കാറുകള്‍ 'പപ്പടമാകാതിരിക്കാൻ' കേന്ദ്രത്തിന്‍റെ 'സര്‍ജിക്കല്‍ സ്‍ട്രൈക്ക്', കയ്യടിച്ച് കാര്‍ കമ്പനികളും!
ആഗോള ഏജൻസിയായ ഗ്ലോബൽ എൻസിഎപിക്ക് പകരം ഇന്ത്യയിലെ കാർ നിർമ്മാതാക്കൾ സുരക്ഷാ റേറ്റിംഗുകൾ നേടുന്നതിന് ഇനി ഈ പരീക്ഷണങ്ങളിലൂടെ കടന്നുപോകേണ്ടിവരും. ഭാരത് എൻസിഎപി ഇന്ത്യൻ റോഡുകൾക്കായി ഇന്ത്യയിൽ നിർമ്മിച്ച കാറുകൾ പരീക്ഷിക്കും. ഈ ഒക്‌ടോബർ 1 മുതലാണ് ഇന്ത്യയുടെ സ്വന്തം ക്രാഷ് ടെസ്റ്റുകള്‍ക്ക് തുടക്കമാകുക.
ഭാരത് എൻസിഎപി എന്നറിയപ്പെടുന്ന ഭാരത് ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാം ഇന്ത്യയിൽ ആരംഭിക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഒക്‌ടോബർ 1 മുതലാണ് ഇന്ത്യയുടെ സ്വന്തം ക്രാഷ് ടെസ്റ്റുകള്‍ക്ക് തുടക്കമാകുക. ആഗോള ഏജൻസിയായ ഗ്ലോബൽ എൻസിഎപിക്ക് പകരം ഇന്ത്യയിലെ കാർ നിർമ്മാതാക്കൾ സുരക്ഷാ റേറ്റിംഗുകൾ നേടുന്നതിന് ഇനി ഈ പരീക്ഷണങ്ങളിലൂടെ കടന്നുപോകേണ്ടിവരും. ഭാരത് എൻസിഎപി ഇന്ത്യൻ റോഡുകൾക്കായി ഇന്ത്യയിൽ നിർമ്മിച്ച കാറുകൾ പരീക്ഷിക്കും. ഇപ്പോഴിതാ ഭാരത് എൻസിഎപിയെ ഇരുകയ്യും നീട്ടി സ്വാഗതം ചെയ്‍തിരിക്കുകയാണ് ഇന്ത്യയിലെ മുൻനിര കാർ നിർമ്മാതാക്കൾ. മാരുതി സുസുക്കി, ടൊയോട്ട മോട്ടോർ, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, സ്‌കോഡ, കിയ തുടങ്ങിയ കാർ നിർമ്മാതാക്കൾ ഭാരത് എൻസിഎപിക്ക് കയ്യടിയുമായി മുന്നോട്ടുവന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.
ഒക്‌ടോബർ 1 മുതൽ ഭാരത് എൻസിഎപി ആരംഭിക്കുമ്പോൾ ഇന്ത്യയ്ക്ക് സ്വന്തമായി കാർ സുരക്ഷാ റേറ്റിംഗ് സംവിധാനം ഉടൻ ഉണ്ടാകും. ഇന്ത്യൻ റോഡുകൾക്കായി ഇന്ത്യയിൽ നിർമ്മിച്ച കാറുകൾക്കൊപ്പം ഇന്ത്യയിൽ വാഹനങ്ങൾ നിർമ്മിക്കുകയോ മറ്റ് രാജ്യങ്ങളിൽ നിന്ന് വാഹനങ്ങൾ ഇറക്കുമതി ചെയ്യുകയോ ചെയ്യുന്ന കാർ നിർമ്മാതാക്കളും ഭാരത് എൻസിഎപിക്ക് മുന്നില്‍ സ്വമേധയാ സുരക്ഷാ പരിശോധനയ്ക്ക് വിധേയരാകേണ്ടി വരും. അവർ ഏജൻസിക്ക് ഒരു അപേക്ഷ സമർപ്പിക്കണം. അത് പരിശോധനാ ഫലങ്ങൾ അനുസരിച്ച് വാഹനങ്ങളെ റേറ്റുചെയ്യും. ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേർഡ് (AIS)-197 അനുസരിച്ചായിരിക്കും ഈ റേറ്റിംഗുകൾ.
