ഓടുന്ന താലിബാന് ഒരുമുഴം മുമ്പെറിഞ്ഞ് ടൊയോട്ട, അമ്പരന്നും കയ്യടിച്ചും വാഹനലോകം!

താലിബാൻകാര്‍ കാബൂളിലേക്ക് ഇരച്ചുകയറി,  പ്രസിഡൻഷ്യൽ കൊട്ടാരം പിടിച്ചടക്കിയപ്പോൾ മുതല്‍ വാഹനലോകത്ത് വളരെ കൌതുകകരമായ ഒരു ചര്‍ച്ച നടക്കുന്നുണ്ട്. ഇതേക്കുറിച്ച് പറയുമ്പോള്‍ ഭീകരരും വാഹനലോകവും തമ്മില്‍ എന്താവും ബന്ധം എന്നാവും പലരും ചിന്തിക്കുന്നത്.  മറ്റൊന്നുമല്ല 20 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള താലിബാന്‍റെ ഈ മടങ്ങിവരവ് ഒരു വണ്ടിക്കമ്പനി മുന്‍കൂട്ടി കണ്ടിരുന്നുവെന്നതിലാണ് ചര്‍ച്ച

Toyota Landcruiser Resale Banned Order For Prevent Taliban Usage

2021 ഓഗസ്റ്റ് 15 ന് താലിബാൻകാര്‍ കാബൂളിലേക്ക് ഇരച്ചുകയറി,  പ്രസിഡൻഷ്യൽ കൊട്ടാരം പിടിച്ചടക്കിയപ്പോൾ മുതല്‍ വാഹനലോകത്ത് വളരെ കൌതുകകരമായ ഒരു ചര്‍ച്ച നടക്കുന്നുണ്ട്. ഭീകരരും വാഹനലോകവും തമ്മില്‍ എന്താവും ബന്ധം എന്നാവും ഇപ്പോള്‍ത്തന്നെ പലരും ചിന്തിക്കുന്നത്. പറയാം, മറ്റൊന്നുമല്ല, 20 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള താലിബാന്‍റെ ഈ മടങ്ങിവരവ് ഒരു വണ്ടിക്കമ്പനി മുന്‍കൂട്ടി കണ്ടിരുന്നുവെന്നതിലാണ് ചര്‍ച്ച. ഈ ദീര്‍ഘവീക്ഷണത്തിന്‍റെ അമ്പരപ്പിലാണ് പല വണ്ടിക്കമ്പനികളും വാഹനപ്രേമികളുമൊക്കെ ഇപ്പോള്‍. ദീര്‍ഘദര്‍ശിയായ ഈ കമ്പനി ഏതെന്നാവും അടുത്ത ചോദ്യം. അത് മറ്റാരുമല്ല, ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയാണ്. നമ്മുടെ ജനപ്രിയ ഇന്നോവയുടെ മുതലാളി തന്നെ. ഫിനാന്‍സ് യാഹൂ ഡോട്ട് കോമിന്‍റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ വാദത്തിന് കാരണം എന്തായിരിക്കുമെന്ന് ഇപ്പോഴും പലര്‍ക്കും സംശയം ഉണ്ടാകും. അതിലേക്ക് വരാം, അതിനു മുമ്പ് മറ്റുചില കാര്യങ്ങള്‍ അറിയാം.   

ഫിനാന്‍സ് യാഹൂ ഡോട്ട് കോമിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച്  ടൊയോട്ടയുടെ ഏറ്റവും പ്രിയപ്പെട്ട ഉപഭോക്താക്കളിൽ ഒരാളാണ് ഇപ്പോള്‍ അഫ്ഘാനില്‍ അധികാരത്തിൽ തിരിച്ചെത്തിയ താലിബാന്‍.  കാൽനൂറ്റാണ്ടിലേറെയായി, ടൊയോട്ടയുടെ ഏറ്റവും കരുത്തുറ്റ പിക്കപ്പുകളും എസ്‌യുവികളുമാണ് താലിബാൻ തിരഞ്ഞെടുക്കുന്ന വാഹനങ്ങൾ. അവ അഫ്‍ഘാനിസ്ഥാന്റെ പരുക്കന്‍ ഭൂപ്രദേശത്തിന് പര്യാപ്‍തമാമാണെന്നത് തന്നെയാണ് മുഖ്യകാരണം. 

