Tata : 'ക്ഷ' വരച്ച് കൊറിയന്‍ കമ്പനി, വമ്പന്‍ നേട്ടവുമായി ടാറ്റ, ആകാംക്ഷയില്‍ വാഹനലോകം!

2021 നവംബറിലെ വില്‍പ്പന കണക്കുകള്‍ അനുസരിച്ച് ടാറ്റ മോട്ടോഴ്‌സിന് 38 ശതമാനം വിൽപ്പന വളർച്ച

Tata Motors Closing The Gap To Hyundai In November 2021 Vehicle Sales

2021 നവംബർ മാസത്തെ വിൽപ്പന ഡാറ്റ പുറത്തുവിട്ടിരിക്കുകയാണ് ഇന്ത്യയിലെ കാർ നിർമ്മാതാക്കൾ .  ഈ  വിൽപ്പന കണക്കുകള്‍ പുറത്തു വരുമ്പോള്‍ ദക്ഷിണ കൊറിയന്‍ (South Korea) വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിക്ക് (Hyundai) വമ്പന്‍ വെല്ലുവിളിയായിരിക്കുകയാണ് ഇന്ത്യയുടെ സ്വന്തം ടാറ്റാ മോട്ടോഴ്‍സ് (Tata Motors). ടാറ്റ മോട്ടോഴ്‌സ് അതിവേഗം വിപണി വിഹിതം വർധിപ്പിക്കുമ്പോൾ, ഹ്യുണ്ടായിയുടെ വിൽപ്പനയിൽ കാര്യമായ ഇടിവ് രേഖപ്പെടുത്തിയതായി ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

2021 നവംബറിൽ ടാറ്റ മോട്ടോഴ്‌സിന് 38 ശതമാനം വിൽപ്പന വളർച്ചയാണ് ലഭിച്ചത്. കഴിഞ്ഞ വർഷം ഇതേ മാസത്തിലെ 21,228 യൂണിറ്റുകളിൽ നിന്ന് നവംബറിൽ കമ്പനി 28,027 വാഹനങ്ങൾ വിറ്റു. അങ്ങനെ വില്‍പ്പനയില്‍ 32 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. കമ്പനിയുടെ EV വിൽപ്പന 324% വർദ്ധിച്ചു, കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 413 യൂണിറ്റുകളിൽ നിന്ന് കഴിഞ്ഞ മാസം 1,751 EV-കൾ ടാറ്റ വിതരണം ചെയ്‍തു.

പാസഞ്ചർ വാഹന വിഭാഗത്തിൽ മാത്രമല്ല, വാണിജ്യ, പാസഞ്ചർ വാഹനങ്ങൾ ഉൾപ്പെടെ ടാറ്റ മോട്ടോഴ്‌സിന്റെ ആഭ്യന്തര വിൽപ്പനയിൽ 21% വാർഷിക വളർച്ച രേഖപ്പെടുത്തി. ടാറ്റയുടെ വാണിജ്യ വിഭാഗം പ്രതിവർഷം 15% വളർച്ച രേഖപ്പെടുത്തി. നവംബറിൽ കമ്പനി 32,254 വാണിജ്യ വാഹനങ്ങൾ വിറ്റഴിച്ചു, കഴിഞ്ഞ വർഷം ഇതേ മാസം 27,982 യൂണിറ്റുകൾ വിറ്റു.

അതേസമയം ഹ്യുണ്ടായ് മോട്ടോർ കമ്പനിക്ക് വർഷാവർഷം 24.18 ശതമാനം നെഗറ്റീവ് വളർച്ചയാണ് ലഭിച്ചത്. 2021 നവംബറിൽ കമ്പനി 37,001 യൂണിറ്റുകൾ വിറ്റു, കഴിഞ്ഞ വർഷം ഇതേ മാസത്തിൽ 48,800 യൂണിറ്റുകൾ വിറ്റു. ഒക്‌ടോബർ മാസത്തിൽ 37,021 യൂണിറ്റുകള്‍ മാത്രമാണ് ഹ്യുണ്ടായ് വിറ്റഴിച്ചത്.

ഹ്യുണ്ടായിയുടെ കയറ്റുമതിയും ഇടിഞ്ഞെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹ്യുണ്ടായിയുടെ കയറ്റുമതി 4.72 ശതമാനം നെഗറ്റീവ് വളർച്ചയുണ്ടായി. 2020ല്‍ ഇതേ മാസം 10,400 യൂണിറ്റുകൾ കയറ്റുമതി ചെയ്‍ത സ്ഥാനത്ത് 2021 നവംബറിൽ കമ്പനി 9,909 യൂണിറ്റുകൾ കയറ്റുമതി ചെയ്‍തു. സെമി കണ്ടക്ടര്‍ ചിപ്പുകളുടെ ആഗോള ക്ഷാമം നവംബറിലെ വിൽപ്പനയെ ബാധിച്ചതായി ഹ്യുണ്ടായ് അവകാശപ്പെടുന്നു.

ഹ്യൂണ്ടായും ടാറ്റ മോട്ടോഴ്‌സും തമ്മിലുള്ള വിൽപ്പന സംഖ്യയിലെ അന്തരം വെറും 8,000 യൂണിറ്റിൽ താഴെയായി കുറഞ്ഞു എന്നതാണ് രസകരമായ കാര്യം. പഞ്ച്, ഹാരിയർ, സഫാരി, ആൾട്രോസ്, നെക്‌സോൺ, ടിയാഗോ എന്നിവയുൾപ്പെടെയുള്ള പുതിയ ഇനം കാറുകളുടെ വിജയം ടാറ്റ മോട്ടോഴ്‌സിന് നേട്ടമായി. അതിന്റെ മിക്ക കാറുകളും പ്രതിമാസം 5,000-ത്തിലധികം വിൽപ്പന നടത്തുന്നു. ടാറ്റ നെക്‌സോൺ അതിന്റെ വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളിൽ ഒന്നാണ്.

അതേസമയം സെമി-കണ്ടക്ടർ ചിപ്പുകളുടെ ആഗോള ക്ഷാമം കാരണം ഹ്യുണ്ടായിയെക്കൂടാതെ മിക്ക വാഹന നിർമ്മാതാക്കളും നെഗറ്റീവ് വിൽപ്പന റിപ്പോർട്ട് റിപ്പോർട്ട് ചെയ്‍തിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കിയും വിൽപ്പനയിൽ വൻ ഇടിവ് രേഖപ്പെടുത്തി. എന്നാല്‍ ടാറ്റ മോട്ടോഴ്‌സിനൊപ്പം നിസാൻ, മഹീന്ദ്ര എന്നിവ കഴിഞ്ഞ മാസം നല്ല വിൽപ്പന വളർച്ച രേഖപ്പെടുത്തി എന്നാണ് കണക്കുകള്‍.

Latest Videos
Follow Us:
Download App:
  • android
  • ios