XUV700 : ഉര്‍വ്വശീ ശാപം ഉപകാരമായി, ഈ പുത്തന്‍ വണ്ടിയുടെ വില കുറയുന്നു, കാരണം!
ഇടിപരീക്ഷയില്‍ അഞ്ച് സ്റ്റാറുകളും നേടി യാത്രികരുടെ സുരക്ഷ അരക്കിട്ട് ഉറപ്പിച്ച ഈ വാഹനത്തിന്‍റെ വില കുത്തനെ കുറയുന്നു. കാരണം ഇതാണ്
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ (Mahindra And Mahindra) പുതിയ ഫ്ലാഗ്ഷിപ്പ് എസ്‍യുവിയായ (Flagship SUV) എക്സ്‌യുവി700 (XUV700) അടുത്തിടൊണ് വിപണിയില്‍ എത്തിയത്. നിരത്തിലും വിപണിയിലും കുതിച്ചു പായുകയാണ് ഇപ്പോള്‍ ഈ മോഡല്‍. ഇടി പരീക്ഷണത്തില്‍ (Crash Test) അഞ്ച് സ്റ്റാറുകളും നേടി യാത്രികരുടെ സുരക്ഷ അരക്കിട്ട് ഉറപ്പിച്ച XUV700 എസ്‌യുവിക്ക് നിലവിൽ 8 മുതൽ 10 മാസം വരെ നീണ്ടുനിൽക്കുന്ന കാത്തിരിപ്പ് കാലയളവാണുള്ളത്. ഈ വമ്പന്‍ ഡിമാൻഡ് കാരണം ഉടമകള്‍ക്ക് വാഹനം കൈമാറാന്‍ പാടുപെടുകയാണ് മഹീന്ദ്ര. വാഹനത്തിന്‍റെ ടോപ്പ് എൻഡ് വേരിയന്‍റുകളായ AX5, AX7 വേരിയന്റുകൾക്കാണ് ഏറ്റവും അധികം ഡിമാൻഡുള്ളത്.
അത്യാധുനിക ഫീച്ചർ സംവിധാനങ്ങൾ ഇവ നൽകുന്നുവെന്നതു തന്നെയാണ് ഈ ഡിമാന്റിനു പിന്നിലുള്ള പ്രധാന കാരണം. പക്ഷേ ആഗോളതലത്തിലെ സെമി കണ്ടക്ടർ ചിപ്പുകളുടെ കുറവ് കാരണം ആവശ്യം നിറവേറ്റാൻ കഴിയാത്തതിനാൽ XUV700ന് പുതിയൊരു വേരിയന്‍റിനെക്കൂടി അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് മഹീന്ദ്ര എന്നാണ് റിപ്പോര്‍ട്ടുകള്‍. XUV700 ലൈനപ്പിലേക്ക് മഹീന്ദ്ര ഉടൻ തന്നെ AX7 സ്‍മാര്‍ട്ട് എന്ന പുതിയൊരു ട്രിം അവതരിപ്പിക്കും എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ പുതിയ വേരിയന്‍റ് ടോപ്പ്-എൻഡ് AX7 ലക്ഷ്വറി പതിപ്പിനേക്കാൾ കുറച്ച് ഫീച്ചറുകളോടെയാണ് വരുന്നത്. അതുകൊണ്ടുതന്നെ ഏകദേശം 80,000 രൂപ വിലക്കുറവും ലഭിക്കുമെന്നാണ് റിപ്പോർട്ടുകള്‍. XUV700 ലൈനപ്പിലേക്ക് കുറച്ച് ഫീച്ചറുകള്‍ ഉള്ള പുതിയ വേരിയന്റുകൾ അവതരിപ്പിക്കാൻ കമ്പനി ഒരുങ്ങുകയാണെന്ന് കഴിഞ്ഞ മാസം ആദ്യം,മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓട്ടോ ആൻഡ് ഫാം എക്യുപ്‌മെന്റ് സെക്ടർ എക്‌സിക്യൂട്ടീവ് ഡയറക്ടർ രാജേഷ് ജെജുരിക്കർ ഓട്ടോ കാര്‍ ഇന്ത്യയോട് പറഞ്ഞിരുന്നു.
