Five Cars In 2021 : എന്താണ് 2021ലെ ഈ അഞ്ച് കാര്‍ ലോഞ്ചുകളെ ശ്രദ്ധേയമാക്കുന്നത്?
2021ലെ എല്ലാ പ്രധാനപ്പെട്ട കാര്‍ ലോഞ്ചുകളെയും നമ്മള്‍ നേരത്തെ പരിചയപ്പെട്ടു കഴിഞ്ഞു. ഇതില്‍ ഓരോ മോഡലും വാങ്ങുന്നവരെ ആകർഷിക്കാനും വിസ്‍മയിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. പക്ഷേ ചിലരുടെ പ്രകടനം കുറച്ചുകൂടി ശ്രദ്ധേയമാണ്. ഇതാ എച്ച്‍ടി ഓട്ടോ തെരെഞ്ഞെടുത്ത 2021-ലെ അഞ്ച് കാറുകളും അതിനുള്ള കാരണങ്ങളും അറിയാം
രാജ്യത്തെ രണ്ടാം കോവിഡ് -19 തരംഗം (Covid 19) മുതൽ അർദ്ധചാലക ചിപ്പിന്റെ ആഗോള ക്ഷാമം (Global Chip Shortage) വരെ വാഹനലോകത്ത് നിരവധി വെല്ലുവിളികൾ നിറഞ്ഞ വര്‍ഷമായിരുന്നു 2021. ഉൽപ്പാദനത്തിലും വിതരണ ശൃംഖലയിലെ പ്രശ്‍നങ്ങളും ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിലും, കൊവിഡ് രണ്ടാം തരംഗത്തിന് ശമനം വന്നതോടെ ഡിമാൻഡ് പോസിറ്റീവായി മാറി. പുതിയ ലോഞ്ചുകളും ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളുടെ അവതരണവുമാണ് ഈ ഘട്ടത്തില്‍ ഇന്ത്യൻ ഓട്ടോമോട്ടീവ് വ്യവസായത്തെ സഹായിച്ചത്. ഈ വര്‍ഷം എത്തിയ എല്ലാ കാര്‍ ലോഞ്ചുകളെയും നമ്മള്‍ നേരത്തെ പരിചയപ്പെട്ടു കഴിഞ്ഞു. എന്നാല്‍ ഓരോ പുതിയ മോഡലും വാങ്ങുന്നവരെ ആകർഷിക്കാനും വിസ്‍മയിപ്പിക്കാനും ശ്രമിക്കുന്നുണ്ടെങ്കിലും ചിലരുടെ പ്രകടനം കുറച്ചുകൂടി ശ്രദ്ധേയമാണ്. ഇതാ എച്ച്‍ടി ഓട്ടോ തെരെഞ്ഞെടുത്ത 2021-ലെ അഞ്ച് കാറുകളും അതിനുള്ള കാരണവും പരിചയപ്പെടാം.
'പരിഷ്‍കാരി, പച്ചപ്പരിഷ്‍കാരി, പുതിയ മുഖം..' 2021ല്‍ ഇന്ത്യ കണ്ട ചില കാറുകള്‍
മാരുതി സുസുക്കി സെലേറിയോ ഫെയ്‌സ്‌ലിഫ്റ്റ്
2021 എന്നത് രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാവായ മാരുതി സുസുക്കിക്ക് വെല്ലുവിളികള്‍ നിറഞ്ഞ വര്‍ഷമായിരുന്നു. ചിപ്പ് ക്ഷാമത്തിന്റെ പ്രതിസന്ധിയുമായി കമ്പനി മല്ലിടുകയാണ്. എന്നാൽ ഈ ഉത്സവകാലത്ത്, വളരെ ശ്രദ്ധേയമായ അപ്‌ഡേറ്റുകളോടെ തങ്ങളുടെ ഏറ്റവും വിജയകരമായ മോഡലുകളിലൊന്ന് ഇവിടെ അവതരിപ്പിക്കാൻ കമ്പനിക്ക് കഴിഞ്ഞു. അതാണ് പുതുതലമുറ സെലേരിയോ.