Toyota Landcruiser Resale Banned Order For Prevent Taliban Usage

ആഫ്രിക്കയിലെ സംഘർഷത്തെക്കുറിച്ച് പഠിക്കുന്ന സ്വതന്ത്ര സുഡാനീസ് ഗവേഷകനായ അസിം എൽഹാഗ് 2013ല്‍ തന്നെ ടൊയോട്ടയുടെ വാഹനങ്ങളും ഭീകരരും തമ്മിലുള്ള ആത്മബന്ധം ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും യാഹൂ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.  മിക്ക രാജ്യങ്ങളിലും ഭീകരരും വിമതരും സർക്കാരുകളും ഉള്‍പ്പെടെ എല്ലാ കക്ഷികളും സംഘട്ടനത്തിന് ഉപയോഗിക്കുന്ന ഒരു പൊതു ഉപകരണം ടൊയോട്ട ലാൻഡ് ക്രൂയിസറുകൾ ആണെന്നും വിമാനവേധ തോക്കുകൾ ഉപയോഗിച്ച് ലാന്‍ഡ് ക്രൂയിസറുകള്‍ പുനർനിർമ്മിക്കുന്നതായും അസിം എൽഹാഗ് വേള്‍ഡ് പീസ് ഫൌണ്ടേഷന്‍റെ വെബ്‍സൈറ്റില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കുന്നു. ലോകമെമ്പാടുമുള്ള പ്രശ്‍നബാധിത പ്രദേശങ്ങളിലെന്നപോലെ ദുര്‍ഘട ഭൂപ്രദേശങ്ങളിൽ ചിതറിക്കിടക്കുന്ന ജനപഥങ്ങളെ നിയന്ത്രിക്കാനുള്ള താലിബാന്റെ ഉദ്യമത്തിന് ടൊയോട്ട അനിവാര്യമായിരുന്നുവെന്നും യാഹൂ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

1996-ൽ താലിബാൻ ആദ്യമായി അഫ്ഘാനിസ്ഥാനിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിലേക്ക് ഇരച്ചുകയറിയത് ടൊയോട്ടയുടെ വാഹനങ്ങളിലായിരുന്നുവെന്നതും ഈ സാഹചര്യത്തില്‍ കൌതുകം ഉണര്‍ത്തുന്ന ഒരു കാര്യമാണ്.  അഫ്‍ഘാന്‍ തലസ്ഥാനത്തേക്ക് അന്ന് ടാങ്കുകളും വെടിയുണ്ടകളും നിറഞ്ഞ ടൊയോട്ട ഹിലക്സ് ട്രക്കുകൾ എങ്ങനെയാണ് ഓടിക്കയറിയതെന്ന് ഇന്ത്യാ ടുഡേയിൽ നിന്നുള്ള മാധ്യമപ്രവർത്തകർ വിവരിച്ചിരുന്നു.  ഈ വാഹനങ്ങൾ ജനങ്ങളെ ഭീഷണിപ്പെടുത്തുന്നതിനും ഉത്തരവുകള്‍ നടപ്പിലാക്കുന്നതിനും അനുയോജ്യമായ പ്ലാറ്റ്ഫോമുകളായിരുന്നു എന്നാണ് 2001 ൽ ന്യൂയോർക്ക് ടൈംസ് എഴുതിയത്. 

Toyota Landcruiser Resale Banned Order For Prevent Taliban Usage

കണങ്കാലിന്‍റെ അറ്റം പുറത്തുകാണിക്കുന്ന സ്ത്രീകളെയുംളും നിശ്ചിത അളവ് നീളത്തിലേക്ക് താടിരോമങ്ങള്‍ വളരാന്‍ വൈകിയ പുരുഷന്മാരെയുമൊക്കെ തേടി ടൊയോട്ട ലാൻഡ് ക്രൂയിസറുകളിലും ഹിലക്സുകളിലും താലിബാന്‍കാര്‍ ഇരച്ചെത്തിയിരുന്നു അക്കാലത്ത്. വ്യഭിചാരക്കുറ്റം ആരോപിച്ചവരയെും മറ്റും വധശിക്ഷയ്ക്കായി മൈതാനങ്ങളിലേക്ക് കെട്ടിവലിച്ചതും ഇത്തരം വാഹനങ്ങളില്‍ ആയിരുന്നുവെന്നും ന്യൂയോർക്ക് ടൈംസ് എഴുതുന്നു.