ടോപ്പ്-സ്പെക്ക് AX7 ലക്ഷ്വറി ട്രിമ്മുമായി താരതമ്യപ്പെടുത്തുമ്പോൾ, AX7 സ്മാർട്ട് ട്രിമ്മിന് നിരവധി ഫീച്ചറുകൾ നഷ്‍ടമാകും. ഇതിൽ ADAS സ്യൂട്ടും ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹിൽ ഹോൾഡ് അസിസ്റ്റ്, ഹിൽ ഡിസന്റ് കൺട്രോൾ, കാല്‍മുട്ടുകള്‍ക്കായുള്ള എയർബാഗ്, ഡ്രൈവ് മോഡുകൾ, പാസ്സീവ് കീലെസ് എൻട്രി ഉള്ള ഇലക്ട്രിക് ഡോർ ഹാൻഡിലുകൾ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, വയർലെസ് ചാർജിംഗ്, ടെലിസ്‌കോപ്പിക് സ്റ്റിയറിംഗ്, ഡ്രൈവര്‍ ഡ്രൌസിനസ് ഡിറ്റക്ഷന്‍ ഫീച്ചര്‍ തുടങ്ങിയവ ഉണ്ടാകില്ല.
AX7 സ്‌മാർട്ട് പെട്രോൾ, ഡീസൽ പതിപ്പുകളിൽ ലഭ്യമാകും, കൂടാതെ 10.25 ഇഞ്ച് ഇരട്ട സ്‌ക്രീനുകൾ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, രണ്ട് വർഷത്തെ സബ്‌സ്‌ക്രിപ്‌ഷനോടുകൂടിയ അഡ്രിനോക്‌സ് കണക്‌റ്റഡ്-കാർ ടെക്‌നോളജി, ബിൽറ്റ്-ഓക്‌സ് കണക്റ്റഡ്-കാർ ടെക്‌നോളജി എന്നിവയുൾപ്പെടെ സജ്ജീകരിച്ചിരിക്കും. അലക്‌സാ വോയ്‌സ് അസിസ്റ്റുകളിൽ, 360-ഡിഗ്രി ക്യാമറ, ബ്ലൈൻഡ് വ്യൂ മോണിറ്ററിംഗ്, ഓട്ടോ ബൂസ്റ്റർ ഹെഡ്‌ലാമ്പ്, 12-സ്പീക്കർ സോണി 3D സൗണ്ട് സിസ്റ്റം, ക്രൂയിസ് കൺട്രോൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ആറ്-വേ പവർഡ് ഡ്രൈവർ സീറ്റ്, ഓട്ടോ ഹെഡ്‌ലാമ്പുകളും വൈപ്പറുകളും, പനോരമിക് സൺറൂഫ്, ലെതറെറ്റ് സീറ്റുകളും മറ്റും ലഭിക്കും.
എക്‌സ്‌യുവി700 എഎക്‌സ് 7 സ്‌മാർട്ടിലെ സുരക്ഷാ ഫീച്ചറുകളിൽ ഇബിഡിയുള്ള എബിഎസ്, ആറ് എയർബാഗുകൾ, കോർണറിങ് ലാമ്പുകൾ, ഐഎസ്‌ഒഫിക്‌സ് സീറ്റ് മൗണ്ടുകൾ എന്നിവ ഉൾപ്പെടും. 18-ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകൾ, സ്മാർട്ട് ഡോർ ഹാൻഡിലുകൾ (മാനുവൽ), എൽഇഡി ഹെഡ്‌ലാമ്പുകൾ, ടെയിൽ ലാമ്പുകൾ, സീക്വൻഷ്യൽ എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ തുടങ്ങിയവയ്ക്കൊപ്പം വാഹനം കാഴ്‍ചയിൽ മാറ്റമില്ലാതെ തുടരുന്നു.