ഒരു മാസത്തിനകം 15000 ബുക്കിംഗ്, ആഴ്‍ചകള്‍ കാത്തിരിപ്പ്, അദ്ഭുതമായി സെലേരിയോ
പുത്തന്‍ സെലേറിയോയുടെ ക്യാബിൻ ലേഔട്ടിനും ഫീച്ചർ ലിസ്റ്റിനും നിർണായകമായ അപ്‌ഡേറ്റുകൾ ലഭിച്ചു. മാത്രമല്ല സെലെരിയോയുടെ പുറംഭാഗവും ഗണ്യമായി പുതുക്കി. ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള പെട്രോൾ കാറാണ് സെലെരിയോ എന്ന് മാരുതി സുസുക്കി അവകാശപ്പെടുന്നു. മാത്രമല്ല അതിന്റെ ഏറ്റവും പുതിയ ലോഞ്ച് വളരെ പ്രധാനമാക്കുന്നതിന്‍റെ മുഖ്യ കാരണം ഇത് നഗരങ്ങളിലെയും ചെറുപട്ടണങ്ങളിലെയും യുവ വാഹനപ്രേമികളെ ലക്ഷ്യമിടുന്നു എന്നതാണ്. മികച്ച ഇന്ധനക്ഷമതയ്ക്കൊപ്പം കാഴ്‍ചയിൽ പ്രായം കുറഞ്ഞ സെലേറിയോ ചെറിയ പാസഞ്ചർ വാഹന വിഭാഗത്തിൽ മികച്ച ഓപ്ഷനായി തുടരുന്നു.
ടാറ്റ പഞ്ച്
എസ്‌യുവി പ്രിയം വർദ്ധിച്ചുവരികയാണ് രാജ്യത്തെ വാഹന വിപണിയില്‍. ഈ മുൻഗണനയിൽ നിന്ന് പ്രയോജനം നേടുന്ന തികച്ചും പുതിയൊരു ഉൽപ്പന്നമാണ് ടാറ്റയുടെ പഞ്ച്. വിപണിയില്‍ ഒരു സബ്‌കോംപാക്റ്റ് ക്രോസ്ഓവർ എസ്‌യുവിയായി സ്ഥാനം പിടിച്ചിരിക്കുന്ന പഞ്ചിന് 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ ഓപ്ഷൻ മാത്രമേ ഉണ്ടാകൂ. ഈ വാഹനം ഡ്രൈവ് ചെയ്യുന്നത് വളരെ രസകരമാണ്. കൂടാതെ ഈ കുഞ്ഞന്‍റെ ചില ഓഫ്-റോഡ് കഴിവുകളും പ്രശംസനീയമാണ്. അതിന്റെ ഒതുക്കമുള്ള അളവുകൾ നഗര പരിധിക്കുള്ളില്‍ വാഹനത്തെ ശ്രദ്ധേയമാക്കുന്നു. ഒപ്പം ഹൈവേകൾക്ക് ആവശ്യമായ മാന്യമായ കരുത്തും പഞ്ചില്‍ ടാറ്റ വാഗ്‍ദാനം ചെയ്യുന്നു.
മഹീന്ദ്ര XUV700
ഒരുപക്ഷേ ഈ വർഷത്തെ ഏറ്റവും വലിയ വാഹന ലോഞ്ചാണ് മഹീന്ദ്ര XUV700. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് മഹീന്ദ്ര XUV700 എത്തുന്നത്. XUV700 മിക്കവാറും എല്ലാ കോണുകളിൽ നിന്നും ബോൾഡും സ്റ്റൈലിഷും ആയി കാണപ്പെടുന്നു. ഇതിന്റെ ക്യാബിനും ചുറ്റിലും ഒരു പ്രീമിയം ഫീൽ ഉണ്ട്. കൂടാതെ വാഹനം നിരവധി ശ്രദ്ധേയമായ ഫീച്ചറുകളാൽ ലോഡ് ചെയ്‍തിരിക്കുന്നു. അഡ്വാൻസ്‍ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) ലഭിക്കുന്നു എന്നതാണ് XUV700-നെ ശ്രദ്ധേയമാക്കുന്നത്.
