എസി, ബെര്‍ത്ത്, ലോക്കര്‍; ജീവനക്കാര്‍ക്ക് വിശ്രമിക്കാന്‍ കെഎസ്ആര്‍ടിസിയുടെ കിടിലന്‍ സ്ലീപ്പര്‍ ബസ്
16 പേർക്ക് വിശ്രമിക്കാൻ ടു ടയർ മാതൃകയിൽ കുഷ്യൻ ബെർത്തുകൾ, ലോക്കറുകൾ, തണുപ്പേറ്റാൻ എസിയും ഫാനും, മടക്കി വയ്ക്കാവുന്ന മേശ തുടങ്ങി ഒരു കാരവാനെ വെല്ലുന്ന സൌകര്യങ്ങളാണ് സ്ലീപ്പര്‍ ബസ്സിലുള്ളത്.
കോഴിക്കോട്: കൊവിഡ് ഡ്യൂട്ടിയിലും മറ്റും ഏർപ്പെടുന്ന ജീവനക്കാർക്ക് വിശ്രമിക്കാനായുള്ള കെഎസ്ആർടിസി സ്റ്റാഫ് സ്ലീപ്പർ ബസ് തയ്യാറായി. എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുള്ള ബസാണ് നടക്കാവ് ഉള്ള കെഎസ്ആർടിസി വർക്ക് ഷോപ്പിൽ തയ്യാറായത്.
പഴയ സൂപ്പർ എക്സ്പ്രസ് ബസിനെയാണ് കാരവാനെ വെല്ലുന്ന സൌകര്യത്തോടെ കിടിലന്‍ സ്ലീപ്പര്‍ ബസ് ആക്കി മാറ്റിയിരിക്കുന്നത്.
16 പേർക്ക് വിശ്രമിക്കാൻ ടു ടയർ മാതൃകയിൽ കുഷ്യൻ ബെർത്തുകൾ, ലോക്കറുകൾ, തണുപ്പേറ്റാൻ എസിയും ഫാനും. മടക്കി വയ്ക്കാവുന്ന മേശ, ഇരിപ്പിടങ്ങൾ. ശുദ്ധജലത്തിനുള്ള സൗകര്യം. മാലിന്യം നിക്ഷേപിക്കാനിടം, മലിനജലം സംഭരിക്കാനും സംവിധാനം. മൊബൈൽ ചാർജിംഗ് സൗകര്യവും സെൻസർടൈപ്പ് സാനിടൈസിംഗ് മെഷീന്‍- സ്ലീപ്പര്‍ ബസ്സിലില്ലാത്ത സൌകര്യങ്ങളില്ല.
ബർത്തുകളെ വേർതിരിച്ചും ബസിനകം മോടി കൂട്ടിയും നീല കർട്ടനുകൾ ആണ് അണിയിച്ചിരിക്കുന്നത്. വന്ദേഭാരത് മിഷന്‍റെ ഭാഗമായ ജീവനക്കാർക്ക് വേണ്ടിയാണ് ഇപ്പോള്‍ സ്ലീപ്പർ ബസുകൾ ഉപയോഗിക്കുക. 14 പ്രവർത്തി ദിവസങ്ങൾ കൊണ്ടാണ് നടക്കാവിലെ ജീവനക്കാർ ഓടിപ്പഴകിയ സൂപ്പർ എക്സ്പ്രസിനെ നല്ല സൂപ്പർ സ്റ്റാഫ് സ്ലീപ്പർ ആക്കിയത്.
ഔദ്യോഗിക ഉദ്ഘാടനത്തിന് ശേഷം വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും സ്ലീപ്പർ ബസ് ജീവനക്കാർക്ക് തണലേകും. പഴക്കമേറിയ ബസുകൾ പൊളിച്ചു വിൽക്കുന്നതിന് പകരം തട്ടകടയും സ്റ്റേഷനറി കടയുമൊക്കെ ആക്കാനും കെഎസ്ആർടിസിക്ക് പദ്ധതിയുണ്ട്.