എന്താണ് ഇന്നോവയുടെ 'സമ്പത്തുകള്‍?', ഇതാ അറിയേണ്ടതെല്ലാം!
കഴിഞ്ഞ കുറച്ചുകാലമായി ദിവസവും മലയാളികളുടെ വാര്‍ത്താലോകത്ത് വാദിയും പ്രതിയും സാക്ഷിയുമൊക്കെയായി പലപ്പോഴും ഒരു ഇന്നോവയുണ്ടാകും. ഈ സാഹചര്യത്തില്‍ ഇന്നോവയുടെയും രണ്ടാംതലമുറക്കാരന്‍ ക്രിസ്റ്റയുടെയും വിശേഷങ്ങള്‍ അറിയുക എന്നത് വാഹനപ്രേമികള്‍ക്ക് അല്‍പ്പം കൗതുകമുണ്ടാകും.
അടുത്തകാലത്ത് മലയാളിയുടെ സോഷ്യല്‍ മീഡിയ ലോകത്തെ മുഖ്യകഥാപാത്രങ്ങളിലൊന്നാണ് ടൊയോട്ടയുടെ ഇന്നോവ. ട്രോളിലും ദുരന്തവാര്‍ത്തകളിലുമൊക്കെ പലപ്പോഴും ഒരു ഇന്നോവയുടെ സാനിധ്യം കാണാം. ഒരുകാലത്ത് അംബാസിഡര്‍ കാറുകളുടെ കുത്തകയായിരുന്ന നമ്മുടെ സര്‍ക്കാര്‍ വാഹനങ്ങളുടെ സ്ഥാനം നൊടിയിട കൊണ്ട് തട്ടിയെടുത്ത മിടുക്കനാണ് ഇന്നോവ. അങ്ങനെയാവണം ഈ ജപ്പാന്‍കാരന്‍ എംപിവി മലയാളികളുടെ മനസില്‍ ആദ്യം കയറിക്കൂടുന്നത്. നടന്‍ ജഗതി ശ്രീകുമാറിന്‍റെ അപകടം, രാഷ്‍ട്രീയ കേരളത്തെ ഇളക്കിമറിച്ച ടി പി ചന്ദ്രശേഖരന്‍ വധം, പ്രളയബാധിതര്‍ക്ക് പണം നല്‍കാന്‍ തന്‍റെ ഇന്നോവ വിറ്റ വൈദികന്‍, വയലിനിസ്റ്റ് ബാലഭാസ്‍കറിന് സംഭവിച്ച ദുരന്തം, ഇമാമിന്‍റെ പീഡനം തുടങ്ങി കഴിഞ്ഞ കുറച്ചുകാലമായി ദിവസവും മലയാളികളുടെ വാര്‍ത്താലോകത്ത് വാദിയും പ്രതിയും സാക്ഷിയുമൊക്കെയായി പലപ്പോഴും ഒരു ഇന്നോവയുണ്ടാകും. ഇപ്പോഴിതാ മുന്‍ ആറ്റിങ്ങല്‍ എം പി സമ്പത്തിന്‍റെ 'എക്സ് എംപി' ബോര്‍ഡോടെ ഇന്നോവ വീണ്ടും വാര്‍ത്തകളിലും ട്രോളുകളിലും നിറഞ്ഞിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഇന്നോവയുടെയും രണ്ടാംതലമുറക്കാരന്‍ ക്രിസ്റ്റയുടെയും വിശേഷങ്ങള്‍ അറിയുക എന്നത് വാഹനപ്രേമികള്‍ക്ക് അല്‍പ്പം കൗതുകമുണ്ടാകും. അവയില്‍ ചിലവയെ പരിചയപ്പെടാം.
1. ക്വാളിസിന്‍റെ പകരക്കാരന്‍
ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ഇന്ത്യയിലെ വിൽപ്പന വിജയം നേടിയ ഒരു മോഡലായിരുന്നു ക്വാളിസ്. ഈ ക്വാളിസിനു പകരക്കാരനായാണ് 2005 ൽ ഇന്നോവ വിപണിയിലെത്തിയത്. 2004ല്‍ ഇന്തോനേഷ്യന്‍ വിപണിയിലാണ് ഇന്നോവയെ ആദ്യമായി അവതരിപ്പിക്കുന്നത്. തുടര്‍ന്ന് 12 വേരിയന്‍റുകളിലാണ് ആദ്യതലമുറ ഇന്നോവ ഇന്ത്യന്‍വിപണിയിലെത്തിയത്. പുറത്തിറങ്ങിയ കാലം മുതൽ എംപിവി വിപണിയിലെ ഒന്നാം സ്‌ഥാനക്കാരനായിരുന്നു ഇന്നോവ.
2. ക്രിസ്റ്റയെന്ന ചെറുപ്പക്കാരന്‍
2016ലെ ദില്ലി ഓട്ടോ എക്സോപയിലാണ് രണ്ടാം തലമുറ ഇന്നോവയെ ടൊയോട്ട അവതരിപ്പിക്കുന്നത്. ക്രിസ്റ്റ എന്നായിരുന്നു അടിമുടി മാറിയ പുത്തന്‍വാഹനത്തിനു ടൊയോട്ട കിര്‍ലോസ്കര്‍ മോട്ടോര്‍ കോര്‍പറേഷന്‍ നല്‍കിയ ഓമനപ്പേര്. എക്സ്പോയിലെ താരമായിരുന്നു അന്ന് ഇന്നോവ ക്രിസ്റ്റ. പഴയ ഇന്നോവയെക്കാള്‍ നീളവും വീതിയും ഉയരവുമുള്ള വാഹനം. നീളം 180 എം.എമ്മും, വീതി 60 എം.എമ്മും, ഉയരം 45 എം.എമ്മും കൂടിയപ്പോള്‍ വീല്‍ബേസ് 2750 എം എം ആയിത്തന്നെ നിലനിര്‍ത്തി. ടൊയോട്ടയുടെ തന്നെ സെഡാനുകളായ കാംറിയിൽ നിന്നും ആൾട്ടിസിൽ നിന്നും പ്രചോദിതമായിരുന്നു ക്രിസ്റ്റയുടെ മുൻഭാഗത്തിന്റെ ഡിസൈൻ. ഹെഡ്‌ലൈറ്റുമായി ചേര്‍ത്തുവെച്ചിരിക്കുന്ന വലിയ ഹെക്സാഗണൽ ഗ്രിൽ, വലിയ ഫോഗ്‌ലാമ്പ് എന്നിവ മുൻഭാഗത്തെ പ്രധാന പ്രത്യേകതകൾ. പഴയ ഇന്നോവയോട് സാദൃശ്യമുള്ളതാണ് വശങ്ങള്‍. എന്നാല്‍ വലിപ്പമേറിയ രണ്ട് ക്രോം വരകളുള്ള പുതിയ ഹെക്‌സാഗണല്‍ ഗ്രില്ലും പിന്നിലേക്ക് വളഞ്ഞ് നീളുന്ന ഹെഡ് ലാമ്പുകളും ഡേ ടൈം റണ്ണിങ് ലാമ്പുകളുമൊക്കെ വാഹനത്തെ കൂടുതല്‍ ആകര്‍ഷകമാക്കി.
3. ആഡംബരത്തികവ്
ടൊയോട്ടയുടെ ന്യൂ ഗ്ലോബല്‍ ആര്‍ക്കിടെക്ചര്‍ (ടി.എന്‍.ജി.എ) പ്ലാറ്റ്‌ഫോമില്‍ വികസിപ്പിച്ച വാഹനത്തിനു പഴയ ഇന്നോവയെക്കാള്‍ ഭാരം കുറവായിരുന്നു. ഓട്ടോമാറ്റിക് ക്ലൈമെറ്റ് കണ്‍ട്രോള്‍, പവര്‍ വിന്‍ഡോസ്, സ്റ്റിയറിങ് മൗണ്ടഡ് കണ്‍ട്രോള്‍സ്, നാവിഗേഷന്‍ സമന്വയിപ്പിച്ച ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ബ്ലൂടൂത്ത് കണക്ടിവിറ്റി തുടങ്ങിയ സവിശേഷതകളും വാഹനത്തിനു മാറ്റു കൂട്ടി.
4. അതിശയിപ്പിക്കുന്ന ഇന്‍റീരിയര്‍
പഴയ ഇന്നോവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ക്രിസ്റ്റയുടെ ഇന്റീരിയറിലായിരുന്നു അതിശയിപ്പിക്കുന്ന മാറ്റങ്ങൾ. ജർമൻ ലക്ഷ്വറി കാറുകളെ ഓർമിപ്പിക്കുന്ന ഭംഗിയും നിലവാരവും ഡാഷ്ബോർഡിനും ഇന്റീരിയർ ഘടകങ്ങൾക്കുമുണ്ടായിരുന്നു. ഒരു സ്വീകരണ മുറി പോലെ വിശാലമായിരുന്നു അകത്തളം. ഡ്യുവല്‍ ടോൺ അപ്ഹോൾസ്റ്ററി, അലുമിനിയം, വുഡൻ ട്രിമ്മുകൾ, ഡ്യുവൽടോൺ ക്ലൈമറ്റ് കൺട്രോൾ, ഏഴിഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിങ്ങനെ പ്രത്യേകതകള്‍ നീണ്ടു. നേർത്ത നീലപ്രകാശം ചൊരിയുന്ന ആംബിയന്റ് ഇലൂമിനേഷൻ. വലിയ ഡയലുകളുള്ള ടാക്കോ സ്പീഡോ മീറ്ററുകൾക്കിടയിൽ ഇന്ധന ഉപഭോഗം, ശരാശരി വേഗം, താപനില തുടങ്ങിയ നിരവധി വിവരങ്ങൾ കാണിക്കുന്ന 4.2 ഇഞ്ച് ടിഎഫ്ടി മൾട്ടി ഇൻഫർമേഷൻ സ്ക്രീൻ. ഡാഷ്ബോർഡിന്റെ നടുക്കുള്ള ഏഴിഞ്ച് ടച്ച് സ്ക്രീൻ ഡിസ്പ്ലേയിൽ ഓഡിയോ, വീഡിയോ, നാവിഗേഷൻ, റിവേഴ്സ് ക്യാമറ എന്നിവ.
