10 ലക്ഷത്തില്‍ താഴെ വില; ഇന്ത്യക്ക് വേണ്ടിയുള്ള കുഞ്ഞന്‍ ജീപ്പ് ഉടന്‍
ഈ വാഹനം ഇന്ത്യയില്‍ കൂടാതെ, ജീപ്പിന് ഏറെ ആരാധകരുള്ള ബ്രസീലിയൻ വിപണിയിലും എത്തുമെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍
ദില്ലി: പത്ത് ലക്ഷത്തില്‍ താഴെ വിലയുള്ള ചെറു എസ്‍യുവിയുമായി ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പ് ഇന്ത്യയിലേക്ക് എത്തുന്നതായി കഴിഞ്ഞ ഒരുവര്‍ഷമായി കേട്ടുതുടങ്ങിയിട്ട്. ഇന്ത്യയിലെ കോംപാക്ട് എസ്‍യുവി നിരയിലേക്ക് എത്തുന്ന വാഹനം ജീപ്പ് 526 എന്ന കോഡുനാമത്തിലാണ് വികസിപ്പിക്കുന്നത്. ഈ വാഹനം ഇന്ത്യയില്‍ കൂടാതെ, ജീപ്പിന് ഏറെ ആരാധകരുള്ള ബ്രസീലിയൻ വിപണിയിലും എത്തുമെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
പരമ്പരാഗത ജീപ്പിന്റെ അടിസ്ഥാന സ്വഭാവങ്ങളുള്ള വാഹനം കോംപാക്റ്റ് എസ്‍യുവി സെഗ്നമെന്‍റിലേക്കാണ് എത്തുന്നത്. പുതു തലമുറ ഫീയറ്റ് പാണ്ടയിലും 500ലും ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമിലായിരിക്കും ഈ വാഹനത്തിന്‍റെയും നിര്‍മ്മാണം. സെഗ്മെന്റില്‍ തന്നെ ആദ്യ നാലു വീൽഡ്രൈവുമായി എത്തുന്ന മോഡലുമായിരിക്കും ഇത്. വാഹനത്തിന്റെ എൻജിൻ വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. എങ്കിലും ജീപ്പിന്‍റെ ഈ കോംപാക്ട് എസ്‌യുവിക്ക് കരുത്തേകുന്നത് 130 ബിഎച്ച്പി, 150 ബിഎച്ച്പി പവറുകൾ ഉത്‌പാദിപ്പിക്കുന്ന 1.3 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എൻജിനായിരിക്കും എന്നാണ് സൂചനകള്‍.
ജീപ്പിന്റെ മേൽവിലാസത്തിൽ ഇന്ത്യയിലെത്തുന്ന ഏറ്റവും വില കുറഞ്ഞ മോഡലായായിരിക്കും ഈ കോംപാക്ട് എസ്യുവി.10 ലക്ഷം രൂപയിൽ താഴെയായിരിക്കും ജീപ്പ് 526-ന്റെ അടിസ്ഥാന വില. ജീപ്പിൽ നിന്ന് പുറത്തിറങ്ങുന്ന റെനഗേഡ് എസ്‌യുവിയുടെ തൊട്ടുതാഴെയായിരിക്കും ഈ കോംപാക്ട് എസ്‌യുവിയുടെ സ്ഥാനം. ജീപ്പിന്റെ കോംപസ്, ചെറോക്കി മോഡലുകളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട ഡിസൈനായിരിക്കും ഈ വാഹനത്തിനും ലഭിക്കുക. മാരുതി ബ്രെസ, ഫോഡ് ഇക്കോസ്പോർട്ട്, ടാറ്റ നെക്സോൺ തുടങ്ങിയവരായിരിക്കും വാഹനത്തിന്‍റെ മുഖ്യ എതിരാളികള്‍. ഈ എസ്‌യുവി പ്രധാനമായും ഇന്ത്യയും ബ്രസീലും ഉൾപ്പെടെയുള്ള വളർന്നുവരുന്ന വിപണികളെയാണ് ലക്ഷ്യമിടുന്നത്.
ജീപ്പിന്റെ മാതൃസ്ഥാപനമായ എഫ്‍സിഎയും ഗ്രൂപ്പ് പിഎസ്എയും അടുത്തിടെ കരാറില്‍ എത്തിയിരുന്നു. കോംപാക്ട് എസ്‍യുവി, ഇലക്ട്രിക് വാഹനങ്ങൾ, ഹൈബ്രിഡ് വാഹനങ്ങൾ തുടങ്ങിയവയ്ക്ക് പ്ലാറ്റ്ഫോമുകൾ നിർമിക്കുന്നതിനായിട്ടാണ് ഇവർ കരാർ ഒപ്പിട്ടത്. ജീപ്പ് കോംപസ് എസ്‌യുവി നിര്‍മ്മിക്കുന്ന ഫിയറ്റിന്റെ രഞ്ജന്‍ഗോൺ പ്ലാന്റിലാകും ഈ പുതിയ എസ്‌യുവിയും പ്രാദേശികമായി വികസിപ്പിച്ചെടുക്കുക. 2022-ൽ ആകും പുത്തൻ മോഡലിന്റെ അരങ്ങേറ്റം.