തിരുമ്പി വന്തിട്ടേന്ന് സൊല്ല്... തെരുവോരങ്ങളിൽ റോബിന് സ്ത്രീകളടക്കമുള്ളവരുടെ വമ്പൻ സ്വീകരണം
പടക്കം പൊട്ടിച്ചും പൂമാലയിട്ടും റോബിൻ ബസിന് സ്ത്രീകളടക്കമുള്ളവരുടെ വമ്പൻ സ്വീകരണം
വാളയാർ: തമിഴ്നാട് എംവിഡി കസ്റ്റഡിയിൽ നിന്ന് പുറത്തിറങ്ങി പത്തനംതിട്ടയിലേക്ക് സർവീസ് നടത്തുന്ന റോബിൻ ബസിന് തെരുവോരങ്ങളിൽ വമ്പൻ സ്വീകരണം. സ്ത്രീകളും കുട്ടികളും അടക്കമുള്ള അഭിവാദ്യങ്ങളർപ്പിച്ചുകൊണ്ടാണ് ബസിനെ വരവേറ്റത്. അഭിവാദ്യങ്ങൾ.. അഭിവാദ്യങ്ങൾ.. റോബിൻ ബസിന് അഭിവാദ്യങ്ങളെന്ന മുദ്രാവാക്യങ്ങളാൽ മുഗരിതമായ അന്തരീക്ഷത്തിലായിരുന്നു ബസ് കേരളത്തിലേക്ക് കടന്നത്. പേപ്പറുകൾ കീറിയെറിഞ്ഞും പടക്കം പൊട്ടിച്ചും ബസുടമയായ ഗിരീഷിന് അഭിവാദ്യങ്ങൾ അർപ്പിച്ച് പൂമാലകളിട്ടും ജനക്കൂട്ടം ബസിന് സ്വീകരണം നൽകി.
തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത റോബിൻ ബസ് നേരത്തെ 10,000 രൂപ പിഴ അടച്ചതിന് പിന്നാലെ വിട്ടുനല്‍കിയിരുന്നു. പെർമിറ്റ് ലംഘനത്തിനാണ് പിഴ ഈടാക്കിയത്. കോയമ്പത്തൂർ സെൻട്രൽ ആര്‍ടിഒയുടെതായിരുന്നു നടപടി. അതേസമയം, റോബിൻ ബസ് ഇന്ന് മുതൽ സാധാരണ പോലെ സർവീസ് തുടരുമെന്ന് ഉടമ അറിയിക്കുകയും. വൈകീട്ട് 5 മണി മുതൽ കോയമ്പത്തൂരിൽ നിന്ന് പത്തനംതിട്ടയിലേക്ക് സർവീസ് തുടരുകയുമായിരുന്നു.
രണ്ടാംദിനം സർവീസിന് ഇറങ്ങിയ റോബിൻ ബസിനെ കഴിഞ്ഞ ദിവസമാണ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തത്. പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയാണ് റോബിൻ ബസിനെ പിടികൂടിയത്. കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തിയ ബസ് വാളയാര്‍ അതിര്‍ത്തി കടന്നപ്പോഴാണ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് പിടികൂടിയത്.
കസ്റ്റഡിയിലെടുത്ത ബസ് യാത്രക്കാർ ഉൾപ്പെടെ മോട്ടോർ വാഹന വകുപ്പിന്റെ ഗാന്ധിപുരം സെൻട്രൽ ഓഫീസിലേക്ക് മാറ്റുകയും ചെയ്തു. ബസിലെ യാത്രക്കാരെ അന്ന് രാത്രിയോടെ തന്നെ നാട്ടിലേക്ക് എത്തിച്ചിരുന്നു. വാളയാർ അതിർത്തി വരെ തമിഴ്നാട് ആർടിസി ബസിലും ഇതിന് ശേഷം ബസുടമയും വാഹനം ഏർപ്പാട് ചെയ്തിരുന്നു. ഈ വാഹനത്തിലാണ് യാത്രക്കാരെ പത്തനംതിട്ടയിലെത്തിച്ചത്.
അതേസമയം, മുൻകൂർ ബുക്ക് ചെയ്ത യാത്രക്കാരുമായി സർവ്വീസ് നടത്താൻ റോബിൻ ബസിന് ഹൈക്കോടതി നൽകിയ ഇടക്കാല അനുമതി രണ്ടാഴ്ച കൂടി നീട്ടി. ബസ് ഉടമയുടെ അഭിഭാഷകൻ മരിച്ച സാഹചര്യത്തിൽ പുതിയ അഭിഭാഷകനെ ചുമതലപ്പെടുത്താനുള്ള സാവകാശം കൂടി കണക്കിലെടുത്താണ് തീരുമാനം. റോബിൻ ബസ് നിയമലംഘനങ്ങൾ തുടരുകയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. നിയമ ലംഘനത്തിന് തമിഴ്നാട് സർക്കാർ നടപടിയെടുത്തതായി പത്രങ്ങളിലൂടെ അറിഞ്ഞെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹർജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി.