എണ്ണവില കുറയും, സാമ്പത്തിക മുന്നേറ്റം മുഖ്യലക്ഷ്യം: കേന്ദ്ര സര്‍ക്കാരിന്‍റെ സാമ്പത്തിക സര്‍വേ പറയുന്നത് ..
വിദേശ നിക്ഷേപത്തിന് പ്രോത്സാഹനം നല്‍കുമെന്നതിന്‍റെ സൂചനകളാണ് സാമ്പത്തിക സര്‍വേ മുന്നോട്ടുവയ്ക്കുന്നത്. 2019-20 ല്‍ എണ്ണവിലയില്‍ കുറവുണ്ടാകുമെന്ന് റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.
നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യം വളര്‍ച്ച നിരക്ക് ഉയര്‍ത്തുമെന്നതിന്‍റെ സൂചനകളാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ബജറ്റിന് മുന്നോടിയായുളള സാമ്പത്തിക സര്‍വേ നല്‍കുന്നത്. ഏപ്രില്‍ ഒന്നിന് തുടങ്ങിയ 2019- 20 സാമ്പത്തിക വര്‍ഷം രാജ്യം ഏഴ് ശതമാനം വളര്‍ച്ച നിരക്ക് കൈവരിക്കുമെന്നാണ് സര്‍വേ റിപ്പോര്‍ട്ട് പറയുന്നത്. 2019 ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം രാജ്യത്തിന്‍റെ വളര്‍ച്ച നിരക്ക് 6.8 ശതമാനമായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ച നിരക്കായിരുന്നു ഇത്.
നടപ്പ് സാമ്പത്തിക വര്‍ഷം ഈ തളര്‍ച്ചയില്‍ നിന്ന് ഇന്ത്യന്‍ സമ്പദ്‍ഘടന തിരിച്ചുവരുമെന്നാണ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യം തയ്യാറാക്കിയ സാമ്പത്തിക സര്‍വേ പറയുന്നത്. രാഷ്ട്രീയ സ്ഥിരത സമ്പദ്‍ഘടനയുടെ ഉണര്‍വിന് കാണമാകുമെന്നും നിക്ഷേപ പ്രവര്‍ത്തനങ്ങളിലുണ്ടാകുന്ന വളര്‍ച്ച അതിന് കരുത്ത് പകരുമെന്നും സാമ്പത്തിക സര്‍വേയില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ശരിക്കും റിസര്‍വ് ബാങ്കിന്‍റെ പ്രതീക്ഷിത വളര്‍ച്ച നിരക്കിന് സമാനമായ നിരക്കാണ് സാമ്പത്തിക സര്‍വേയിലുടെ കേന്ദ്ര സര്‍ക്കാരും മുന്നോട്ടുവയ്ക്കുന്നത്. നേരത്തെ 7.2 ശതമാനം വളര്‍ച്ചാ നിരക്കാണ് റിസര്‍വ് ബാങ്ക് പറഞ്ഞിരുന്നത്. എന്നാല്‍, ജൂണില്‍ 20 ബേസിസ് പോയിന്‍റ്സ് കുറച്ച് പ്രതീക്ഷ നിരക്ക് ഏഴിലേക്ക് എത്തിക്കുകയായിരുന്നു.
എണ്ണവില കുറയും...!
ആഗോള തലത്തില്‍ യുഎസ്- ചൈന വ്യാപാര യുദ്ധവും, ഇറാന്‍ ക്രൂഡ് പ്രതിസന്ധിയും ഉള്‍പ്പടെയുളളവ ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥയില്‍ വലിയ സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്. വ്യാപാര പ്രതിസന്ധികള്‍ ഇന്ത്യയുടെ കയറ്റുമതിയെ പ്രതികൂലമായി ബാധിച്ചേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ മൂന്ന് പണനയ അവലോകന യോഗങ്ങളിലായി റിസര്‍വ് ബാങ്ക് 25 ബേസിസ് പോയിന്‍റുകള്‍ വീതം റിപ്പോ നിരക്ക് വെട്ടിക്കുറച്ചിരുന്നു ഇത് ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥയുടെ വളര്‍ച്ച നിരക്കിന് ഏറെ സഹായകരമാണ്. 2025 ല്‍ അഞ്ച് ട്രില്യണ്‍ യുഎസ് ഡോളര്‍ ശേഷിയുളള സമ്പദ്‍ഘടനയായി ഇന്ത്യയെ വളര്‍ത്തിയെടുക്കാന്‍ പരിഷ്കാരങ്ങള്‍ തുടരുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇതിനായി ഇന്ത്യ എട്ട് ശതമാനം എന്ന നിരക്കില്‍ വളരേണ്ടതുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
വിദേശ നിക്ഷേപത്തിന് പ്രോത്സാഹനം നല്‍കുമെന്നതിന്‍റെ സൂചനകളാണ് സര്‍വേ മുന്നോട്ടുവയ്ക്കുന്നത്. 2019-20 ല്‍ എണ്ണ വിലയില്‍ കുറവുണ്ടാകുമെന്ന് റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. സമ്പദ്‍വ്യവസ്ഥയ്ക്ക് കരുത്ത് പകരേണ്ട മണ്‍സൂണ്‍ ഇപ്രാവശ്യം മികച്ചതാകുമെന്നും സര്‍വേ റിപ്പോര്‍ട്ട് പ്രതീക്ഷ പ്രകടിപ്പിക്കുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം കൃഷി, ഫിഷറീസ് മേഖലകള്‍ 2.9 ശതമാനം വളര്‍ച്ച നിരക്ക് പ്രകടിപ്പിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു . സൂക്ഷ്മ - ചെറുകിട - ഇടത്തരം വ്യവസായ മേഖലകളെ തൊഴില്‍ സൃഷ്ടിയുടെയും വളര്‍ച്ചയുടെയും പുതിയ ആശയങ്ങളുടെയും ഉറവിടമായാണ് സര്‍വേ കണക്കാക്കുന്നത്.
കറന്‍റ് അക്കൗണ്ട് കമ്മി കൂടി
2017-18 നെ അപേക്ഷിച്ച് 2018-19 ല്‍ കറന്‍റ് അക്കൗണ്ട് കമ്മിയില്‍ വര്‍ധന ഉണ്ടായതായി സാമ്പത്തിക സര്‍വേയില്‍ വലിയിരുത്തുന്നു. ഇതിന് പ്രധാന കാരണമായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത് ക്രൂഡ് ഓയില്‍ വില വര്‍ധനയാണ്. മുന്‍ വര്‍ഷത്തെക്കാള്‍ ബാരലിന് 14 ഡോളറാണ് 2018-19 ല്‍ ക്രൂഡിന്‍റെ വില കൂടിയത്. ഈ സാമ്പത്തിക വര്‍ഷം കറന്‍റ് അക്കൗണ്ട് കമ്മി കുറയുമെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. ഇന്ത്യ ലോകത്തെ ഏറ്റവും വേഗതയില്‍ വളരുന്ന സമ്പദ്‍ഘടനയായി തുടരുമെന്നും സര്‍വേ വ്യക്തമാക്കുന്നു.
ഞങ്ങളുടെ ടീം ഇതിനായി ഒരുപാട് ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ചു. ഞാന്‍ പ്രതീക്ഷിക്കുന്നത് ഫലം നല്ലതാകുമെന്നാണ്. സമ്പദ്‍ഘടനയ്ക്കായി മികച്ച ആശയങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ തയ്യാറാണ്. സര്‍വ്വശക്തന്‍റെ അനുഗ്രഹം ഒപ്പമുണ്ടാകുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.