Tata Nexon Hybrid : ടാറ്റ നെക്‌സോൺ ഹൈബ്രിഡ് പതിപ്പ് പരീക്ഷണയോട്ടത്തില്‍
പുതിയ മോഡലുകൾ മാത്രമല്ല, ഗ്രീൻ മൊബിലിറ്റിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനി അടുത്ത മൂന്നുനാല് വർഷത്തിനുള്ളിൽ ഏഴ് ഇവികൾ കൂടി പുറത്തിറക്കാൻ പദ്ധതിയിടുന്നു
പുതിയ ഇനം കാറുകൾക്ക് മികച്ച പ്രതികരണം ലഭിച്ചതോടെ ടാറ്റ മോട്ടോഴ്‌സ് (Tata Motors) വിൽപ്പന കൂടുതൽ വർധിപ്പിക്കുന്നതിനായി പുതിയ ഉൽപ്പന്നങ്ങളുടെ വിപുലമായ ശ്രേണി ഒരുക്കാനുള്ള നീക്കത്തിലാണ്. പുതിയ മോഡലുകൾ മാത്രമല്ല, ഗ്രീൻ മൊബിലിറ്റിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനി അടുത്ത മൂന്ന് നാല് വർഷത്തിനുള്ളിൽ ഏഴ് ഇവികൾ കൂടി പുറത്തിറക്കാൻ പദ്ധതിയിടുന്നു. മാത്രമല്ല, ടാറ്റ മോട്ടോഴ്‌സ് അതിന്റെ പെട്രോൾ പവർ കാറുകൾക്കായി മൈൽഡ് ഹൈബ്രിഡ് (Hybrid) സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോർട്ട്.
ടാറ്റ മോട്ടോഴ്‌സ് നെക്‌സോണിനായി (Tata Nexon) പെട്രോൾ മൈൽഡ്-ഹൈബ്രിഡ് പവർട്രെയിനിന്‍റെ പണിപ്പുരയിലാണെന്ന് ടീം ബിഎച്ച്പിയെ ഉദ്ദരിച്ച് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നെക്‌സോൺ കോംപാക്‌ട് എസ്‌യുവിയുടെ ഒരു പ്രോട്ടോടൈപ്പ് ഇത്തരത്തില്‍ പരീക്ഷണയോട്ടം നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ടാറ്റ നെക്‌സോൺ ഹൈബ്രിഡ് ആയിരിക്കും സ്‌പോട്ട് മോഡൽ എന്ന് ടീം-ബിഎച്ച്പി റിപ്പോർട്ട് സൂചിപ്പിക്കുന്നു.
വരാനിരിക്കുന്ന CAFE, പുതുക്കിയ BS6 എമിഷൻ മാനദണ്ഡങ്ങൾ പാലിക്കാൻ ഹൈബ്രിഡ് പതിപ്പ് ടാറ്റ നെക്‌സോണിനെ സഹായിക്കും. ഈ സബ്-4 മീറ്റർ എസ്‌യുവിക്ക് നിലവിൽ 1.2 ലിറ്റർ 3-സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ 118 ബിഎച്ച്പിയും 170 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയും. ട്രാൻസ്‍മിഷൻ തിരഞ്ഞെടുപ്പുകളിൽ 6-സ്പീഡ് മാനുവൽ, 6-സ്പീഡ് എഎംടി (ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്‍മിഷൻ) തുടങ്ങിയവ ഉൾപ്പെടുന്നു.
ടാറ്റ നെക്‌സോൺ നിലവിൽ ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സബ്-4 മീറ്റർ എസ്‌യുവികളിൽ ഒന്നാണ്. പ്രതിമാസം 9,000 മുതൽ 10,000 യൂണിറ്റുകൾ വരെ കമ്പനി വിൽക്കുന്നു. സാധാരണ നെക്‌സോൺ മാത്രമല്ല, ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാർ കൂടിയാണ് ഇലക്ട്രിക് മോഡൽ.
2018ല്‍ ഗ്ലോബൽ NCAP നടത്തിയ ഇടി പരീക്ഷയില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കിയ മോഡലാണ് നെക്സോണ്‍. മൂന്നരവർഷത്തോളം എടുത്തായിരുന്നു ടാറ്റ മോട്ടോഴ്‌സ് നെക്‌സോണിനെ കമ്പനി രൂപകല്‍പ്പന ചെയ്‍ത് അവതരിപ്പിച്ചത്. 17 ലക്ഷം കിലോമീറ്റര്‍ പ്രിലോഞ്ച് ടെസ്റ്റ് ഡ്രൈവ് നടത്തിയും മൈനസ് 20 മുതൽ പ്ലസ് 50 വരെയുള്ള കാലാവസ്ഥകളിൽ ഓടിച്ചും സമുദ്ര നിരപ്പുമുതൽ 18,000 അടി ഉയരെ വരെ ഓടിച്ചു കയറ്റിയുമൊക്കെ കർശനമായ പരീക്ഷണ നിരീക്ഷണങ്ങൾക്കു ശേഷമായിരുന്നു മൂന്നരവര്‍ഷങ്ങള്‍ക്കു മുമ്പ് നെക്‌സോൺ അന്തിമരൂപം പ്രാപിച്ചത്.
എത്തി നാല് വര്‍ഷം തികയും മുമ്പേ നിരത്തിലും വിപണിയിലും സൂപ്പര്‍ഹിറ്റാണ് നെക്സോണ്‍. രണ്ട് ലക്ഷം യൂണിറ്റ് നെക്‌സോണുകളാണ് ഇതുവരെ ടാറ്റ നിര്‍മിച്ചു വിറ്റതെന്നാണ് കണക്കുകള്‍. നിലവില്‍ ടാറ്റ മോട്ടോഴ്‌സിന്റെ ബെസ്റ്റ് സെല്ലിംഗ് മോഡലുകളിലൊന്നാണ് നെക്‌സോണ്‍. പ്രതിമാസം ശരാശരി 6,000 മുതല്‍ 7,000 വരെ യൂണിറ്റ് നെക്‌സോണുകള്‍ വിറ്റുപോകുന്നുണ്ടെന്നാണ് കണക്കുകള്‍. ഫ്ളെയിം റെഡ്, ഫോലിയെജ് ഗ്രീന്‍, ഡേടോണ ഗ്രേ, കാല്‍ഗറി വൈറ്റ്, പ്യുര്‍ സില്‍വര്‍ എന്നീ അഞ്ച് നിറങ്ങളില്‍ മാത്രമാണ് ടാറ്റ നെക്സോണ്‍ ലഭിക്കുന്നത്. അടുത്തിടെ എസ്‌യുവിയുടെ ‘ടെക്ടോണിക് ബ്ലൂ’ കളര്‍ ഓപ്ഷന്‍ അവസാനിപ്പിച്ചിരുന്നു.
ടാറ്റ നെക്സോണ്‍ ഇപ്പോൾ 1.2 ലിറ്റര്‍ റെവോട്രോണ്‍ പെട്രോള്‍, 1.5 ലിറ്റര്‍ റെവോടോര്‍ക്ക് ഡീസല്‍ എന്നീ രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലാണ് ലഭിക്കുന്നത്. പെട്രോള്‍ എന്‍ജിന്‍ 118 ബിഎച്ച്പി കരുത്തും 170 എന്‍എം ടോര്‍ക്കുമാണ് പരമാവധി ഉല്‍പ്പാദിപ്പിക്കുന്നത്. പരമാവധി 108 ബിഎച്ച്പി കരുത്തും 260 എന്‍എം ടോര്‍ക്കുമാണ് ഡീസല്‍ എൻജിൻ പുറപ്പെടുവിക്കുന്നത്. 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ സ്റ്റാന്‍ഡേഡായി ഘടിപ്പിച്ചു. എഎംടി ഓപ്ഷണലാണ്.
2020 ആദ്യമാണ് മലിനീകരണ നിയന്ത്രണത്തിൽ ബി എസ് 6 നിലവാരമുള്ള നെക്സോണ്‍ വിപണിയില്‍ എത്തിയത്. പിന്നാലെ 2020 സെപ്റ്റംബറില്‍ ഇന്ത്യയിൽ സൺറൂഫ് സഹിതം വിൽപനയ്ക്കെത്തുന്ന ഏറ്റവും വില കുറഞ്ഞ കാർ എന്ന പേരും ടാറ്റ നെക്സോണ്‍ സ്വന്തമാക്കിയിരുന്നു.