'അതിനാല്‍ നമ്മുടെ ഷോയും സ്‌റ്റോപ്പ് ചെയ്യുന്നു'; ബിഗ് ബോസ് അവസാനിപ്പിക്കുന്നത് പ്രഖ്യാപിച്ച് മോഹന്‍ലാല്‍
'ഞാന്‍ വന്നിരിക്കുന്നത് വളരെ സീരിയസ് ആയിട്ട് ഒരു കാര്യം പറയാനാണ്. ഞാന്‍ കഴിഞ്ഞയാഴ്ച വന്നപ്പോള്‍ സംസാരിച്ച ഒരു വിഷയമുണ്ട്. കൊവിഡ് 19 നെക്കുറിച്ച്. ചൈനയില്‍ നിന്ന് തുടങ്ങിയ ആ രോഗാവസ്ഥയില്‍ ലോകത്ത് ഒരുപാട് ആളുകള്‍ മരിച്ചുപോയി..'
ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് അവസാനിപ്പിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് മത്സരാര്‍ഥികളോട് വിശദീകരിച്ച് മോഹന്‍ലാല്‍. ഇതുവരെ വാരാന്ത്യ എപ്പിസോഡുകളില്‍ ലൈവ് സ്‌ക്രീനില്‍ക്കൂടിയാണ് മോഹന്‍ലാല്‍ ഹൗസിലുള്ളവരുമായി സംവദിച്ചിരുന്നതെങ്കില്‍ ഇന്നത്തെ സവിശേഷ സാഹചര്യത്തില്‍ അദ്ദേഹം ഹൗസിനുള്ളിലേക്ക് നേരിട്ടെത്തി. ലോകം മുഴുവന്‍ കൊവിഡ് 19 ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബിഗ് ബോസ് ചിത്രീകരണവും തുടരാനാവാത്ത സൗഹചര്യമാണ് നിലവിലുള്ളതെന്ന് അദ്ദേഹം മത്സരാര്‍ഥികളോട് വിശദീകരിച്ചു.
'ഞാന്‍ വന്നിരിക്കുന്നത് വളരെ സീരിയസ് ആയിട്ട് ഒരു കാര്യം പറയാനാണ്. ഞാന്‍ കഴിഞ്ഞയാഴ്ച വന്നപ്പോള്‍ സംസാരിച്ച ഒരു വിഷയമുണ്ട്. കൊവിഡ് 19 നെക്കുറിച്ച്. ചൈനയില്‍ നിന്ന് തുടങ്ങിയ ആ രോഗാവസ്ഥയില്‍ ലോകത്ത് ഒരുപാട് ആളുകള്‍ മരിച്ചുപോയി. ഇന്ത്യയില്‍ ഭാഗ്യത്തില്‍ മരണസംഖ്യ കുറവാണ്. പക്ഷേ ഇനിയുള്ള ദിവസങ്ങള്‍ നിര്‍ണായകമാണ്. നിങ്ങള്‍ ഇത് അറിയുന്നില്ല. അതുകൊണ്ട് പറയുന്നതാണ്. ലോക സമ്പദ് വ്യവസ്ഥ തകര്‍ന്നുകൊണ്ടിരിക്കുകയാണ്. ലോകത്തെ ഏറ്റവും വലിയ ഗെയിംസുകള്‍, ഷോകള്‍ എല്ലാം മാറ്റിവച്ചു. ലോകത്ത് രണ്ട് ലക്ഷത്തിനടുത്ത് ആളുകളെ കൊവിഡ് 19 ബാധിച്ചിട്ടുണ്ട്. നമ്മുടെ തീയേറ്ററുകള്‍ എല്ലാം അടച്ചു. ഷൂട്ടിംഗ് ഒന്നുമില്ല. എല്ലാം നിര്‍ത്തിവെക്കുകയാണ്. അങ്ങനെ വരുമ്പോള്‍ നമ്മുടെ ഷോയും സ്‌റ്റോപ്പ് ചെയ്യേണ്ടിവരും', മോഹന്‍ലാല്‍ വിശദീകരിച്ചു.
കൊവിഡ് 19 സാഹചര്യത്തില്‍ ബിഗ് ബോസ് നിര്‍ത്തിവെക്കുകയാണെന്ന വസ്തുതയോട് മത്സരാര്‍ഥികളെല്ലാവരും തന്നെ പോസിറ്റീവ് ആയാണ് പ്രതികരിച്ചത്. ലോകമലയാളികള്‍ ഏറ്റെടുത്ത ഒരു ഷോ ഇങ്ങനെ നിര്‍ത്തേണ്ടിവരുന്നതില്‍ സങ്കടമുണ്ടെന്നും എന്നാല്‍ നിലവില്‍ മറ്റ് വഴികളില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഇപ്പോഴുള്ള പത്ത് പേരെയും വിജയികളായാണ് താന്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും ട്രോഫികള്‍ സമ്മാനിച്ച്, ഒപ്പം നിന്ന് കേക്ക് മുറിച്ച്, സെല്‍ഫിയുമെടുത്താണ് മോഹന്‍ലാല്‍ ബിഗ് ബോസ് ഹൗസ് വിട്ടത്.
കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ തങ്ങളുടെ പ്രൊഡക്ഷനുകള്‍ നിര്‍ത്തിവെക്കുകയാണെന്ന് ബിഗ് ബോസ് നിര്‍മ്മാതാക്കളായ എന്‍ഡെമോള്‍ ഷൈന്‍ ഇന്ത്യ നേരത്തേ കുറിപ്പിലൂടെ അറിയിച്ചിരുന്നു. പിന്നാലെ ഏഷ്യാനെറ്റും സാഹചര്യം വിശദീകരിച്ച് രംഗത്തെത്തിയിരുന്നു. ഒട്ടേറെ അപ്രതീക്ഷിതത്വങ്ങളും ഡ്രാമയും നിറഞ്ഞുനിന്ന ഒരു സീസണിനാണ് ഇന്നത്തെ എപ്പിസോഡിലൂടെ വിരാമമാകുന്നത്.