Asianet News MalayalamAsianet News Malayalam

ടാറ്റയുടെഇലക്ട്രിക്ക് കാർ വില കുത്തനെ കുറയും, നടപ്പാക്കാനൊരുങ്ങന്നത് ഈ പ്ലാൻ

എംജി മോട്ടോർ ഇന്ത്യയുടെ മാതൃകയിൽ 'ബാറ്ററി-ആസ്-എ-സർവീസ്' (ബാസ്) മോഡൽ അവതരിപ്പിക്കാൻ ടാറ്റയും  പദ്ധതിയിടുന്നു. ഇതോടെ ബാറ്ററിയുടെ വില ഇലക്ട്രിക് കാറിന്‍റെ വിലയിൽ നിന്ന് ഒഴിവാകും. അങ്ങനെ വന്നാൽ ടാറ്റയുടെ ഇലക്ട്രിക്ക് കാറുകൾക്ക് വൻ വിലക്കുറവും ലഭിക്കും

Tata Motors plans to introduce Battery as a Service for their electric cars
Author
First Published Oct 21, 2024, 2:55 PM IST | Last Updated Oct 21, 2024, 2:55 PM IST

ടാറ്റ മോട്ടോഴ്‌സ് ഉടൻ തന്നെ ഇലക്ട്രിക് കാറുകളുടെ വില 30 ശതമാനം വരെ കുറച്ചേക്കും എന്ന് റിപ്പോര്‍ട്ട്. ഇതിനായി എംജി മോട്ടോർ ഇന്ത്യയുടെ മാതൃകയിൽ 'ബാറ്ററി-ആസ്-എ-സർവീസ്' (ബാസ്) മോഡൽ അവതരിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ടുകൾ. ഈ പദ്ധതി അനുസരിച്ച് ബാറ്ററിയുടെ വില ഇലക്ട്രിക് കാറിന്‍റെ വിലയിൽ നിന്ന് ഒഴിവാകും.

വ്യവസായ വിദഗ്ധരുടെ അഭിപ്രായത്തിൽ, ബാറ്ററികൾ പ്രത്യേകം വാടകയ്‌ക്കെടുക്കുന്ന ഈ പദ്ധതി നടപ്പിലാക്കിയാൽ ടാറ്റയുടെ ഇലക്ട്രിക് വാഹനങ്ങളുടെ വില രണ്ടുലക്ഷം മുതൽ 3.5 ലക്ഷം വരെ കുറയും. ഇതോടെ വാഹനത്തിൻ്റെ വിലയും ബാറ്ററിയുടെ വാടകയും മാത്രമേ ഉപഭോക്താക്കൾ നൽകേണ്ടിവരൂ. നിലവിൽ, ടാറ്റ മോട്ടോഴ്‌സിൻ്റെ ഇലക്ട്രിക് ശ്രേണിയിൽ ടിയാഗോ ഇവി, പഞ്ച് ഇവി, നെക്‌സോൺ ഇവി, കർവ് ഇവി എന്നിവ ഉൾപ്പെടുന്നു.

ബാറ്ററി-ആസ്-എ-സർവീസ് മോഡലിലൂടെ വിപണിയിൽ തങ്ങളുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്താൻ കഴിയുമെന്നാണ് ടാറ്റ മോട്ടോഴ്‌സ് പ്രതീക്ഷിക്കുന്നത്. ബാറ്ററികൾ വാടകയ്‌ക്കെടുക്കുന്നതിലൂടെ, ഇലക്ട്രിക് വാഹനങ്ങളുടെ എക്‌സ്-ഷോറൂം വില 25 ശതമാനം മുതൽ 30 ശതമാനം വരെ കുറയും. ഇത് കൂടുതൽ കൂടുതൽ ഉപഭോക്താക്കളെ ഈ വാഹനങ്ങൾ വാങ്ങാൻ പ്രേരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകൾ.

കമ്പനി ഉടൻ തന്നെ ഈ പദ്ധതി അവതരിപ്പിക്കാനുള്ള സാധ്യത ശക്തമാണെന്നാണ് റിപ്പോര്‍ട്ടുകൾ. ടാറ്റയുടെ ഉപഭോക്താക്കൾ ഈ മോഡൽ സ്വീകരിക്കാൻ തയ്യാറാണെന്നും കമ്പനി കരുതുന്നു. കാരണം ഇത് അവർക്ക് ഡ്രൈവ് ചെയ്യാനുള്ള സാമ്പത്തിക ഓപ്ഷൻ നൽകുന്നു. ഇന്ത്യയിലെ ആദ്യത്തെ 'ബാറ്ററി-ആസ്-എ-സർവീസ്' (ബാസ്) സ്‍കീം അവതരിപ്പിച്ചത് ചൈനീസ് വാഹന ബ്രാൻഡായ എംജി മോട്ടോർ ഇന്ത്യയാണ്. ഈ പദ്ധതി പ്രകാരം കിലോമീറ്ററിന് 3.50 രൂപ നിരക്കിൽ ബാറ്ററി വാടക നൽകി ഉപഭോക്താക്കൾക്ക് എംജിയുടെ വാഹനങ്ങൾ ഓടിക്കാം. എം ജി കോമറ്റ് ഇവി, എജി വിൻഡ്‍സർ ഇവി, എംജി ഇസെഡ്എസ് ഇവി തുടങ്ങിയ മോഡലുകളിൽ ഈ പദ്ധതി നടപ്പിലാക്കി.

എന്താണ് ബാറ്ററി-ആസ്-എ-സർവീസ് പ്രോഗ്രാം?
ബാറ്ററി-ആസ്-എ-സർവീസ് (BaaS) എന്നത് ബാറ്ററിയുടെ വിലയും വാഹനത്തിൻ്റെ വിലയും വേർതിരിക്കുന്ന ഒരു പദ്ധതിയാണ്. ബാറ്ററി ഉപയോഗത്തെ അടിസ്ഥാനമാക്കിയാണ് ഉപഭോക്താക്കൾ നിരക്ക് നൽകുന്നത്. അതായത് വാഹനം സഞ്ചരിക്കുന്ന ദൂരത്തിന് അനുസരിച്ച് ബാറ്ററിയുടെ നിരക്ക് ഈടാക്കും. ഇതിനായി, ഉപഭോക്താക്കൾ എല്ലാ മാസവും വാടക (ഇഎംഐ) നൽകേണ്ടിവരും. എങ്കിലും, ബാറ്ററി ചാർജിംഗ് പ്രത്യേകം നൽകേണ്ടിവരും.

ബാറ്ററി റെൻ്റൽ പ്രോഗ്രാമിന് കീഴിൽ എംജി മോട്ടോർ തങ്ങളുടെ ഉപഭോക്താക്കൾക്ക് ആകർഷകമായ നിരവധി സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. സേവനങ്ങളിൽ ആദ്യ ഉടമയ്ക്ക് ആജീവനാന്ത വാറൻ്റി, മൂന്ന് വർഷത്തിന് ശേഷം 60 ശതമാനം ബൈബാക്ക്, എം ജി ആപ്പ് വഴി eHUB-ൽ ഒരു വർഷത്തെ സൗജന്യ ചാർജിംഗ് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios