അമ്പരപ്പിക്കുന്നൊരു മോഡലുമായി റോയല്‍ എൻഫീല്‍ഡ്!
ഇന്റെര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 എന്നിവയ്ക്ക് ശേഷം കരുത്തുറ്റ മറ്റൊരു മോഡലുമായി ഐക്കണിക്ക് ബ്രാന്‍ഡ് എത്തുന്നത്. കണ്‍സെപ്റ്റ് KX എന്ന പേരിലാണ് അമ്പരപ്പിക്കുന്ന തരത്തിലുള്ളൊരു മോട്ടോര്‍ സൈക്കിളിനെ റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിച്ചത്.
കരുത്തും പ്രൗഡിയും കൊണ്ട് ഇരുചക്ര വാഹനപ്രേമികളുടെ നെഞ്ചകത്താണ് റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുടെ സ്ഥാനം. ഇതു കമ്പനിക്കുമറിയാം. അതുകൊണ്ട് തന്നെയാകണം ഇന്റെര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 എന്നിവയ്ക്ക് ശേഷം കരുത്തുറ്റ മറ്റൊരു മോഡലുമായി ഐക്കണിക്ക് ബ്രാന്‍ഡ് എത്തുന്നത്. കണ്‍സെപ്റ്റ് KX എന്ന പേരിലാണ് അമ്പരപ്പിക്കുന്ന തരത്തിലുള്ളൊരു മോട്ടോര്‍ സൈക്കിളിനെ റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിച്ചത്. ഇറ്റലിയില്‍ നടന്നുകൊണ്ടിരിക്കുന്ന മിലന്‍ മോട്ടോര്‍ സൈക്കിള്‍ ഷോയിലായിരുന്നു പുതിയ ട്വിന്‍ സിലിണ്ടര്‍ എന്‍ജിനിലുള്ള കണ്‍സെപ്റ്റ് മോഡല്‍ KXന്‍റെ അവതരണം.
1938ല്‍ പുറത്തിറങ്ങിയ റോയല്‍ എന്‍ഫീല്‍ഡ് കെഎക്‌സ് ബൈക്കുകളോട് സാമ്യമുള്ളതാണ് കണ്‍സെപ്റ്റ് കെഎക്സും. റോയല്‍ എന്‍ഫീല്‍ഡ് നിരയിലെ ഏറ്റവും കരുത്തുറ്റ 838 സിസി ലിക്വിഡ് കൂള്‍ഡ് എഞ്ചിനുമായാണ് വാഹനത്തിന്‍റെ വരവ്. 1140 സിസി ട്വിന്‍ എന്‍ജിനായിരുന്നു പഴയ കെഎക്‌സിന്‍റെ ഹൃദയം.
എന്നാല്‍ കണ്‍സെപ്റ്റ് KXന്‍റെ മെക്കാനിക്കല്‍ ഫീച്ചേഴ്‌സ് സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി വ്യക്തമാക്കിയിട്ടില്ല. റെട്രോ ലുക്കില്‍ ബ്ലാക്ക്-ബ്രോണ്‍സ് ഫിനിഷില്‍ ഗ്രീന്‍-കോപ്പര്‍ പെയിന്റ് സ്‌കീമിലാണ് പുതിയ കെഎല്‍സിന്റെ ഡിസൈന്‍. സിംഗിള്‍ ലെതര്‍ സീറ്റ്, ഡ്യുവല്‍ എക്‌സ്‌ഹോസ്റ്റ്, വലിയ ടയറുകള്‍, സ്‌പോര്‍ട്ടി ടാങ്ക്-ഹെഡ്‌ലൈറ്റ് എന്നിവ പുതിയ കെഎക്‌സിന് കരുത്തന്‍ പരിവേഷം നല്‍കുന്നു.
ഇന്ത്യയിലും ബ്രിട്ടണിലുമായിട്ടായിരുന്നു ഈ ബൈക്കിന്‍റെ രൂപകല്‍പന. 2017 മാര്‍ച്ച് മുതലാണ് കെഎക്‌സിനുള്ള ജോലികള്‍ കമ്പനി ആരംഭിച്ചത്. ആഢംബര മോട്ടോര്‍ സൈക്കിളുകളിലെ അവസാന വാക്ക് എന്ന ടാഗ് ലൈനിലാണ് പുതിയ KXനെ കമ്പനി പ്രദര്‍ശിപ്പിച്ചത്. അതേസമയം ഇതിന്റെ പ്രൊഡക്ഷന്‍ മോഡല്‍ വാണിജ്യാടിസ്ഥാനത്തില്‍ നിരത്തിലെത്തുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.