വിവാഹാഘോഷം, നടുറോഡിൽ എസ്‍യുവികളുടെ സ്റ്റണ്ട്, പിഴ 3.96 ലക്ഷം!
മഹീന്ദ്ര സ്‌കോർപിയോ, ടൊയോട്ട ഫോർച്യൂണർ, കിയ സെൽറ്റോസ്, ഹ്യുണ്ടായ് വെന്യു തുടങ്ങിയ ഹൈ-എൻഡ് എസ്‌യുവികൾ ഉപയോഗിച്ച് തിരക്കേറിയ റോഡിൽ ആയിരുന്നു അഭ്യാസം.
വിവാഹ ആഘോഷത്തതിന്‍റെ ഭാഗമായി പൊതുനിരത്തിൽ അമിതവേഗത്തിൽ വാഹനമോടിച്ചതിന് ഒരു കൂട്ടം എസ്‌യുവികൾക്ക് നോയിഡ ട്രാഫിക് പോലീസ് പിഴ ചുമത്തി. ട്രാഫിക് നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് നടന്നത് എന്നാണ് റിപ്പോര്‍ട്ടുകൾ. മഹീന്ദ്ര സ്‌കോർപിയോ, ടൊയോട്ട ഫോർച്യൂണർ, കിയ സെൽറ്റോസ്, ഹ്യുണ്ടായ് വെന്യു തുടങ്ങിയ ഹൈ-എൻഡ് എസ്‌യുവികൾ ഉപയോഗിച്ച് തിരക്കേറിയ റോഡിൽ ആയിരുന്നു അഭ്യാസം. ഈ വാഹനങ്ങളിൽ നിന്ന് പുറത്തേക്ക് ചാഞ്ഞുനിൽക്കുന്ന ആളുകളുമായി അതിവേഗത്തിൽ ഓടിക്കുന്ന വീഡിയോ ദൃശ്യഹ്ങള്‍ വൈറലാണ്.
ഗ്രേറ്റർ നോയിഡ വെസ്റ്റിൽ ഒരു വിവാഹത്തിനോട് അനുബന്ധിച്ചായിരുന്നു കാറുകൾ വാഹനവ്യൂഹത്തിന്റെ ഭാഗമായത്. രാത്രി ഒമ്പത് മണിയോടെയാണ് എസ്‌യുവികൾ ഉൾപ്പെടെ 15 മുതൽ 20 വരെ കാറുകൾ ഹോണുകള്‍ മുഴക്കിയും സ്റ്റണ്ട് ചെയ്തും ഗതാഗതക്കുരുക്ക് സൃഷ്ടിച്ചും ട്രാഫിക് മാനദണ്ഡങ്ങൾ ലംഘിച്ചത്. ഡൽഹിയിലെ ഓഖ്‌ലയിൽ നിന്ന് വിവാഹ വേദിയിലേക്ക് സ്റ്റണ്ടുകൾ നടത്തിയാണ് വാഹനങ്ങൾ പോയത്. പിടികൂടി ഇ-ചലാൻ പുറപ്പെടുവിക്കുന്നതിന് മുമ്പ് ബിസ്രാഖ് പോലീസ് സ്റ്റേഷന് സമീപമുള്ള കിസാൻ ചൗക്കിൽ അവരെ തടഞ്ഞു. ഈ വാഹനങ്ങൾ കണ്ടുകെട്ടിയെന്നും മോട്ടോർ വാഹന നിയമം ലംഘിച്ചതിന് അവയ്‌ക്കെല്ലാം കനത്ത പിഴ ചുമത്തിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഓരോ വാഹനത്തിനും 33,000 രൂപ വീതം പിഴ ചുമത്തി. 3.96 ലക്ഷം രൂപയാണ് ഇ-ചലാന്റെ ആകെ തുക.
ഈ എസ്‌യുവികളുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായിരിക്കുകയാണ്. ഡൽഹിയിലെ കാളിന്ദി കുഞ്ചിൽ നിന്നാണ് എസ്‌യുവികളുടെ വാഹനവ്യൂഹം നോയിഡയിലേക്ക് കടന്നതെന്ന് പോലീസ് പറഞ്ഞു. റോഡിൽ ആഘോഷങ്ങൾക്കായി നിർത്തിയതിനാൽ ഈ വാഹനങ്ങൾ പർത്തല പാലത്തിന് സമീപം ഗതാഗതക്കുരുക്ക് ഉണ്ടാക്കി. ഇവരെ പിന്തുടരുന്നതിനിടെ വാഹനവ്യൂഹത്തിന്റെ ഏതാനും കാറുകൾ അതിവേഗത്തിൽ ഓടി രക്ഷപ്പെട്ടതായും പോലീസ് പറഞ്ഞു. ട്രാഫിക് ചലനം ഫലപ്രദമായി നിരീക്ഷിക്കുന്നതിനായി നോയിഡ പോലീസ് അടുത്തിടെ ആരംഭിച്ച ഇന്റഗ്രേറ്റഡ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം (ഐടിഎംഎസ്), സംയോജിത സിസിടിവി ക്യാമറകളിലൂടെ ആ വാഹനങ്ങൾ ട്രാക്കുചെയ്യാൻ സഹായിച്ചു.