Auto 2021 : ഫോര്‍ഡിന്‍റെ മടക്കം, പൊളിക്കലിന് തുടക്കം, ചിപ്പുകളുടെ മുടക്കം, ടെസ്‍ലയുടെ 'പിണക്കം'..
ഫോര്‍ഡ് ഇന്ത്യ വിടുന്നതായി പ്രഖ്യാപിച്ച വര്‍ഷം. ആഗോള ചിപ്പ് ക്ഷാമത്തിന്‍റെ കെടുതികള്‍. വണ്ടി പൊളിക്കല്‍ നയം അഥവാ സ്‍ക്രാപേപജ് പോളിസിയുടെ വരവ്. വാഹനങ്ങള്‍ നിര്‍മ്മാതാക്കള്‍ വാഹനങ്ങള്‍ പൊളിക്കല്‍ പ്ലാന്‍റുകളും തുടങ്ങിയ വര്‍ഷം. ഇതാ 2021ല്‍ രാജ്യത്തെ വാഹന ലോകത്ത് നടന്ന അത്തരം ചില സുപ്രധാന സംഭവങ്ങളുടെ ഒരു ചുരുക്ക വിവരണം
കൊവിഡ് മഹാമാരിക്കും ലോക്ക് ഡൌണുകള്‍ക്കുമൊക്കെ ഇടയിലും രാജ്യത്തെ വാഹന ലോകം നിരവധി സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച വര്‍ഷമാണ് 2021. രാജ്യം ഒരു ഇലക്ട്രിക്ക് വാഹന വിപ്ലവത്തിലൂടെയൊണ് കടന്നുപോകുന്നത് എന്നതാണ് അതില്‍ പ്രധാനപ്പെട്ട കാര്യം. ഓരോ ദിവസവും നിരവധി പുതിയ കമ്പനികള്‍ ഈ മേഖലയിലേക്ക് ചുവടുവയ്ക്കുകയാണ്. നിരവധി പുതിയ ഇലക്ട്രിക്ക് മോഡലുകളും നിരത്തലും വാഹന ഷോറൂമുകളിലും നിറഞ്ഞുകഴിഞ്ഞിരിക്കുന്നു. പരമ്പരാഗത ഇന്ധനത്തില്‍ നിന്നും ലോകവും രാജ്യവും മാറിച്ചിന്തിക്കുന്നതിന് ആക്കം കൂടിയ വര്‍ഷമായിരുന്നു 2021.
ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് ഇന്ത്യയിലെ നിര്‍മ്മാണം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചതും ഇതേ വര്‍ഷമാണ്. ആഗോള ചിപ്പ് ക്ഷാമത്തിന്‍റെ കെടുതികളും വാഹന വിപണിയെ സാരമായി ബാധിച്ച വര്‍ഷമാണ് 2021. രാജ്യത്തെ വാഹന ലോകത്തെ സുപ്രധാന സംഭവമായി പൊളിക്കല്‍ നയം (സ്‍ക്രാപ്പേജ് പോളിസി) ആദ്യമായി പ്രഖ്യാപിച്ചതും ഈ വര്‍ഷമാണ്. വാഹന വിപണിയെ ഉടച്ചു വാര്‍ക്കുന്ന മറ്റൊരു സുപ്രധാന നീക്കമാണ് ഇത്. വാഹനങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടിരുന്ന പല കമ്പനികളും വാഹനങ്ങള്‍ പൊളിക്കാനുള്ള വമ്പന്‍ സംവിധാനങ്ങള്‍ ഒരുക്കുന്നത് കാണാനും 2021ന് വിധിയുണ്ടായി. ഇതാ 2021ല്‍ രാജ്യത്തെ വാഹന ലോകത്ത് നടന്ന ചില സുപ്രധാന സംഭവങ്ങളുടെ ഒരു ചുരുക്കുപ്പട്ടിക.
വണ്ടി പൊളിക്കല്‍ നയം
ഫെബ്രുവരയിലെ കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ആണ് വോളണ്ടറി വെഹിക്കിൾ സ്‌ക്രാപ്പേജ് പോളിസിയെക്കുറിച്ച് പരാമര്‍ശം നടത്തിയത്. സ്വകാര്യവാഹനങ്ങളുടെ കാലാവധി 20 വർഷത്തേക്കും വാണിജ്യവാഹനങ്ങളുടെത് 15 വർഷത്തേക്കും നിജപ്പെടുത്തുന്നതാണ് ഈ പോളിസി. വാഹനമലിനീകരണം, ഇന്ധനഇറക്കുമതി വിലവർദ്ധന എന്നിവ കുറയ‌്ക്കുന്നത് ലക്ഷ്യമിട്ടുകൊണ്ടാണ് കേന്ദ്രസർക്കാരിന്റെ നീക്കം.
2021 ഓഗസ്റ്റ് 13ന് ഗുജറാത്തിലെ നിക്ഷേപക ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വാഹന പൊളിക്കല്‍ നയം ഔദ്യോഗകിമായി പ്രഖ്യാപിച്ചു. നയത്തിന്‍റെ ഭാഗമായി 17 ലക്ഷം ഭാരവാഹനങ്ങളും 85 ലക്ഷം ചെറുവാഹനങ്ങളുമാകും സര്‍ക്കാര്‍ കണക്കനുസരിച്ച് ആദ്യഘട്ടത്തിൽ പൊളിക്കൽ ശാലകളിലേക്ക് പോകും. രാജ്യത്തിന്‍റെ വികസന യാത്രയിൽ ചരിത്രപരമായ തീരുമാനമെന്നാണ് നയം പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞത്. മാലിന്യത്തിൽ നിന്ന് സമ്പത്ത് എന്നതാണ് പഴയ വാഹന പൊളിക്കാനുള്ള നയം കൊണ്ട് സര്‍ക്കാരിന്‍റെ ലക്ഷ്യം.
ചൈന മുതല്‍ റഷ്യ വരെ; പണ്ടുപണ്ടേ ഈ രാജ്യങ്ങളില്‍ വണ്ടി പൊളിക്കല്‍ തുടങ്ങിയിരുന്നു!
15 വര്‍ഷം പഴക്കമുള്ള വാണിജ്യ വാഹനങ്ങളും 20 വര്‍ഷം പഴക്കമുള്ള സ്വകാര്യ വാഹനങ്ങളും നിരത്തുകളിൽ നിന്ന് പൂര്‍ണമായി ഒഴിവാക്കും. ഈ വാഹനങ്ങൾ പൊളിക്കാൻ രാജ്യത്ത് 70 രജിസ്ട്രേഡ് കേന്ദ്രങ്ങൾ തുടങ്ങുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഗുജറാത്തിലെ നിക്ഷേപക ഉച്ചകോടിയിലാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. 15വര്‍ഷത്തിലധികം പഴക്കമുള്ള വാണിജ്യ വാഹനങ്ങളും 20 വര്‍ഷത്തിലധികം പഴക്കമുള്ള സ്വകാര്യ വാഹനങ്ങളും നിരത്തുകളിൽ പൂര്‍ണമായി ഇല്ലാതാകുമെന്നും പകരം പുതിയ വാഹനങ്ങൾ വരും.
വാഹനങ്ങൾക്ക് ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് നിര്‍ബന്ധമാക്കും. വാഹനങ്ങൾ പൊളിക്കാൻ നൽകുന്നവര്‍ക്ക് പുതിയ വാഹനങ്ങൾ വാങ്ങുമ്പോൾ രജിസ്ട്രേഷൻ ഫീയിലും റോഡ് നികുതിയിലും ഇളവ് നൽകും. ഏകജാലക രജിസ്ട്രേഷൻ സംവിധാനവും പ്രഖ്യാപിച്ചു. 70 വാഹന പൊളിക്കൽ കേന്ദ്രങ്ങൾ ആദ്യഘട്ടത്തിൽ തുടങ്ങും. പരിസ്ഥിതിമലിനീകരണം തടയുന്നതിനൊപ്പം സാമ്പത്തിക മേഖലയിൽ വലിയ മാറ്റങ്ങളും ഈ തീരുമാനം ഉണ്ടാക്കുമെന്നുമാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്.
