"ഗെറ്റ് റെഡി, ചാർജ്ജ്..!" ചൈനയ്ക്കും കൊറിയയ്ക്കും എട്ടിന്‍റെ പണിയുമായി ടാറ്റയും ഗുജറാത്തും!
ഏകദേശം 130 ബില്യൺ രൂപയുടെ (1.58 ബില്യൺ ഡോളർ) നിക്ഷേപത്തെ അടിസ്ഥാനമാക്കിയാണ് ഈ കരാര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്വന്തം ഇലക്ട്രിക് വാഹന വിതരണ ശൃംഖല സൃഷ്ടിക്കുന്നതിനുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ ഭാഗമായി, ലിഥിയം-അയൺ സെൽ ഫാക്ടറി നിർമ്മിക്കുന്നതിനുള്ള രൂപരേഖയിൽ ടാറ്റ ഗ്രൂപ്പും ഗുജറാത്ത് സര്‍ക്കാരും തമ്മില്‍ കഴിഞ്ഞ ദിവസം ഒപ്പുവച്ചു. ഏകദേശം 130 ബില്യൺ രൂപയുടെ (1.58 ബില്യൺ ഡോളർ) നിക്ഷേപത്തെ അടിസ്ഥാനമാക്കിയാണ് ഈ കരാര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.
ടാറ്റ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ അഗ്രതാസ് എനർജി സ്റ്റോറേജ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡാണ് ഇതുമായി ബന്ധപ്പെട്ട് പുതിയ ഇലക്‌ട്രോണിക്‌സ് പോളിസി (2022-28) പ്രകാരം ഗുജറാത്ത് സർക്കാരുമായി ധാരണാപത്രം ഒപ്പുവച്ചത്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ സാന്നിധ്യത്തിലാണ് ടാറ്റ ഗ്രൂപ്പും ഗുജറാത്ത് സർക്കാരും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചത്. ധാരണാപത്രത്തിൽ ഗുജറാത്ത് ഗവൺമെന്റ് സയൻസ് ആൻഡ് ടെക്‌നോളജി സെക്രട്ടറി വിജയ് നെഹ്‌റയും അഗ്രതാസ് എനർജി സ്റ്റോറേജ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സിഇഒ രാകേഷ് രഞ്ജനും ഒപ്പുവച്ചു. ഈ ധാരണാപത്രം ലിഥിയം-അയൺ സെൽ നിർമ്മാണത്തിനായി സമർപ്പിച്ചിരിക്കുന്ന ഒരു ജിഗാഫാക്‌ടറി സൃഷ്ടിക്കുന്നതിനുള്ള അടിത്തറ സ്ഥാപിക്കുന്നു.
ധാരണാപത്രത്തെക്കുറിച്ചുള്ള സംയുക്ത പ്രസ്‍താവനയിൽ, വടക്കൻ ഗുജറാത്തിലെ സാനന്ദിൽ സ്ഥാപിക്കുന്ന പ്ലാന്റിന്റെ പ്രവർത്തനങ്ങൾ മൂന്ന് വർഷത്തിനുള്ളിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വ്യക്തമാക്കി. ഇതിന് 20 ഗിഗാവാട്ട് മണിക്കൂർ (GWh) പ്രാരംഭ നിർമ്മാണ ശേഷി ഉണ്ടായിരിക്കും. ഇത് രണ്ടാം ഘട്ട വിപുലീകരണത്തിൽ ഇരട്ടിയാക്കാൻ കഴിയുമെന്ന് പ്രസ്താവനയിൽ പറയുന്നു. ഗുജറാത്തിലെയും ഇന്ത്യയിലെയും ഇവി ഉല്‍പ്പാദനത്തിന്‍റെയും വില്‍പ്പനയുടെയും വികസനത്തിന് ഈ പ്ലാന്റ് വളരെയധികം സംഭാവന നൽകുമെന്ന് ഗുജറാത്ത് സംസ്ഥാന സർക്കാരിലെ ഒരു ഉദ്യോഗസ്ഥൻ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഈ പ്ലാന്‍റ് നിലവില്‍ വരുന്നതോടെ ചൈന, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ബാറ്ററി സെൽ വിതരണക്കാരെ ഇന്ത്യൻ കമ്പനികള്‍ ആശ്രയിക്കുന്നത് കുറഞ്ഞേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ സംരംഭം പ്രത്യക്ഷമായും പരോക്ഷമായും കാര്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും 13,000-ത്തിലധികം വ്യക്തികൾക്ക് പ്രയോജനം ചെയ്യുമെന്നും സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് കൂടുതൽ സംഭാവന നൽകുമെന്നും പ്രതീക്ഷിക്കുന്നു. മാത്രമല്ല, 2030-ഓടെ 50 ശതമാനം കാർബൺ പുറന്തള്ളൽ രഹിത ഊർജവും 100 ശതമാനം ഇലക്ട്രിക് വാഹന സ്വീകാര്യതയും കൈവരിക്കുക എന്ന ഗുജറാത്തിന്‍റെ ലക്ഷ്യങ്ങളെയും ഈ ജിഗാഫാക്‌ടറി സാക്ഷാല്‍ക്കരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജനസംഖ്യയുടെ വലിപ്പവുമായി താരതമ്യം ചെയ്യുമ്പോൾ, ഇന്ത്യയുടെ കാർ വിപണി വളരെ ചെറുതാണ്. ടാറ്റ മോട്ടോഴ്‌സ് അതിന്റെ ഇലക്ട്രിക് വാഹന (ഇവി) വിൽപ്പനയിൽ ആധിപത്യം പുലർത്തുന്നു. ഇത് കഴിഞ്ഞ വർഷത്തെ ഇന്ത്യയുടെ മൊത്തം കാർ വിൽപ്പനയായ 3.8 ദശലക്ഷത്തിന്റെ ഒരു ശതമാനം മാത്രമാണ്.
അതേസമയം ടാറ്റയില്‍ നിന്നുള്ള മറ്റ് വാര്‍ത്തകളില്‍ ടാറ്റയുടെ മൈക്രോ എസ്‌യുവി കാറായ പഞ്ചിന്റെ ഇലക്ട്രിക്ക് പതിപ്പിനായുള്ള കാത്തിരിപ്പിലാണ് വാഹനലോകം. പഞ്ച് ഇലക്ട്രിക് കാർ പൂർണ്ണമായി ചാർജ് ചെയ്താൽ 350 കിലോമീറ്റർ ഓടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പഞ്ച് ഇവിക്ക് രണ്ട് ബാറ്ററി പായ്ക്കുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് പുതിയ റോട്ടറി ഡയലും ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്കും ലഭിക്കും. അടുത്തിടെ ഇത് പരീക്ഷിക്കുന്നതിനിടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഏഴ് ഇഞ്ച് ടച്ച് സ്‌ക്രീനും ഓട്ടോ എസിയും ടാറ്റ പഞ്ച് ഇവിക്ക് ലഭിക്കും.
നിലവിൽ, ഇലക്ട്രിക്ക് പഞ്ചിന്‍റെ ലോഞ്ച് തീയതിയും വിലയും സംബന്ധിച്ച് കമ്പനി ഒരു വെളിപ്പെടുത്തലും നടത്തിയിട്ടില്ല. 2023 ഡിസംബറിന് മുമ്പ് ഇത് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കപ്പെടാൻ സാധ്യതയുണ്ട്. ഇതിന്റെ പ്രാരംഭ വില 12 ലക്ഷം രൂപ എക്‌സ്‌ഷോറൂം ആയി നിലനിർത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.
സ്റ്റിയറിംഗ് വീലിലും കൈവച്ച് ടാറ്റ, ആരാധകരെ അമ്പരപ്പിച്ച് പുത്തൻ നെക്സോണ്‍!