നിയന്ത്രണം തെറ്റി തലങ്ങും വിലങ്ങും മറിയുന്ന വണ്ടികള്‍, ഈ റോഡിനെ ഭയക്കണം!
മൂന്നുവാഹനങ്ങള്‍ ഒരേസമയം റോഡില്‍ തലങ്ങുംവിലങ്ങും തെന്നിനീങ്ങുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍.
നനഞ്ഞ റോഡുകളില്‍ അമിതവേഗതയിലും അശ്രദ്ധമായും വണ്ടിയോടിച്ചാലുള്ള അപകടത്തെപ്പറ്റി പല ഡ്രൈവര്‍മാരും ബോധവാന്മാരല്ല എന്നതിനു തെളിവാണ് അടുത്തകാലത്ത് പുറത്തുവരുന്ന പല അപകട വീഡിയോ ദൃശ്യങ്ങളും.
ഇത്തരത്തിലുള്ള പുതിയൊരു അപകടത്തിന്‍റെ ദൃശ്യങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മൂന്നുവാഹനങ്ങള്‍ ഒരേസമയം റോഡില്‍ തലങ്ങുംവിലങ്ങും തെന്നിനീങ്ങുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍. കോട്ടയത്ത് കഴിഞ്ഞ ദിവസം നടന്ന അപകടം എന്ന കുറിപ്പോടെയാണ് ഈ വീഡിയോ പ്രചരിക്കുന്നത്.
Its rainy time.. please be vigilant in driving. A freak accident at #Kalikavu, #Kottayam today. Fortunately none injured. #SafeDriving #Rain #KeralaRain pic.twitter.com/SQCzRGfhwa
— Pratheesh G Nair (@PratheeshGN) August 14, 2019
മഴയില്‍ കുതിര്‍ന്നു കിടക്കുന്ന റോഡിലൂടെ അമിത വേഗതയിലെത്തി മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്ന കാറാണ് അപകടത്തിന്‍റെ മൂലകാരണമെന്ന് വീഡിയോ വ്യക്തമാക്കുന്നു. നനഞ്ഞ റോഡില്‍ നിയന്ത്രണം വിട്ട കാര്‍ വട്ടം കറങ്ങി റോഡിനു പുറത്തേക്ക് തെറിച്ചു പോകുന്നു. ഇതിനിടെ കാറിനു തൊട്ടു പിന്നാലെയെത്തിയ മഹീന്ദ്ര ഇന്‍വേഡറും നിയന്ത്രണം വിട്ട് റോഡില്‍ വട്ടം കറങ്ങുന്നു. ഇന്‍വേഡര്‍ പാഞ്ഞു വരുന്നതു കണ്ട് ഇടിക്കാതിരിക്കാന്‍ വെട്ടിച്ച എതിര്‍ദിശയിലൂടെ വന്ന മറ്റൊരു കാറും നിയന്ത്രണം തെറ്റി റോഡില്‍ നിന്നും തെന്നിനീങ്ങുന്നതും വീഡിയോയില്‍ കാണാം.
മഴക്കാലത്ത് റോഡില്‍ ഏറെ ശ്രദ്ധിക്കണം എന്നാണ് വീഡിയോ കണ്ടവരില്‍ ഭൂരിഭാഗവും പറയുന്നത്. അടുത്തകാലത്ത് ഇത്തരം അപകടങ്ങള്‍ പതിവാണ്. അടുത്തിടെ കാസര്‍കോട് കാഞ്ഞങ്ങാടിനടുത്ത് ഇത്തരത്തില്‍ നിയന്ത്രണം തെറ്റിയ കാറിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ജീവന്‍ നഷ്‍ടമായിരുന്നു. മലപ്പുറം തിരൂരില്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന കുടുംബം ഒരു ബസില്‍ നിന്നും അത്ഭുതകരമായാണ് രക്ഷപ്പെടുന്ന വീഡിയോയും കഴിഞ്ഞദിവസങ്ങളില്‍ വൈറലായിരുന്നു. നനഞ്ഞ റോഡും അമിത വേഗവും തന്നെയായിരുന്നു ഇവിടെയും വില്ലന്‍. മഴയത്ത് അമിത വേഗത്തിലെത്തിയ ബസ് നനഞ്ഞ റോഡില്‍ പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ പിന്‍ഭാഗം തെന്നിനീങ്ങി കാറിനു സമീപത്തേക്ക് വീശിവരികയായിരുന്നു.
മഴക്കാലത്താണ് ഇത്തരം അപകടങ്ങളില്‍ ഏറെയും നടക്കുന്നത്. എന്നാല്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരുപരിധിവരെ അപകട സാധ്യത കുറയ്ക്കാം.
1. മഴക്കാലത്ത് ഇരു കൈകളും ഉപയോഗിച്ച് പരമാവധി വാഹനമോടിക്കാന്‍ ശ്രദ്ധിക്കുക
2. വാഹനങ്ങളുടെ വേഗത കുറച്ചാല്‍ റോഡും ടയറുകളും തമ്മിലുള്ള ഘര്‍ഷണം കൂട്ടി നിയന്ത്രണം ഉറപ്പുവരുത്താം
3. മറ്റു വാഹനങ്ങളുമായി കൃത്യമായ അകലം പാലിക്കുക
4. വളവുകളില്‍ സാവധാനത്തില്‍ ബ്രേക്ക് ഉപയോഗിക്കുക
5. നനഞ്ഞ റോഡുകളില്‍ കൂടുതല്‍ ബ്രേക്ക് ആവശ്യമായതിനാല്‍ ഉണങ്ങിയ റോഡുകളേക്കാള്‍ മുമ്പേ ബ്രേക്കമര്‍ത്തുക
6. വളവുകളില്‍ വെച്ച് പെട്ടെന്ന് സ്റ്റിയറിങ് തിരിക്കാതിരിക്കുക
7. ടയര്‍, ബ്രേക്ക്, ഓയില്‍ മുതലായവ മാസത്തിലൊരിക്കലെങ്കിലും പരിശോധിച്ച് ഫിറ്റ്നസ് ഉറപ്പുവരുത്തുക
8. ടയറിന്‍റെ മര്‍ദ്ദം, ത്രഡുകള്‍ എന്നിവ കൃത്യമായി പരിശോധിക്കുക
9.ബ്രേക്ക് പെട്ടെന്ന് പ്രയോഗിക്കുന്നത് ഒഴിവാക്കിയാല്‍ വാഹനം വെട്ടുന്നതും തെന്നിമാറുന്നതും ഒഴിവാക്കാം
10.നനഞ്ഞ റോഡുകളില്‍ കൂടുതല്‍ ശ്രദ്ധിക്കുക എന്നതാണ് അപകടങ്ങളൊഴിവാക്കാനുള്ള വലിയ മാര്‍ഗം