ഇതാണ് നയം
ഈ വർഷം ഓഗസ്റ്റിലാണ് കേന്ദ്രം സ്‌ക്രാപ്പേജ് പോളിസി പുറത്തിറക്കിയത്. കേന്ദ്ര മോട്ടോർ വെഹിക്കിൾസ് (23-ാം ഭേദഗതി) നിയമം 2021 എന്ന ദേശീയ വാഹന സ്ക്രാപ്പേജ് നയം 2022 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. പഴയതും അനുയോജ്യമല്ലാത്തതുമായ വാഹനങ്ങൾ ഘട്ടംഘട്ടമായി നിർത്തലാക്കുകയാണ് നയമനുസരിച്ച് ചെയ്യുന്നത്. ഇതനുസരിച്ച്, വ്യക്തിഗത വാഹനങ്ങൾക്ക് 20 വർഷത്തിന് ശേഷം ഓട്ടോമേറ്റഡ് കേന്ദ്രങ്ങളിൽ ഫിറ്റ്‌നസ് പരിശോധന നിർബന്ധമാക്കും. വാണിജ്യ വാഹനങ്ങൾ 15 വർഷത്തിനുശേഷം പരിശോധനയ്ക്ക് വിധേയമാകും. സ്വകാര്യ വാഹനങ്ങൾക്ക് 20 വർഷവും വാണിജ്യ വാഹനങ്ങൾക്ക് 15 വർഷവുമാണ് ഓട്ടോമേറ്റഡ് ഫിറ്റ്‌നസ് ടെസ്റ്റ് നടത്തുന്നതിന് പോളിസി പരിധി നിശ്ചയിച്ചിരിക്കുന്നത്. ഇത്തരം പഴയ വാഹനങ്ങൾ റദ്ദാക്കാൻ ഉടമകൾ തീരുമാനിക്കുകയാണെങ്കിൽ, പുതിയ വാഹനം വാങ്ങുമ്പോൾ 5 ശതമാനം ഇൻസെന്റീവ് നൽകും.
മാരുതിയുടെ പൊളിക്കല്‍ പ്ലാന്‍റ്
വണ്ടി പൊളിക്കല്‍ പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ രാജ്യത്തെ ഏറ്റവും വലിയ വാഹനനിർമാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ ആദ്യത്തെ വാഹന പൊളിക്കൽ കേന്ദ്രം തുറന്നു എന്നതും 2021ന്‍റെ പ്രത്യേകതയാണ്. ടൊയോട്ട സുഷോ ഗ്രൂപ്പിനോടൊപ്പം ചേർന്നാണ് സർക്കാർ അംഗീകരിച്ച ആദ്യ സ്‌ക്രാപ്പിംഗ്, റീസൈക്ലിംഗ് സൗകര്യം എൻഡ് ഓഫ് ലൈഫ് വെഹിക്കിൾ മാകരുതി സുസുക്കി നോയിഡയിൽ ആരംഭിച്ചത്. കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്‍കരിയാണ് ഈ സർക്കാർ അംഗീകൃത വാഹന സ്‌ക്രാപ്പിംഗ് ആൻഡ് റീസൈക്ലിംഗ് സൗകര്യം ഉദ്ഘാടനം ചെയ്‍തത്. 44 കോടി രൂപ മുതൽമുടക്കിൽ നിർമ്മിച്ച ഈ വാഹന സ്‌ക്രാപ്പേജ് സൗകര്യം കേന്ദ്രത്തിന്റെ വാഹന സ്‌ക്രാപ്പേജ് പോളിസി അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഈ സൗകര്യത്തിന് പ്രതിവർഷം 24,000-ലധികം ELV-കൾ സ്‌ക്രാപ്പ് ചെയ്യാനും റീസൈക്കിൾ ചെയ്യാനും കഴിയും.
ടാറ്റയുടെ വണ്ടി പൊളിക്കല്‍
ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സും രജിസ്റ്റേർഡ് വെഹിക്കിൾ സ്‌ക്രാപ്പിംഗ് ഫെസിലിറ്റി സ്ഥാപിക്കുന്നതിനായി രംഗത്തെത്തിക്കഴിഞ്ഞു. ഇതിനായ മഹാരാഷ്ട്ര സംസ്ഥാന സര്‍ക്കാരുമായിട്ടാണ് ടാറ്റ കൈകോര്‍ക്കുന്നത്. മഹാരാഷ്‍ട്ര ആർ വി എസ് എഫ് ന്‍റെ പിന്തുണയുമായി മഹാരാഷ്ട്ര ഗവൺമെന്‍റ് വ്യവസായം, ഊർജം, തൊഴിൽ വകുപ്പ് എന്നിവ മുഖേന മഹാരാഷ്ട്ര സർക്കാരുമായി ഇതു സംബന്ധിച്ച് ധാരണാപത്രം ഒപ്പുവച്ചു. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരിയുടെയും മറ്റ് പ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് ധാരണാപത്രം ഒപ്പുവച്ചത്. നിർദിഷ്‍ട സ്‌ക്രാപ്പേജ് സെന്‍ററിന് ഒരു വർഷം 35,000 വാഹനങ്ങൾ വരെ റീസൈക്കിൾ ചെയ്യാനുള്ള ശേഷിയുണ്ടാകും എന്നും കമ്പനി പറയുന്നു.
ഫോര്‍ഡിന്‍റെ പടിയിറക്കം
2021ല്‍ രാജ്യത്തെ വാഹന ലോകത്തെ പിടിച്ചുകുലുക്കിയ അപ്രതീക്ഷിത നീക്കമായിരുന്നു ഐക്കണിക്ക് അമേരിക്കന്‍ വാഹ നിര്‍മ്മാതാക്കളായ ഫോര്‍ഡ് ഇന്ത്യയുടേത്. സെപ്റ്റംബര്‍ ആദ്യവാരമായിരുന്നു ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതായുള്ള ഫോര്‍ഡിന്‍റെ പ്രഖ്യാപനം. വർധിച്ചുവരുന്ന വ്യാപാര നഷ്ടങ്ങളാണ് ഫോർഡ് ഇന്ത്യ തങ്ങളുടെ നിർമാണ കേന്ദ്രങ്ങൾ അടച്ചുപൂട്ടുന്നതിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. സാനന്ദ്, ചെന്നൈയ്ക്കടുത്തുള്ള മറൈമല എന്നിവിടങ്ങളിലെ ഫാക്ടറികളാണ് പൂട്ടുന്നത്. ഇന്ത്യയിലെ പ്രവര്‍ത്തനത്തില്‍നിന്ന് പ്രതീക്ഷിച്ച ലാഭമുണ്ടാക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് ഈ തീരുമാനം എന്നാണ് കമ്പനി പറയുന്നത്. 2021 ന്റെ നാലാം പാദത്തോടെ ഗുജറാത്തിലെ സാനന്ദില്‍ കയറ്റുമതി ചെയ്യുന്നതിനായുള്ള വാഹനനിര്‍മാണം അവസാനിപ്പിക്കും. 2022 രണ്ടാം പാദത്തോടെ ചെന്നൈയിലെ വാഹന, എഞ്ചിൻ നിർമാണവും അവസാനിപ്പിക്കുമെന്ന് ഫോര്‍ഡ് പ്രസ്‍താവനയില്‍ പറയുന്നു.
ഇന്ത്യ വിട്ടതിന് പിന്നാലെ അമേരിക്കയില്‍ കോടികളുടെ നിക്ഷേപവുമായി ഫോര്‍ഡ്!
എന്നാല്‍ ഇന്ത്യ വിടുകയല്ല, മറിച്ച് ഇന്ത്യയിലെ പ്രവർത്തനങ്ങൾ പുനഃസംഘടിപ്പിക്കുകയാണെന്നാണ് ഫോർഡ് ഇന്ത്യ പറയുന്നത്. അതായത് ഫോർഡ് ഇപ്പോഴും ഇന്ത്യയിൽ സാന്നിധ്യം നിലനിർത്തുന്നു എന്നതാണ് പ്രധാനം. മാത്രമല്ല നിലവിലുള്ള ഉപഭോക്താക്കളെ ഒരുതരത്തിലും കൈവിടില്ല എന്നും ഫോർഡ് ഉറപ്പു പറയുന്നു. ഇന്ത്യയിലെ 10 ലക്ഷത്തോളം വരുന്ന ഫോർഡ് ഉടമകളെ ഉപേക്ഷിക്കില്ലെന്നും തുടർന്നും അവർക്ക് സേവനം ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു. വാറണ്ടി, സർവീസ്, സ്പെയർ പാർട്സ് ലഭ്യത തുടങ്ങിയ സേവനങ്ങൾ ഇത്തരത്തിൽ 10 വർഷത്തേക്ക് ലഭ്യമാക്കും.
ഇന്ത്യയിലെ വില്‍പ്പന തുടരാനാണ് കമ്പനി തീരുമാനിച്ചിട്ടുള്ളത്. നിലവിൽ നിർമാണം പൂർത്തിയായ വാഹനങ്ങൾ ഡീലർമാർക്ക് നൽകുകയും സ്റ്റോക്ക് തീരുന്നതുവരെ വിൽക്കുകയും ചെയ്യും. ഫിഗോ, ആസ്പയർ, ഇക്കോസ്പോർട്ട്, ഫ്രീസ്റ്റൈൽ, എൻഡവർ തുടങ്ങിയ വാഹനങ്ങളെല്ലാം ഇത്തരത്തിൽ സ്റ്റോക് തീരുന്നതുവരെ വിൽക്കും. പിന്നീട് തിരഞ്ഞെടുത്ത മോഡലുകള്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്‍തായിരിക്കും വില്‍പ്പനയെന്നാണ് ഫോര്‍ഡുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്. അതായത് ഇറക്കുമതിചെയ്‍ത സി ബിയു മോഡലുകള്‍ മാത്രമായിരിക്കും കമ്പനി ഇനി ഇന്ത്യയില്‍ വില്‍ക്കുക. ഓസ്‌ട്രേലിയയിലും ബ്രസീലിലും ഉള്ളതുപോലെ പ്രധാന മോഡലുകൾ ഇറക്കുമതി ചെയ്യുന്നതിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കും. മസ്താങ്, ബ്രോങ്കോ, മറ്റ് ഇലക്ട്രിക് വാഹനങ്ങൾ, ഇതിനകം ഇന്ത്യയിൽ അവതരിപ്പിക്കാനിരിക്കുന്ന റേഞ്ചർ പിക്കപ്പ് ട്രക്ക് എന്നിവപോലുള്ള മോഡലുകൾ എന്നിവ കൊണ്ടുവരുന്നതിൽ ഫോർഡ് ശ്രദ്ധ കേന്ദ്രീകരിക്കും.
ടെസ്‍ലയുടെ വരവും നികുതി വിവാദവും
അമേരിക്കന്‍ ഇലകട്രിക്ക് വാഹന ഭീമനായ ടെസ്‌ല ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരുങ്ങുന്നതും ഈ വര്‍ഷമാണ്. ടെസ്‍ലയുടെ ഇന്ത്യന്‍ പ്രവേശന നീക്കങ്ങള്‍ക്കിടെ കമ്പനി സിഇഒ എലോണ്‍ മസ്‍കിന്‍റെ ചില വാക്കുകളും വിവാദമായി. ഇന്ത്യയിലേക്ക് ഇലക്ട്രിക് കാറുകൾ ഇറക്കുമതി ചെയ്യാൻ ഉയർന്ന നികുതി നൽകണമെന്നും ലോകത്ത് തന്നെ ഏറ്റവും വലിയ നികുതി നിരക്കാണ് ഇവിടുത്തേതെന്നും ആയിരുന്നു ഇലോണ്‍ മസ്‍കിന്‍റെ വാക്കുകള്‍. പിന്നാലെ ടെസ്‍ലയ്ക്ക് ഇളവ് നൽകിയാൽ തങ്ങൾക്കും ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് ഹ്യൂണ്ടായ് ഉള്‍പ്പെടെയുള്ള കമ്പനികളും രംഗത്ത് വന്നു. ഇളവ് അനുവദിക്കുന്നതിനെതിരെ ടാറ്റ ഉള്‍പ്പെടെയുള്ള കമ്പനികളും രംഗത്തെത്തി. പക്ഷേ ആർക്കും യാതൊരു ഇളവുകൾ നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് സർക്കാർ പറയുന്നത്. ഇന്ത്യയിൽ ഉത്പാദനം തുടങ്ങിയതിനു ശേഷം നികുതിയിൽ ഇളവ് വരുത്തുന്ന കാര്യം ആലോചിക്കാമെന്നാണ് കേന്ദ്ര സർക്കാർ ടെസ്‍ലയോട് പറഞ്ഞ മറുപടി. ഇതുസംബന്ധിച്ച് ഇപ്പോഴും ചര്‍ച്ചകള്‍ നടക്കുകയാണ്. ഇതിനിടെ ടെസ്‍ലയുടെ ഏഴ് മോഡലുകള്‍ക്ക് ഇന്ത്യയില്‍ ലോഞ്ച് ചെയ്യാനുള്ള അനുമതിയും ലഭിച്ചു കഴിഞ്ഞു.
ചിപ്പ് ക്ഷാമം
സെമി കണ്ടക്ടറുകള്‍ അഥവാ ചിപ്പുകള്‍ കിട്ടാക്കനിയായതോടെ ആഗോളതലത്തില്‍ വാഹന നിര്‍മ്മാണം വന്‍ പ്രതിസന്ധി നേരിടുകയാണ്. രാജ്യത്തെ മാത്രമല്ല, ആഗോളതലത്തില്‍ തന്നെ വാഹന ലോകത്തെ കഴിഞ്ഞ കുറച്ചുകാലമായി പിടിച്ചുലയ്ക്കുകയാണ് ചിപ്പ് അഥവാ സെമി കണ്ടക്ടറുകളുടെ ക്ഷാമം. വാഹന നിര്‍മ്മാണവും ഡെലിവറിയും മാസങ്ങളോളം വൈകുന്നതിനും വില്‍പ്പന കുത്തനെ ഇടിയുന്നതിനും മാത്രമല്ല വാഹനങ്ങളിലെ നിരവധി ഫീച്ചറുകള്‍ വെട്ടിക്കുറയ്ക്കുന്നതിനുമൊക്കെ ഈ ചിപ്പ് ക്ഷാമം കാരണമായി. പല കമ്പനികളും പ്ലാന്‍റുകള്‍ അടയ്ക്കുകയോ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കുകയോ ചെയ്‍തു.
കൊവിഡ് മഹാമാരിക്കൊപ്പം ഡാറ്റയ്ക്കും ഉപഭോക്തൃ ഇലക്ട്രോണിക്‌സിനുമുള്ള വർദ്ധിച്ച ഡിമാൻഡിലെ അനന്തരഫലങ്ങളും കാരണം അർദ്ധചാലക നിർമ്മാതാക്കൾക്ക് സപ്ലൈകൾ നിലനിർത്താൻ കഴിയുന്നില്ല. തായ്‌വാന്‍ അടക്കം പല ഉൽപ്പാദക രാജ്യങ്ങളിലെയും വരൾച്ച ഉള്‍പ്പെടെയുള്ള അതികഠിനമായ കാലാവസ്ഥയും പ്രകൃതിദുരന്തങ്ങളും പ്രതിസന്ധി വർദ്ധിപ്പിക്കുന്നു. യുഎസിൽ ചുഴലിക്കാറ്റുകൾ, അതിശൈത്യം, വെള്ളപ്പൊക്കം തുടങ്ങിയവയും ജപ്പാനിലെ റെനേസയുടെ പ്ലാന്റിൽ ഉണ്ടായ ഒരു വലിയ തീപിടിത്തവുമൊക്കെ വിതരണ ശൃംഖലയിൽ കൂടുതൽ തടസം ചെലുത്തി.
ആധുനികമായ ഒരു വാഹനത്തിൽ ഏകദേശം 1000 ചിപ്പുകള്‍ ഉപയോഗിക്കുന്നതായാണ് കണക്കുകള്‍. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ വ്യക്തിഗത കമ്പ്യൂട്ടറുകൾക്കും ടാബ്‌ലെറ്റുകൾക്കും സ്‍മാർട്ട്‌ഫോണുകൾക്കുമുള്ള വർധിച്ച ആവശ്യകതയാണ് പ്രശ്നം രൂക്ഷമാകാന്‍ കാരണമായത്. ചിപ്പ് നിർമാതാക്കൾ വാഹനവ്യവസായത്തിലേക്ക് കൂടുതൽ സപ്ലെ നൽകുന്നതിൽ താൽപ്പര്യം കാണിക്കാത്തതാണ് പ്രശ്നം രൂക്ഷമാക്കുന്നത്. വാഹന മേഖലയ്ക്ക് പുറമെ, മൊബൈല്‍ ഫോണ്‍, ലാപ്പ്‌ടോപ് തുടങ്ങിയ ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളുടെ നിര്‍മാണത്തേയും ചിപ്പ് ക്ഷാമം രൂക്ഷമായി ബാധിച്ചിട്ടുണ്ട്.
ഒടുവില്‍ 76,000 കോടിയുടെ സഹായവുമായി കേന്ദ്രം, ആശ്വാസത്തോടെ വണ്ടിക്കമ്പനികള്‍
ഈ ചിപ്പ് ക്ഷാമത്തിനൊരു പരിഹാരവുമായി ടാറ്റയും കേന്ദ്ര സര്‍ക്കാരും രംഗത്തെത്തുന്ന കാഴ്‍ചയും 2021 ല്‍ രാജ്യം കണ്ടു. യുദ്ധകാലാടിസ്ഥാനത്തിൽ ചിപ്പ് നിര്‍മ്മാണത്തിന് ഒരുങ്ങുകയാണ് ഇന്ത്യയുടെ ജനപ്രിയ വാഹന നിര്‍മ്മാതാക്കളായ ടാറ്റാ മോട്ടോഴ്‍സ്. 300 മില്യൺ ഡോളറിന്‍റെ അർദ്ധചാലക നിർമാണ കേന്ദ്രം സ്ഥാപിക്കാനാണ് ടാറ്റ ഗ്രൂപ്പിന്‍റെ പദ്ധതി.
ചിപ്പ് ക്ഷാമത്തെ നേരിടാന്‍ രാജ്യത്തെ വാഹനമേഖലയ്ക്ക് ആശ്വാസം പകരുന്ന നീക്കവുമായി എത്തിയ കേന്ദ്ര സര്‍ക്കാര്‍ അർദ്ധചാലകത്തിനും ഡിസ്‌പ്ലേ ബോർഡ് ഉൽപ്പാദനത്തിനുമുള്ള പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) പദ്ധതിയാണ് മുന്നോട്ട് വയ്ക്കുന്നത്. അടുത്ത അഞ്ച് മുതല്‍ ആറ് വർഷത്തിനുള്ളിൽ രാജ്യത്ത് അർദ്ധചാലക നിർമ്മാണത്തിൽ 76,000 കോടി രൂപയുടെ നിക്ഷേപമാണ് പിഎൽഐ പദ്ധതി വിഭാവനം ചെയ്യുന്നത്. പദ്ധതിക്ക് കേന്ദ്ര കാബിനറ്റ് അംഗീകാരം നൽകിക്കഴിഞ്ഞു. ഇന്ത്യയിലെ ഇലക്ട്രോണിക്സ് നിർമ്മാണത്തെ ആകർഷിക്കുന്നതിനായി 2020 നവംബറിൽ പ്രഖ്യാപിച്ച 50,000 കോടി രൂപയുടെ പിഎല്‍ഐ സ്‍കീമിലേക്ക് ഇത് ചേർക്കുന്നു. ഓട്ടോമൊബൈൽ നിർമ്മാണം, വാഹന ഘടക നിർമ്മാണം, ഇലക്ട്രിക് വെഹിക്കിൾ ഇക്കോസിസ്റ്റം ഡെവലപ്പർമാർ എന്നിവരെയും പിഎല്‍ഐ സ്‍കീം ഉൾക്കൊള്ളുന്നു. ഇത് മൈക്രോചിപ്പുകളുടെ രൂപകൽപ്പന, ഫാബ്രിക്കേഷൻ, പാക്കിംഗ്, ടെസ്റ്റിംഗ് എന്നിവയ്ക്ക് സഹായിക്കുമെന്നും സമ്പൂർണ്ണ ഇക്കോസിസ്റ്റം വികസിപ്പിക്കാനും സഹായിക്കും എന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.