികസനം, ആരോഗ്യം തുടങ്ങിയവയ്ക്ക് വന്‍ നേട്ടമാകും
സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) കീഴിലാകും സോഷ്യല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ പ്രവര്‍ത്തനം. സാധാരണ സ്റ്റോക്ക് എക്സ്ചേഞ്ചുകളുടെ പ്രവര്‍ത്തന മാതൃകയില്‍ സാമൂഹിക സംഘടനകള്‍ക്കും എന്‍ജിഒകള്‍ക്കും ഇതില്‍ രജിസ്റ്റര്‍ ചെയ്യാം. ഓഹരികള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യാം.
ദില്ലി: സിംഗപ്പൂര്‍ ഇംപാക്ട് ഇന്‍വെസ്റ്റ്മെന്‍റ് എക്സചേഞ്ച് ഏഷ്യയുടെയും ലണ്ടന്‍ സോഷ്യല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് മാതൃകയിലും ഇന്ത്യയിലും സോഷ്യല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച പ്രഖ്യാപനം ഇന്നലെ ധനമന്ത്രി നിര്‍മല സീതാരാമന്‍ നടത്തി.
രാജ്യം സാമ്പത്തികമായി മുന്നേറുന്നതിനൊപ്പം സമഗ്ര മുന്നേറ്റം ലക്ഷ്യമിട്ടുളള സാമൂഹിക മാറ്റവും വരേണ്ടതുണ്ടെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ഇത് രാജ്യത്തെ സാമൂഹിക സേവന പദ്ധതികള്‍ക്ക് ഏറെ സഹായകരമായ പ്രഖ്യാപനമാണ്. ഇതിലൂടെ സാമൂഹിക സേവന മേഖല ഇപ്പോള്‍ നേരിടുന്ന ധനപ്രതിസന്ധി വലിയൊരളവ് വരെ പരിഹരിക്കാനാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) കീഴിലാകും സോഷ്യല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ പ്രവര്‍ത്തനം. സാധാരണ സ്റ്റോക്ക് എക്സ്ചേഞ്ചുകളുടെ പ്രവര്‍ത്തന മാതൃകയില്‍ സാമൂഹിക സംഘടനകള്‍ക്കും എന്‍ജിഒകള്‍ക്കും ഇതില്‍ രജിസ്റ്റര്‍ ചെയ്യാം. ഓഹരികള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യാം.
സാമ്പത്തിക ലാഭം ലക്ഷ്യമിടാതെ സാമൂഹിക സംഘടനകളില്‍ നിക്ഷേപം നടത്താന്‍ അവസരം ലഭിക്കുമെന്നതാണ് ഇതിന്‍റെ ഏറെ ആകര്‍ഷകമായ കാര്യം. ഇന്ത്യയിലെ അവികസിത രംഗങ്ങള്‍ക്ക് കൂടുതല്‍ പണം ലഭിക്കാന്‍ മുന്നേറ്റം ഉണ്ടാകാനും സഹായകരമാണ് സോഷ്യല്‍ സ്റ്റേക്ക് എക്സ്ചേഞ്ച്. പ്രധാനമായും പരിസ്ഥിതി, ജലം, ഗ്രാമ വികസനം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ നേട്ടം ഉണ്ടാകാന്‍ എക്സ്ചേഞ്ചിന്‍റെ പ്രവര്‍ത്തനം സഹായകരമാകും.