എത്തീ, പുതിയ കരുത്തുമായി ടാറ്റയുടെ ചുണക്കുട്ടി
മോഡലിന്‍റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ടര്‍ബോ പതിപ്പിന്‍റെ അവതരണമെന്ന് കമ്പനി പറയുന്നു.
രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മതാക്കളായ ടാറ്റയുടെ ആദ്യത്തെ പ്രീമിയം ഹാച്ച് ബാക്ക് മോഡലാണ് അള്‍ട്രോസ്. 2020 ജനുവരിയിലാണ് അള്‍ട്രോസിനെ ടാറ്റ ആദ്യമായി വിപണിയില്‍ അവതരിപ്പിക്കുന്നത്. ഒരു വര്‍ഷം കൊണ്ട് ജനപ്രിയ മോഡലായി മാറിയ അള്‍ട്രോസിന്‍റെ ടര്‍ബോ പതിപ്പും വിപണിയിലേക്ക് എത്തുകയാണ്. മോഡലിന്‍റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ടര്‍ബോ പതിപ്പിന്‍റെ അവതരണമെന്ന് കമ്പനി പറയുന്നു.
XT, XZ, XZ+ എന്നീ മൂന്ന് വേരിയന്റുകളിലാണ് അല്‍ട്രോസ് ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ 108 ബി.എച്ച്.പി.പവറും 140 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവലാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. ടര്‍ബോ എന്‍ജിനൊപ്പം ഡ്യുവല്‍ ക്ലെച്ച് ട്രാന്‍സ്മിഷന്‍ നല്‍കിയേക്കുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും ഇത് ഭാവിയില്‍ പ്രതീക്ഷിക്കാമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അതേസമയം പുതിയ മോഡലിന്‍റെ വില അറിയാന്‍ ജനുവരി 22 വരെ വീണ്ടും കാത്തിരിക്കണം. എന്നാല്‍ ജനുവരി 14 മുതല്‍ ടര്‍ബോ എന്‍ജിന്‍ അല്‍ട്രോസ് ബുക്കിങ്ങ് ആരംഭിക്കുമെന്നും 11,000 രൂപ അഡ്വാന്‍സ് നല്‍കി വാഹനം ബുക്ക് ചെയ്യാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ടാറ്റ നെക്‌സോണില്‍ നല്‍കിയിട്ടുള്ള പെട്രോള്‍ ടര്‍ബോ എന്‍ജിനാണ് അല്‍ട്രോസിലും. 11.9 സെക്കന്റില്‍ ഇത് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. ടര്‍ബോ എന്‍ജിന് പുറമെ, 1.2 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.5 ഡീസല്‍ എന്‍ജിനുകളിലാണ് ടര്‍ബോ എത്തുന്നത്.
അഞ്ച് നിറങ്ങളിലാണ് അല്‍ട്രോസ് ടര്‍ബോ പെട്രോള്‍ മോഡല്‍ വിപണിയില്‍ എത്തുക. ഹാര്‍ബര്‍ ബ്ലു, ഹൈ സ്ട്രീറ്റ് ഗോള്‍ഡ്, മിഡ്ടൗണ്‍ ഗ്രേ, ഡൗണ്‍ടൗണ്‍ റെഡ്, അവന്യു വൈറ്റ് എന്നിവയാണ് അല്‍ട്രോസിലെ നിറങ്ങള്‍. ടര്‍ബോ എന്‍ജിനിലേക്ക് മാറിയതോടെ ZX+ എന്ന വേരിയന്റ് നല്‍കി അല്‍ട്രോസ് നിര വിപുലമാക്കിയിട്ടുണ്ട്. ടര്‍ബോ ബാഡ്‍ജിംഗ് മാറ്റി നിര്‍ത്തിയാല്‍ ഡിസൈനില്‍ കാര്യമായ മാറ്റം വരുത്താതെയാണ് പുതിയ അല്‍ട്രോസ് എത്തുന്നത്.
