സ്റ്റോപ്പില്ലെന്ന് പറഞ്ഞ് യാത്രികനെ ഇറക്കിവിട്ട കണ്ടക്ടര്‍ക്കും ബസ്‍ മുതലാളിക്കും കിട്ടിയത് എട്ടിന്‍റെ പണി!

കണ്ണൂരിലാണ് സംഭവം. കണ്ണൂര്‍ - പയ്യന്നൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന മാധവി മോട്ടോഴ്സിന്‍റെ ലിമിറ്റഡ് സ്റ്റോപ്പ് ബസിനാണ് പിഴ ലഭിച്ചത്.

Private bus owner and conductor fined for insult passenger prn

റങ്ങാനുള്ള സ്റ്റോപ്പില്‍ ബസ് നിര്‍ത്താതെ സ്റ്റോപ്പില്ലെന്ന പറഞ്ഞ് യാത്രക്കാരനെ നിർബന്ധിച്ച് പാതിവഴിയിൽ ഇറക്കിവിട്ടെന്ന പരാതിയിൽ ബസ് ഉടമയ്ക്കും കണ്ടക്ടര്‍ക്കും എതിരെ ഉപഭോക്തൃ കോടതിയുടെ വിധി. കണ്ടക്ടറും ബസ് ഉടമയും ചേര്‍ന്ന് യാത്രക്കാരന് 25,000 രൂപ നഷ്ടപരിഹാരം നല്‍കാനാണ് ഉപഭോക്തൃ കോടതി വിധിച്ചത്. കണ്ണൂരിലാണ് സംഭവം. കണ്ണൂര്‍ - പയ്യന്നൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന മാധവി മോട്ടോഴ്സിന്‍റെ ലിമിറ്റഡ് സ്റ്റോപ്പ് ബസിലെ കണ്ടക്ടര്‍ക്കും ബസിന്‍റെ ഉടമയ്ക്കുമാണ് പിഴ ശിക്ഷ ലഭിച്ചത്.

കണ്ണൂരില്‍ നിന്നും കയറി കല്യാശേരിയില്‍ ഇറങ്ങേണ്ട തന്നെ ബസ് കണ്ടക്ടറും ക്ലീനറും അപമാനിച്ച് പുതിയ തെരുവില്‍ ഇറക്കി വിടുകയായിരുന്നു എന്ന് പരാതിക്കാരനായ കണ്ണൂരിലെ ചിത്രകാരന്‍ കൂടിയായ ശശികല പറയുന്നു. 2018 ഓഗസ്റ്റ് 15നാണ് കേസിന് ആസ്‍പദമായ സംഭവം. രാവിലെ 10.20ന് കല്യാശേരി ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഒരു കല്യാണചടങ്ങില്‍ പങ്കെടുക്കാനാണ് കണ്ണൂരില്‍ നിന്നും പരാതിക്കാരൻ ബസില്‍ കയറിയത്. കല്യാശേരിയിലേക്ക് ടിക്കറ്റ് ആവശ്യപ്പെട്ടപ്പോള്‍ പ്രകോപിതനായ കണ്ടക്ടര്‍ അവിടെ നിര്‍ത്തില്ലെന്ന് പറയുകയും ദേഷ്യപ്പെടുകയും ചെയ്തു. തുടർന്ന് യാത്രക്കാരനെ ക്ലീനറുടെ സഹായത്തോടെ ബസില്‍ നിന്നും പുതിയതെരു സ്റ്റോപ്പില്‍ നിര്‍ബന്ധിച്ച് ഇറക്കി വിടുകയായിരുന്നു.

ടിക്കറ്റെടുക്കാൻ 20 രൂപ നീട്ടി കല്യാശ്ശേരി എന്ന് പറഞ്ഞപ്പോൾ പ്രകോപിതനായ കണ്ടക്ടർ അവിടെ നിർത്തില്ലെന്നും ഇവിടെ ഇറങ്ങ്‌ എന്ന് ആവശ്യപ്പെട്ട് അസഭ്യം പറഞ്ഞെന്നും ക്ലീനറുടെ സഹായത്തോടെ പുതിയതെരു സ്റ്റോപ്പിൽ നിർബന്ധിച്ച്‌ ഇറക്കിവിട്ടു എന്നും ശശികല പരാതിയിൽ പറയുന്നു.

എന്നാല്‍ ആര്‍ടിഎ അംഗീകരിച്ച അംഗീകൃത സ്റ്റോപ്പാണ് കല്യാശേരി എന്നതിനാല്‍ ഇതിനെ ചോദ്യം ചെയ്തു കൊണ്ട് ആര്‍ട്ടിസ്റ്റ് ശശികല കണ്ണൂര്‍ ട്രാഫിക് പോലിസ്, കണ്ണൂര്‍ ആര്‍ടിഒ എന്നിവര്‍ക്ക് രേഖാമൂലം പരാതി നല്‍കി. ഇതിനെ തുടര്‍ന്ന് ട്രാഫിക് എസ് ഐ ബസ് ഉടമയില്‍ നിന്നും 500 രൂപ പിഴ ഈടാക്കി. എന്നാല്‍, ഈ നടപടി ദുര്‍ബലമെന്ന് ചൂണ്ടിക്കാട്ടി ബസ് കണ്ടക്ടര്‍ എന്‍ രാജേഷ്, ഉടമ എന്‍ ശിവന്‍, കണ്ണൂര്‍ ട്രാഫിക് എസ്‌ഐ, ആര്‍ടിഒ എന്നിവരെ ഒന്നു മുതല്‍ നാല് വരെ പ്രതികളാക്കി കണ്ണൂര്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തില്‍ ശശികല പരാതി നല്‍കുകയായിരുന്നു. 

പരാതി ഫയലില്‍ സ്വീകരിച്ച കണ്ണൂര്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ബെഞ്ചാണ് രണ്ടരവര്‍ഷം നീണ്ടു നിന്ന നിയമയുദ്ധത്തിന് ശേഷം വിധി പുറപ്പെടുവിച്ചത്. ബസുടമ എന്‍ ശിവന്‍, ബസ് കണ്ടക്ടറായ എന്‍ രാജേഷ് എന്നിവര്‍ ചേര്‍ന്ന് നഷ്‍ടപരിഹാര തുകയായ 25000 രൂപ ഒരു മാസത്തിനുള്ളില്‍ പരാതിക്കാരന് നല്‍കണമെന്നാണ് ഉത്തരവ്.  25,000 രൂപ ഒരുമാസത്തിനുള്ളിൽ പരാതിക്കാരന് നൽകുന്നതില്‍ വീഴ്ചവരുത്തിയാൽ ഒൻപതുശതമാനം പലിശയും കൂടി നൽകണം എന്നും ഉത്തരവില്‍ പറയുന്നു. കേരള സംസ്ഥാന ഉപഭോക്തൃ കൗണ്‍സില്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കൂടിയായ പരാതിക്കാരൻ ആര്‍ട്ടിസ്റ്റ് ശശികല സ്വന്തമായാണ് കേസ് വാദിച്ചത്.

Latest Videos
Follow Us:
Download App:
  • android
  • ios