ഭാരത് എൻസിഎപിക്ക് കീഴിൽ, കാറുകൾ വ്യത്യസ്ത സാഹചര്യങ്ങളിൽ ക്രാഷ് ടെസ്റ്റ് ചെയ്യപ്പെടുകയും അവയുടെ ഫലങ്ങൾ അനുസരിച്ച് ഒന്ന് മുതൽ അഞ്ച് വരെ റേറ്റുചെയ്യുകയും ചെയ്യും. ക്രാഷ് ടെസ്റ്റുകളിൽ 60 കിലോമീറ്ററിലധികം വേഗതയിൽ ഫ്രണ്ട്, സൈഡ്, പോൾ സൈഡ് ഇംപാക്ടുകൾ ഉൾപ്പെടും. മുതിർന്നവരുടെയും കുട്ടികളുടെയും സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ച് ഏജൻസി വാഹനങ്ങളെ റേറ്റുചെയ്യും.
ഇന്ത്യയിൽ വിൽക്കുന്ന കാറുകളിൽ സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള ശരിയായ ദിശയിലേക്കുള്ള ഒരു ചുവടുവയ്പ്പാണ് ഭാരത് എൻസിഎപിയെന്ന് ഇന്ത്യയിലെ ഒട്ടുമിക്ക പ്രമുഖ കാർ നിർമ്മാതാക്കളും പറഞ്ഞു. മഹീന്ദ്ര ആൻഡ് മഹീന്ദ്രയും ടാറ്റയും നേരത്തെ ഗ്ലോബൽ എൻസിഎപിയിൽ നിന്ന് ഉയർന്ന സുരക്ഷാ റേറ്റിംഗ് നേടിയ ഏറ്റവും കൂടുതൽ കാറുകളുള്ള രണ്ട് കാർ നിർമ്മാതാക്കളാണ്.
റോഡ് ഗതാഗത മന്ത്രാലയത്തിന്റെ ധീരമായ നടപടികളിലൊന്നാണ് ഇതെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്രയിലെ ഓട്ടോമോട്ടീവ് ടെക്‌നോളജി ആൻഡ് പ്രൊഡക്‌ട് ഡെവലപ്‌മെന്റ് പ്രസിഡന്റ് ആർ വേലുസാമി പറഞ്ഞു. ഭാരത് എൻസിഎപി നടപ്പാക്കുന്നതിനെ സ്വാഗതം ചെയ്യുന്നതായും സുരക്ഷിതമായ കാറുകൾ നിർമ്മിക്കുന്ന ഒഇഎമ്മുകൾക്ക് സർക്കാർ ചില ആനുകൂല്യങ്ങൾ നൽകുമെന്നും അത് തുടരാൻ പ്രോത്സാഹിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നുവെന്നും ഇത് കമ്പനികളെ അവരുടെ കാറുകൾ കൂടുതൽ സുരക്ഷിതമാക്കാനും ഇന്ത്യൻ ഉപഭോക്താക്കൾക്ക് ന്യായമായ വിലയ്ക്ക് നൽകാനും പ്രോത്സാഹിപ്പിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഉയർന്ന സുരക്ഷാ റേറ്റിംഗുള്ള കാറുകളുടെ കാര്യത്തിൽ അത്ര ശ്രദ്ധേയരല്ല രാജ്യത്തെ ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കി. ഗ്ലോബൽ എൻസിഎപി നേരത്തെ പരീക്ഷിച്ച അതിന്റെ മിക്ക മോഡലുകളും കുറഞ്ഞ സ്റ്റാർ റേറ്റിംഗാണ് നേടിയത്. എന്നാല്‍ ഭാരത് എൻസിഎപിയെ കമ്പനി സ്വാഗതം ചെയ്‍തു. ഇന്ത്യയിൽ വിൽക്കുന്ന മാരുതി കാറുകൾ വേണ്ടത്ര സുരക്ഷിതമാണെന്നും അത് സാക്ഷ്യപ്പെടുത്താൻ പുതിയ ടെസ്റ്റുകൾ സഹായിക്കുമെന്നും മാരുതി സുസുക്കി ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ഓഫീസർ (കോർപ്പറേറ്റ് അഫയേഴ്സ്) രാഹുൽ ഭാരതി പറഞ്ഞു. തത്ത്വത്തിൽ, ഉപഭോക്തൃ വിവരങ്ങളും ആധികാരിക വിവരങ്ങളിലൂടെ ഉപഭോക്താവിനെ ശാക്തീകരിക്കുന്നതും എല്ലായ്പ്പോഴും നല്ലതും സ്വാഗതാർഹവുമായ ചുവടുവെപ്പാണ്, അതിനാൽ മാരുതി സുസുക്കി അതിനെ പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്.ക്തമാക്കി.