ടര്‍ബോ എന്‍ജിന്‍ മോഡലിന്റെ ഇന്റീരിയര്‍ കൂടുതല്‍ ഫീച്ചര്‍ സമ്പന്നമായി. ലെതര്‍ സീറ്റുകള്‍, മള്‍ട്ടി ഡ്രൈവ് മോഡ്, ഹൈറ്റ് അഡ്ജസ്റ്റ് ഡ്രൈവര്‍ സീറ്റ്, റിയര്‍ ആംറെസ്റ്റ്, വണ്‍ ടച്ച് പവര്‍ വിന്‍ഡോ, എക്‌സ്‌പ്രെസ് കൂള്‍ ഫങ്ഷന്‍, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, കണക്ടഡ് കാര്‍ ഫീച്ചറുകള്‍ ഒരുക്കാന്‍ ഐ.ആര്‍.എ. ടെക് സാങ്കേതികവിദ്യ, ഇംഗ്ലീഷിലും, ഹിഗ്ലീഷിലും വോയിസ് കമാന്റ് നല്‍കാന്‍ കഴിയുന്ന സംവിധാനം തുടങ്ങിയവയാണ് ഇന്റീരിയറിലെ വേറിട്ട ഫീച്ചറുകള്‍. ഹ്യുണ്ടായി ഐ20 ടര്‍ബോ, ഫോക്‌സ്‌വാഗണ്‍ പോളോ തുടങ്ങിയവരാണ് അല്‍ട്രോസ് ടര്‍ബോയുടെ എതിരാളികള്‍.
2020 ജനുവരിയിലാണ് അള്‍ട്രോസിനെ ടാറ്റ ആദ്യമായി വിപണിയില്‍ അവതരിപ്പിക്കുന്നത്. നിലവില്‍ XE, XM, XT, XZ, XZ (O) എന്നീ വകഭേദങ്ങളായെത്തുന്ന ഈ വാഹനത്തില്‍ ബിഎസ്-6 നിലവാരത്തിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് കരുത്തേകുന്നത്. പെട്രോള്‍ എന്‍ജിന്‍ 86 പിഎസ് പവറും 113 എന്‍എം ടോര്‍ക്കും, ഡീസല്‍ 90 പിഎസ് പവറും 200 എന്‍എം ടോര്‍ക്കുമാണ് സൃഷ്‍ടിക്കുന്നത്. അഞ്ച് സ്പീഡ് മാനുവലാണ് ട്രാന്‍സ്‍മിഷന്‍. ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ സുരക്ഷാ റേറ്റിങും വാഹനം സ്വന്തമാക്കിയിട്ടുണ്ട്. ഇന്ന് രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തുന്ന ഏറ്റവും സുരക്ഷിതമായ പ്രീമിയം ഹാച്ച്ബാക്ക് വാഹനമാണ് ആള്‍ട്രോസ്. ടാറ്റയുടെ ആല്‍ഫ പ്ലാറ്റ്ഫോമിലാണ് വാഹനത്തിന്റെ നിര്‍മ്മാണം. ഇംപാക്റ്റ് 2.0 ഡിസൈന്‍ ശൈലിയില്‍ എത്തുന്ന രണ്ടാമത്തെ ടാറ്റ വാഹനം കൂടിയാണിത്.
45 എക്‌സ് കൺസെപ്റ്റ് മോഡലെന്ന നിലയിൽ ടാറ്റ മോട്ടോഴ്‌സ് ആദ്യമായി 2018 ഫെബ്രുവരിയിൽ ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച വാഹനം, തുടർന്ന് 2018 മാർച്ചിൽ ജനീവ ഇന്റർനാഷണൽ മോട്ടോർ ഷോയിലും പ്രദർശിപ്പിച്ചിരുന്നു. ഫ്യൂച്ചറിസ്റ്റ് ഡിസൈനും അതിശയകരമായ പ്രൊഫൈലും കൊണ്ട് ഇരു ഷോകളിലും 45 എക്‌സ് കൺസെപ്റ്റ് പ്രേക്ഷകരെ അമ്പരപ്പിച്ചിരുന്നു. ആശയം യാഥാർത്ഥ്യത്തിലേക്ക് വഴിമാറിക്കൊണ്ട് ടാറ്റ മോട്ടോഴ്സ് 2019 മാർച്ചിൽ ജനീവ ഇന്റർനാഷണൽ മോട്ടോർസ് ഷോയിൽ വെച്ചാണ് അള്‍ട്രോസിനെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നത്. 'ആൽബട്രോസ്' എന്ന മനോഹരമായ കടൽ പക്ഷിയുടെ പേരിൽ നിന്നുമാണ് അൾട്രോസ് എന്ന പേര് ലഭിച്ചത്. ഏറ്റവും വലിപ്പംകൂടിയ കടൽപ്പക്ഷിയാണ് ആൽബട്രോസ്.