5. കനത്ത സുരക്ഷ
സുരക്ഷയുടെ കാര്യത്തിലും ഇന്നോവ ക്രിസ്റ്റ മുൻഗാമിയെക്കാൾ ഏറെ മിടുക്കനായിരുന്നു. അടിസ്‌ഥാന വകഭേദത്തിനു പോലും മൂന്ന് എയർബാഗുകളും എബിഎസും. കൂടിയ വകഭേദമായ സെഡ് എക്സിന് ഏഴ് എയർബാഗുകളും വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോളും ഹിൽ ഏഴിഞ്ച് ടച്ച് സ്ക്രീൻ നാവിഗേഷൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും എട്ട് തരത്തിൽ ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റും ക്ലൈമറ്റ് കൺട്രോൾ എസിയും പുഷ് സ്റ്റാർട്ട് ബട്ടനുമൊക്കെയുണ്ട്.
6. എഞ്ചിനും കിടു
രണ്ട് എന്‍ജിന്‍ ഓപ്ഷനുകള്‍. 1. വി.എന്‍.ടി ഇന്റര്‍കൂളര്‍ ഉള്ള 2.4 ലിറ്റര്‍ ജി.ഡി ഫോര്‍ സിലിണ്ടര്‍. 2. ഡ്യുവല്‍ വി.വി.ടി.ഐ 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എന്‍ജിന്‍. മാനുവല്‍, സിക്‌സ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. ഒപ്പം ടൂവീല്‍ ഡ്രൈവ്, ഫോര്‍ വീല്‍ ഡ്രൈവ് വേരിയന്റുകള്‍.
7. വിലയും ഗംഭീരം
സാധാരണക്കാരന്‍റെ വാഹനസ്വപ്‍നങ്ങള്‍ക്കു നിരക്കുന്നതായിരുന്നില്ല ഇന്നോവ ക്രിസ്റ്റയുടെ വില. ഇപ്പോള്‍ ഒരു ഫുള്‍ ഓപ്ഷന്‍ ഡീസല്‍ മോഡല്‍ കിട്ടണമെങ്കില്‍ ഏകദേശം 26 ലക്ഷത്തിന് മേലെ ചിലവാകും. 25 ലക്ഷത്തിന് മുകളിലാണ് പെട്രോള്‍ മോഡലിന് വില.
8. മൈലേജ് കണ്ണു നിറയ്ക്കും
വണ്ടിയൊക്കെ ഗംഭീരമാണെങ്കിലും മൈലേജ് കേട്ടാല്‍ സാധാരണക്കാരന്‍റെ കണ്ണുനിറയും. ലിറ്ററിനു 12 കിലോമീറ്ററിനു മേലെയാണ് വാഗ്ദാനമെങ്കിലും പത്ത് കിലോമീറ്റര്‍ പോലും തികച്ചു ലഭിക്കാറില്ലെന്ന് അനുഭവത്തിന്‍റെ വെളിച്ചത്തില്‍ പല വാഹന ഉടമകളും സാക്ഷ്യപ്പെടുത്തുന്നു.
9. ക്രിസ്റ്റ ടൂറിങ് സ്‌പോര്‍ട്ട്
ഇന്നോവ ക്രിസ്റ്റയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് 2017ല്‍ ടൊയോട്ട അവതരിപ്പിച്ച പുതിയ ലിമിറ്റഡ് എഡിഷന്‍ മോഡലായിരുന്നു ക്രിസ്റ്റ ടൂറിങ് സ്‌പോര്‍ട്ട്. ഇന്തോനേഷ്യന്‍ വിപണിയിലുള്ള വെഞ്ച്വറര്‍ MPV പതിപ്പായിരുന്നു ടൂറിങ് സ്പോര്‍ട്ടായി ഇന്ത്യയിലെത്തിയത്.
10. ന്യൂജന്‍ സുന്ദരന്‍
ചൂടിനെ പ്രതിരോധിക്കുന്ന ഗ്ലാസ്, യുഎസ്ബി ചാര്‍ജിങ് പോയിന്റ്, ഗുണനിലവാരമേറിയ സ്പീക്കര്‍ എന്നിവയോടെ പുത്തന്‍ ഇന്നോവ അടുത്തിടെയാണ് വിപണിയിലെത്തിയത്. വിഎക്‌സ് എം ടി, സെഡ്എക്‌സ് എം ടി, സെഡ് എക്‌സ് എ ടി എന്നീ മോഡലുകളാണ് പുതിയ പരിഷ്‌കാരങ്ങളോടെ എത്തിയത്. കൂടാതെ ഇന്നോവ ക്രിസ്റ്റ സെഡ്എക്‌സ് എം ടി, സെഡ്എക്‌സ് എ ടി എന്നിവയില്‍ പുതിയ ഐവറി നിറത്തിലുള്ള അകത്തളവും ലഭ്യമാവും.