എന്നാല്‍ ടൊയോട്ടയുടെ വളര്‍ച്ചയ്ക്കും ഉയര്‍ച്ചയ്ക്കും പിന്നില്‍ ഇത്തരത്തിലുള്ള ഭീകരരുമായുള്ള കൂട്ടുകെട്ടുകളല്ല. ജനഹൃദയങ്ങളാണ്. അതുകൊണ്ടുതന്നെയാവണം താലിബാന്‍ കാബൂള്‍ കീഴടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ്, ജൂലൈ അവസാനവാരത്തില്‍ പ്രവചന സ്വഭാവമുള്ള വിചിത്രമെന്ന് തോന്നിക്കുന്ന ഒരു നിബന്ധന ടൊയോട്ട ഉപഭോക്താക്കള്‍ക്ക് മുന്നില്‍ വയ്ക്കുന്നത്. ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ വാങ്ങുന്നവര്‍ ഒരു വർഷത്തേക്ക്​ വാഹനം മറിച്ചുവിൽക്കരുതെന്നായിരുന്നു ഈ വിചിത്ര നിബന്ധന. ജപ്പാനില്‍ ലാൻഡ്​ക്രൂസർ വാങ്ങാനെത്തുന്നവരോടുള്ള ഈ നിബന്ധന വാഹന ലോകത്ത് ഏറെ ചര്‍ച്ചയുമായി. 

Toyota Landcruiser Resale Banned Order For Prevent Taliban Usage

എന്നാല്‍ ഇപ്പോഴാണ് ടൊയോട്ടയുടെ ദീര്‍ഘവീക്ഷണമായിരുന്നു ഈ നീക്കത്തിന് പിന്നിലെന്ന് തെളിയുന്നതെന്നാണ് വാഹനപ്രേമികള്‍ പറയുന്നത്. കാരണം ഈ ഉത്തരവിറങ്ങി ദിവസങ്ങള്‍ക്കകം അഫ്ഘാന്‍ താലിബാന്‍റെ കാല്‍ക്കീഴിലായി എന്നതുതന്നെ. താലിബാൻ പോലുള്ള ഗ്രൂപ്പുകൾ തങ്ങളുടെ വാഹനങ്ങൾ ഉപയോഗിക്കുന്നത് തടയാനായിരുന്നു ടൊയോട്ടയുടെ നീക്കം. അതായത് മുന്‍കാലങ്ങളിലെപ്പോലെ തങ്ങളുടെ വാഹനങ്ങള്‍ ഭീകരകൃത്യങ്ങള്‍ ചെയ്യുന്നതിന് ഉപയോഗിക്കാന്‍ കമ്പനി അനുവദിക്കില്ലെന്ന് ചുരുക്കം. 

ഓർഡർ ചെയ്‍ത വാഹനം കയറ്റുമതി ചെയ്യുകയോ വിൽക്കുകയോ ചെയ്യില്ലെന്നുള്ള സമ്മതപത്രമായിരുന്നു കമ്പനി ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നത്. കരാറിലെ നിബന്ധനകൾ പാലിക്കാതിരുന്നാൽ ടൊയോട്ടയുടെ വാഹനങ്ങൾ വാങ്ങുന്നതിൽ നിന്ന് ഉപഭോക്താക്കളെ വിലക്കും. ആഗോള സുരക്ഷയ്ക്ക് ഭീഷണിയാകാൻ സാധ്യതയുള്ള ചില പ്രശ്‌നങ്ങളും വിദേശനാണ്യ നിയമ ലംഘനങ്ങളുടെ അപകടസാധ്യതകളും ചൂണ്ടിക്കാട്ടിയാണ് കമ്പനി നിബന്ധനകൾ വിശദീകരിച്ചിരിക്കുന്നത്. തീവ്രവാദികളുടെ ടൊയോട്ട വാഹന ഉപയോഗം കുറയ്ക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. കഠിനമായ ഭൂപ്രദേശങ്ങളിലും സഞ്ചരിക്കാനാകുമെന്നതിനാൽ തീവ്രവാദികളും മറ്റും ധാരാളമായി ഉപയോഗിക്കുന്ന വാഹനമാണ് ടൊയോട്ട ലാൻഡ് ക്രൂയിസർ.

Toyota Landcruiser Resale Banned Order For Prevent Taliban Usage

തീവ്രവാദ ഗ്രൂപ്പുകൾ ഇത്രയധികം ടൊയോട്ട വാഹനങ്ങൾ ഉപയോഗിക്കുന്നത് എന്തുകൊണ്ടെന്ന് അമേരിക്കൻ സർക്കാർ ജാപ്പനീസ് വാഹന നിർമാതാക്കളോട് ചോദിച്ചതിന് ശേഷമാണ് ഈ നീക്കം എന്നതും ശ്രദ്ധേയം.  ഇസ്ലാമിക് സ്റ്റേറ്റിന്റെ സമീപകാല പ്രചാരണ വീഡിയോകളിലും ടൊയോട്ട വാഹനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നത് കാണാം. പുതിയ ലാൻഡ് ക്രൂയിസർ സമാനമായ കുപ്രസിദ്ധി നേടുന്നില്ലെന്ന് ഉറപ്പുവരുത്താനാണ് ടൊയോട്ട പുതിയ കരാർ നയവുമായി രംഗത്തെത്തിയിരിക്കുന്നത്. നിയമം ലംഘിച്ചാൽ കമ്പനി ഡീലർമാർക്കും ഉപഭോക്താക്കൾക്കും പിഴ നൽകേണ്ടി വരും. വാഹനം സ്വന്തമായി ഓടിക്കാൻ ആഗ്രഹിക്കുന്ന 'യഥാർത്ഥ' ഉപയോക്താക്കൾ മാത്രമേ വാങ്ങാവൂ എന്നാണ് ടൊയോട്ട പറയുന്നത്​. കരാറിൽ ഒപ്പുവെച്ചശേഷവും വാഹനം വീണ്ടും വിൽക്കുന്ന ഉപഭോക്താക്കളെ നിർദിഷ്​ട സമയത്തേക്ക് മറ്റൊരു ടൊയോട്ട വാങ്ങുന്നതിൽ നിന്ന് വിലക്കാനാണ് നീക്കം.  

നിലവിൽ ലോകത്തെ ചുരുക്കം വിപണികളിലാണ്​ ലാൻഡ്​ക്രൂസർ വിൽപ്പനക്കെത്തിയിരിക്കുന്നത്​. അതിനാൽതന്നെ ലോകമെമ്പാടുമുള്ള ആവശ്യക്കാർ വാഹനത്തിനായി കാത്തിരിക്കുകയാണ്​. ജപ്പാനിൽ നിന്ന്​ കൂടുതൽ എണ്ണം വാഹനം വാങ്ങി ഉയർന്ന വിലക്ക്​ മറിച്ചുവിൽക്കുന്നത്​ പതിവാണ്​. ഇത്​ തടയാനും യഥാർഥ ആവശ്യക്കാർക്കുമാത്രം വാഹനം എത്തിക്കാനുമാണ്​ ടൊയോട്ട പുതിയ നിബന്ധനവച്ചിരിക്കുന്നത്​. പുതിയ 2022 എൽസി 300 ലാൻഡ് ക്രൂസറിന് ജപ്പാനിൽ ആയിരക്കണക്കിന് ബുക്കിംഗുകളാണ്​ ലഭിക്കുന്നത്​. 