പുതിയൊരു XUV700ന്‍റെ പണിപ്പുരയില്‍ മഹീന്ദ്ര
12.49 ലക്ഷം രൂപ എക്‌സ് ഷോറൂം വിലയില്‍ പ്രാരംഭ മോഡല്‍ എന്നതും വാഹനത്തെ ആകർഷകമാക്കുന്നു. ഒന്നിലധികം വകഭേദങ്ങൾ ഓഫറിലുണ്ടെന്ന കാര്യവും ശ്രദ്ധിക്കുക. കൂടാതെ ചില ഉയർന്ന ഫീച്ചറുകൾ ഏറ്റവും മികച്ച AX7 വേരിയന്റിനൊപ്പം മാത്രമേ ലഭ്യമാകൂ. അഞ്ചോ ഏഴോ സീറ്റുകളുള്ള ലേഔട്ട്, പെട്രോൾ അല്ലെങ്കിൽ ഡീസൽ എഞ്ചിൻ, മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ട്രാൻസ്‍മിഷൻ എന്നിങ്ങനെ ആവശ്യത്തിനുള്ള വേരിയന്‍റുകളും മഹീന്ദ്ര XUV700നെ വേറിട്ടതാക്കുന്നു.
ഔഡി Q5:
ബിഎസ് 6 എമിഷൻ മാനദണ്ഡങ്ങളിലേക്കുള്ള രാജ്യത്തിന്‍റെ മാറ്റം കാരണം രണ്ട് വർഷം മുമ്പ് ഔഡി ഇന്ത്യയുടെ ഉൽപ്പന്ന പട്ടികയിൽ നിന്ന് പുറത്തു പോകേണ്ടിവന്ന മോഡലാണ് ഔഡി ക്യൂ 5. അതിന് മുമ്പ് ആഡംബര എസ്‌യുവി വിഭാഗത്തിലെ കരുത്തനായിരുന്നു ഈ മോഡല്‍. അതുകൊണ്ടുതന്നെ ഇപ്പോള്‍ തിരിച്ചെത്തിയ ഔഡി ക്യൂ 5 ഈ പട്ടികയിൽ തീര്‍ച്ചയായും പരാമർശം അർഹിക്കുന്നു. ഡീസലിനെ പൂര്‍ണമായും ഒഴിവാക്കിയ ഔഡി ക്യൂ 5ന് ഇപ്പോള്‍ ലഭിക്കുന്നത് കരുത്തുറ്റ 2.0-ലിറ്റർ 45 TFSI പെട്രോൾ എഞ്ചിനാണ്. 249 എച്ച്‌പി പവറും 370 എൻഎം ടോർക്കും ഉള്ള ഈ മിഡ്-സൈസ് ലക്ഷ്വറി എസ്‌യുവി തികച്ചും സ്‌പോർട്ടി ആണ്. കൂടാതെ ക്വാട്രോ ഓൾ-വീൽ ഡ്രൈവ് സാങ്കേതികവിദ്യയും വാഹനത്തില്‍ നല്‍കിയിരിക്കുന്നു. ഇക്കാരണങ്ങളൊക്കെ കൊണടുതന്നെ ഔഡി ഇന്ത്യയിലേക്ക് നിരവധി ഇലക്ട്രിക് മോഡലുകള്‍ ഈ വര്‍ഷം കൊണ്ടുവന്നിട്ടുണ്ടെങ്കിലും, ഈ ലോഞ്ചുകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് Q5 ആണെന്നുതന്നെ പറയാം.
