ഒറ്റ ചാര്‍ജിൽ പറ പറക്കുക ഒന്നും രണ്ടുമല്ല, 480 കിലോമീറ്റര്‍; ഈ ഇവി ഒരു 'സംഭവം' തന്നെ, അടുത്ത മാസം എത്തുമേ...
വോൾവോ EX30 ഇലക്ട്രിക് എസ്‌യുവി കാർ ബ്രാൻഡിന്റെ സിഗ്നേച്ചർ സ്റ്റൈലിംഗ് ഘടകങ്ങൾ ഈ മോഡലിന്‍റെ ഭംഗി കൂട്ടും.
സ്വീഡിഷ് ആഡംബര വാഹന ബ്രാൻഡായ വോൾവോയുടെ വരാനിരിക്കുന്ന എൻട്രി ലെവൽ ഇലക്ട്രിക് എസ്‌യുവിയാണ് EX30. ഈ ചെറിയ ആഡംബര ഇവി അടുത്ത മാസം അരങ്ങേറ്റം കുറിക്കും. C40, XC40 എന്നിവയ്ക്ക് ശേഷം വോൾവോയുടെ പ്യുവർ ഇലക്ട്രിക് മോഡലാണ് EX30 ഇലക്ട്രിക് എസ്‌യുവി. വരാനിരിക്കുന്ന EX30 വളരെ ചെറിയ മോഡലായിരിക്കും. അതായത് ഇന്ത്യയിൽ ലഭ്യമായ വോള്‍വോ XC40 നേക്കാൾ ചെറുതായിരിക്കും EX30.
എന്നിരുന്നാലും, വോൾവോ EX30 ഇലക്ട്രിക് എസ്‌യുവി കാർ ബ്രാൻഡിന്റെ സിഗ്നേച്ചർ സ്റ്റൈലിംഗ് ഘടകങ്ങൾ ഈ മോഡലിന്‍റെ ഭംഗി കൂട്ടും. പുറത്തുവന്ന ടീസർ ചിത്രങ്ങൾ വെളിപ്പെടുത്തിയതുപോലെ, എസ്‌യുവിക്ക് വോൾവോയുടെ സിഗ്നേച്ചർ തോറിന്റെ ഹാമർ എൽഇഡി ഹെഡ്‌ലാമ്പുകളും മുൻ പ്രൊഫൈലിൽ പാനലും ലംബമായി സ്ഥാപിച്ചിരിക്കുന്ന എൽഇഡി ടെയിൽലൈറ്റുകളും ലഭിക്കും. അതിന്റെ സവിശേഷതകളെ കുറിച്ച് പറയുമ്പോൾ, വോൾവോ EX30 രണ്ട് വ്യത്യസ്‍ത ബാറ്ററി ഓപ്ഷനുകളിൽ ലഭ്യമാകും.
അടിസ്ഥാന മോഡലിന് 51 kWh ബാറ്ററി പാക്ക് ഉണ്ടായിരിക്കും. ഉയർന്ന വേരിയന്റിന് കൂടുതൽ ശക്തവും വലുതുമായ 69 kWh ബാറ്ററി പായ്ക്ക് ലഭിക്കും. ഒറ്റ ചാർജിൽ 480 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഏറ്റവും ഉയർന്ന വേരിയന്റ് വാഗ്ദാനം ചെയ്യും. കമ്പനിയുടെ ഇതുവരെയുള്ള ഏതൊരു മോഡലിൽ നിന്നും ഏറ്റവും കുറഞ്ഞ കാർബൺ പുറന്തള്ളലോടെ, വരാനിരിക്കുന്ന EX30 കാർ നിർമ്മാതാക്കളുടെ എക്കാലത്തെയും ഗ്രീനസ്റ്റ് (ഹരിത) കാറായിരിക്കുമെന്നും വോൾവോ അവകാശപ്പെടുന്നു. XC40, C40 റീചാർജ് മോഡലുകളെ അപേക്ഷിച്ച് 25 ശതമാനം CO2 ഫൂട്ട്പ്രിന്റ് കുറവുമായാണ് കാർ വരുന്നതെന്ന് അവകാശപ്പെടുന്നു.
ഉത്പാദന ഘട്ടത്തിൽ റീസൈക്കിൾ ചെയ്‍ത വസതുക്കളുടെ ഉപയോഗം മൂലമാണ് കമ്പനി ഇത് സാധ്യമാക്കുന്നത്. സാങ്കേതിക വിദ്യയുടെ കാര്യത്തിൽ, വോൾവോ EX30 ഒരു സ്റ്റാൻഡേർഡ് ഫീച്ചറായി ഐഡാർ ഉപയോഗിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. സൈക്കിൾ യാത്രക്കാരുടെ സുരക്ഷ പരമാവധി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ആദ്യത്തെ വോൾവോ കാർ എന്ന ഖ്യാതിയും ഈ കാർ അവകാശപ്പെടുന്നുണ്ട്. വോൾവോ EX30 ഇലക്ട്രിക് എസ്‌യുവി 2024-ൽ വിൽപ്പനയ്‌ക്കെത്തും. ലോഞ്ച് ചെയ്യുമ്പോൾ, എതിരാളികളായ ടെസ്‌ല മോഡൽ Y, ഫോക്‌സ്‌വാഗൺ ID.4, കിയ ഇവി6 എന്നിവയുമായി വോൾവോ EX30 ഇലക്ട്രിക് എസ്‌യുവി മത്സരിക്കും.