Toyota Landcruiser Resale Banned Order For Prevent Taliban Usage

14 വർഷം നീണ്ട ഇടവേളക്കുശേഷമാണ്​ ലാൻഡ്​ ക്രൂസർ ടൊയോട്ട പുനരവതരിപ്പിക്കുന്നത്​. ലാൻഡ് ക്രൂസർ എൽസി 300 ആണ്​ രണ്ട് തലമുറകൾക്കിടയിലെ ഏറ്റവും ദൈർഘ്യമേറിയ ഇടവേളക്കുശേഷം നിരത്തിലെത്തിയത്​. ലാൻഡ്​ ക്രൂസർ എന്ന ​െഎതിഹാസിക ഉത്​പന്നം പിറന്നിട്ട്​ 70 വർഷങ്ങൾ തികയുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്​. അതുകൊണ്ടുതന്നെ ജപ്പാൻ ഉൾപ്പടെയുള്ള തിരഞ്ഞെടുത്ത വിപണികളിൽ ആനിവേഴ്​സറി പതിപ്പും ലാൻഡ്​ ക്രൂസറിനായി ടൊയോട്ട ഒരുക്കിയിട്ടുണ്ട്​.

2021 ജൂണ്‍ 10നാണ് 2021 മോഡല്‍ ലാൻഡ് ക്രൂയിസറിനെ ടൊയോട്ട വിപണിയില്‍ അവതരിപ്പിക്കുന്നത്. നിലവില്‍ വിപണിയിലുള്ള ലാൻഡ് ക്രൂയിസർ 200 മോഡലിനേക്കാൾ 200 കിലോഗ്രാമോളം ഭാരം കുറച്ചാണ് പുതിയ ലാൻഡ് ക്രൂയിസർ 300 സീരീസ് എത്തിയിരിക്കുന്നത്.  പുതിയ ടിഎൻജിഎ പ്ലാറ്റ്ഫോമിലാണ് വാഹനം എത്തുന്നത്. പ്ലാറ്റ്ഫോമിൽ മാറ്റമുണ്ടെങ്കിലും ലാൻഡ് ക്രൂയിസർ 200 പതിപ്പിന്റെ അതെ നീളവും വീതിയും ഉയരവുമാണ് ലാൻഡ് ക്രൂയിസർ 300 പതിപ്പിനും. 230 എംഎം ഗ്രൗണ്ട് ക്ലിയറൻസും അപ്പ്രോച്ച്, ഡിപ്പാർച്ചർ ആംഗിളുകളും അതേപടി തുടരുന്നു. ക്രോമിന്റെ അതിപ്രസരമുള്ള ഗ്രിൽ ആണ് മുൻ കാഴ്ചയിൽ ആകർഷണം. ലാൻഡ് ക്രൂയ്സറിന്റെ റോഡ് പ്രസൻസ് വർദ്ധിപ്പിക്കും വിധമാണ് പുത്തൻ ഗ്രിൽ ഡിസൈൻ ചെയ്‍തിരിക്കുന്നത്. ട്രൈ-ബീം എൽഇഡി പ്രൊജക്ടർ ഹെഡ്‍ലാംപുകൾ, റീഡിസൈൻ ചെയ്ത് സ്‌പോർട്ടി ഭാവത്തിലെത്തുന്ന ബമ്പറുകൾ, മസ്‍കുലാർ ആയ ബോണറ്റ്, 18-ഇഞ്ച് അലോയ് വീലുകൾ എന്നിവയാണ് എക്‌സ്റ്റീരിയറിലെ ആകർഷണങ്ങൾ.

 409 ബിഎച്ച്പി പവറും, 650 എൻഎം ടോർക്കും നിർമ്മിക്കുന്ന 3.5 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് വി6 പെട്രോൾ, 304.5 ബിഎച്ച്പി പവറും, 700 എൻഎം ടോർക്കും നിർമ്മിക്കുന്ന 3.3 ലിറ്റർ ട്വിൻ-ടർബോ വി6 ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിനുകളിലാണ് പുത്തൻ ടൊയോട്ട ലാൻഡ് ക്രൂയ്സർ എത്തുന്നത്. രണ്ട് എഞ്ചിനുകളും 10 സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയർബോക്‌സ് ആണ് ട്രാൻസ്‍മിഷൻ. 

Toyota Landcruiser Resale Banned Order For Prevent Taliban Usage

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Latest Videos
Follow Us:
Download App:
  • android
  • ios