മെഴ്‍സിഡസ് ബെന്‍സ് എസ് ക്ലാസ്
ഏറ്റവും പുതിയ മെഴ്‍സിഡസ് ബെന്‍സ് എസ് ക്ലാസിനെ ലോകത്തിലെ ഏറ്റവും മികച്ച കാർ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. അതിന്റെ അനേകം അത്യാധുനിക ഫീച്ചറുകൾ വാഹനത്തെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്താനും ഇടയാക്കുന്നു. 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 12.8 ഇഞ്ച് പോർട്രെയ്റ്റ്-ഓറിയന്റഡ് ഒഎൽഇഡി ടച്ച്‌സ്‌ക്രീൻ, പിൻ യാത്രക്കാർക്കുള്ള ട്വിൻ സ്‌ക്രീൻ എന്റർടെയ്ൻമെന്റ് യൂണിറ്റുകൾ, വ്യത്യസ്‍ത നിറങ്ങള്‍ തുടങ്ങിയവ മെഴ്‍സിഡസ് ബെന്‍സ് എസ് ക്ലാസിനെ വാങ്ങാൻ കഴിയുന്നവർക്ക് ഒരു നിർബന്ധിത ഓപ്ഷനാക്കി മാറ്റുന്നു.
മറ്റ് ചില ശ്രദ്ധേയമായ ലോഞ്ചുകളും കാരണങ്ങളും:
സ്‌കോഡ കുഷാക്ക്
സുഗമമായ ഡ്രൈവും നന്നായി സജ്ജീകരിച്ച ക്യാബിനും കുഷാക്കിനെ ഇടത്തരം എസ്‌യുവി വിഭാഗത്തിൽ യോഗ്യനാക്കുന്നു.
ഹ്യുണ്ടായ് i20 N ലൈൻ
സ്‌പോർട്ടിയർ ലുക്കും കുറച്ചുകൂടി പ്രകടന ശേഷിയും ഉള്ള i20 N ലൈൻ ഇന്ത്യയ്‌ക്കായി ദക്ഷിണ കൊറിയന്‍ കമ്പനി വാഗ്‍ദാനം ചെയ്യുന്ന നിരവധി N ലൈൻ മോഡലുകളിൽ ആദ്യത്തേതാണ്.
ടാറ്റ ടിഗോർ ഇവി
ഇലക്ട്രിക്ക് വാഹനങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് വില കൊണ്ടും ഡിസൈന്‍ കൊണ്ടും ഒരു നല്ല ഓപ്ഷൻ ആണ് ഈ മോഡല്‍.
ഇതാ ഈ വര്‍ഷം ആഗോളതലത്തില്‍ ഇടിച്ചുനേടി സുരക്ഷ തെളിയിച്ച ചില ഇന്ത്യന്‍ കാറുകള്‍!
മെഴ്‍സിഡസ് ബെന്‍സ് A45 S AMG
നാല് ചക്രങ്ങളിലുള്ള ഒരു പോക്കറ്റ് റോക്കറ്റാണ്, മെഴ്‌സിഡസ് A45 S AMG. വാഹനം ഡ്രൈവിംഗ് ആവേശത്തിന് അനുയോജ്യമായതാണ്. രണ്ട്-ലിറ്റർ നാല് സിലിണ്ടർ എഞ്ചിൻ 421 ബിഎച്ച്പിയും 500 എൻഎം ടോർക്കും പുറപ്പെടുവിക്കുന്നു.
എംജി ആസ്റ്റർ
ZS EV-യുടെ പെട്രോൾ പതിപ്പായ ആസ്റ്റർ തനതായ സ്റ്റൈലിംഗ് ഘടകങ്ങൾ, കഴിവുള്ള എഞ്ചിൻ, AI അസിസ്റ്റന്റിനൊപ്പം വരുന്ന ക്യാബിൻ എന്നിവ കാരണം പരാമര്‍ശം അര്‍ഹിക്കുന്നു
ഫോക്‌സ്‌വാഗൺ ടൈഗൺ
ഇന്ത്യയിൽ നിലവിൽ ഓഫർ ചെയ്യുന്ന എല്ലാ ഫോക്‌സ്‌വാഗൺ മോഡലുകളിലും ഏറ്റവും യുവത്വമുള്ളത് ടൈഗൺ ആണെന്നു പറയാം. ഒരു സോളിഡ് സേഫ്റ്റി ഫീച്ചർ ലിസ്റ്റിന്റെ പിന്തുണയുള്ള മോഡലാണിത്.
ഫോര്‍ഡിന്‍റെ മടക്കം, പൊളിക്കലിന് തുടക്കം, ചിപ്പുകളുടെ മുടക്കം, ടെസ്‍ലയുടെ 'പിണക്കം'..