ഭാരത്-എൻസിഎപി ശരിയായ ദിശയിലേക്കുള്ള ഒരു ചുവടുവയ്പാണെന്ന് തങ്ങൾ വിശ്വസിക്കുന്നുവെന്ന് ജാപ്പനീസ് വാഹന ബ്രാൻഡായ ടൊയോട്ട പറഞ്ഞു. പുതിയ സുരക്ഷാ മാനദണ്ഡങ്ങൾക്കായി വ്യവസായം മുൻകൈയെടുക്കുന്നുണ്ടെങ്കിലും, മെച്ചപ്പെട്ട സുരക്ഷാ ഫീച്ചറുകൾക്കായി ഉപഭോക്താക്കൾക്കിടയിൽ അവബോധം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ഇത് രാജ്യത്ത് പുരോഗതിക്കും പുതിയ മാനദണ്ഡങ്ങൾ അവതരിപ്പിക്കുന്നതിനും കൂടുതൽ പ്രചോദനം നൽകുന്നുവെന്നും ഒരു ടൊയോട്ടവക്താവ് വ്യക്തമാക്കി.
കിയയും സ്കോഡയുമാണ് ഈ നീക്കത്തെ ഔദ്യോഗികമായി സ്വാഗതം ചെയ്‍ത മറ്റ് രണ്ട് കാർ നിർമ്മാതാക്കൾ. സുരക്ഷ ഒരു പ്രധാന വശമാണെന്നും കാറിന്റെ ഘടനയ്‌ക്കൊപ്പം ഡ്രൈവറെയും അവരുടെ കുടുംബത്തെയും സുരക്ഷിതമായി നിലനിർത്തുന്നുവെന്നും കൂടുതൽ വളർച്ചയ്ക്കായി സ്‌കോഡ സുരക്ഷയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരുമെന്നും സ്കോഡ ഓട്ടോ ഇന്ത്യയുടെ ബ്രാൻഡ് ഡയറക്ടർ പീറ്റര്‍ സോള്‍ക്ക് പറഞ്ഞു. സ്‌കോഡയുടെ കുഷാക്ക് എസ്‌യുവിയും സ്ലാവിയ സെഡാനും അടുത്തിടെ ഗ്ലോബൽ എൻസിഎപി പരീക്ഷിച്ചിരുന്നു . രണ്ട് കാറുകൾക്കും ഏജൻസി വളരെ ഉയർന്ന റേറ്റിംഗ് ലഭിച്ചു.
തങ്ങളുടെ കാറുകൾ സുരക്ഷിതമാക്കുന്നതിനായി ഭാരത് എൻസിഎപിയുടെ കരട് വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നതെന്ന് ദക്ഷിണ കൊറിയൻ കാർ നിർമ്മാതാക്കളായ കിയ ഇന്ത്യയുടെ എംഡിയും സിഇഒയുമായ ടെയ്-ജിൻ പാർക്ക് വ്യക്തമാക്കി.