മഹീന്ദ്രയുടെ W601 മോണോകോക്ക് പ്ലാറ്റ്ഫോമിലാണ് എക്സ്‍യുവി 700 ഒരുങ്ങിയിരിക്കുന്നത്. MX, AX3, AX5, AX7 എന്നീ നാല് വേരിയന്റുകളില്‍ ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്‍മിഷനുകളില്‍ ഒമ്പത് മോഡലുകളായാണ് XUV700 വില്‍പ്പനയ്ക്ക് എത്തുന്നത്. മുന്‍ഗാമിയെക്കാള്‍ വലിപ്പക്കാരനാണ് ഈ വാഹനം. 4695 എം.എം. നീളം, 1890 എം.എം. വീതി, 1755 എം.എം. ഉയരം 2750 എം.എം. വീല്‍ബേസ് എന്നിങ്ങനെയാണ് എക്സ്‍യുവി 700-ന്റെ അളവുകള്‍. പുതിയ ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള ഗ്രില്ല്, സി ഷേപ്പ് ഡി.ആര്‍.എല്‍, എല്‍.ഇ.ഡി. ഹെഡ്ലാമ്പ്, പുതിയ ഡിസൈനിനൊപ്പം സ്പോര്‍ട്ടി ഭാവവും നല്‍കി ഒരുങ്ങിയിട്ടുള്ള 17,18 ഇഞ്ച് അലോയി വീല്‍, എല്‍.ഇ.ഡി. ടെയ്ല്‍ലൈറ്റ് എന്നിവയാണ് എക്സ്റ്റീരിയറിനെ സമ്പന്നമാക്കുന്നു.
2.0 ലിറ്റര്‍ പെട്രോള്‍, 2.2 ലിറ്റര്‍ ഡീസല്‍ എന്നീ എന്‍ജിനുകളാണ് ഈ വാഹനത്തിന്‍റെ ഹൃദയം. പെട്രോള്‍ എന്‍ജിന്‍ 197 ബി.എച്ച്.പി കരുത്തും 380 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. ഡീസല്‍ എന്‍ജിന്‍ 153, 182 ബി.എച്ച്.പി. പവറും 360, 420 എന്‍.എം. ടോര്‍ക്കുമാണ് ഇത് ഉത്പാദിപ്പിക്കുന്നത്. ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകളും ഇതിലുണ്ട്. കര്‍ട്ടണ്‍ എയര്‍ബാഗ്, 360 ഡിഗ്രി ക്യാമറ, ഐസോഫിക്‌സ് സീറ്റ് മൗണ്ട്, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, ഇലക്ട്രോണിക് പാര്‍ക്കിങ്ങ് ബ്രേക്ക്, ഡൈനാമിക് സ്റ്റെബിലിറ്റി പ്രോഗ്രാം എന്നിവയാണ് ഈ വാഹനത്തിലെ സുരക്ഷാസംവിധാനങ്ങള്‍.
അതേസമയം മൊത്തം 17 പോയിന്റിൽ 16.03 പോയിന്റ് നേടിയാണ് മഹീന്ദ്ര XUV700 ഗ്ലോബൽ NCAPയുടെ പഞ്ചനക്ഷത്ര റേറ്റിംഗ് സ്വന്തമാക്കിയത്. വാഹനത്തിന്‍റെ ഘടനയും സ്ഥിരതയുള്ളതായി വിലയിരുത്തപ്പെടുന്നു. അപകടം ഉണ്ടായാല്‍ മുൻവശത്തുള്ള യാത്രക്കാർക്കും ഉണ്ടാകാൻ സാധ്യതയുള്ള പരിക്കുകൾ വളരെ കുറവാണെന്നാണ് ക്രാഷ് ടെസ്റ്റിലെ കണ്ടെത്തല്‍. കുട്ടികളുടെ സുരക്ഷാ റേറ്റിംഗിൽ എക്കാലത്തെയും ഉയർന്ന പോയിന്റുകളും ഈ കാറിന് ലഭിച്ചു. ഈ വിഭാഗത്തില്‍ പരമാവധി 49-ൽ 41.66 സ്കോർ വാഹനത്തിന് ലഭിച്ചു. ഇത് ഇതുവരെ ഇന്ത്യയിൽ നിർമ്മിച്ച ഏതൊരു കാറിനെ സംബന്ധിച്ചും ഏറ്റവും ഉയർന്ന സ്കോർ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.
മഹീന്ദ്ര XUV700 ന്റെ അടിസ്ഥാന വേരിയന്‍റാണ് ഗ്ലോബൽ NCAP പരീക്ഷിച്ചത്. രണ്ട് എയർബാഗുകൾ മാത്രമുള്ള വാഹനത്തിന് ABS, ISOFIX എന്നിവ സ്റ്റാൻഡേർഡായി ലഭിക്കുന്നു. വാഹനത്തിന്റെ ടോപ്-എൻഡ് വേരിയന്റിനൊപ്പം മഹീന്ദ്ര ഏഴ് എയർബാഗുകൾ വാഗ്‍ദാനം ചെയ്യുന്നുണ്ട്. കൂടാതെ ഉയർന്ന നിലവാരമുള്ള വേരിയന്റുകളിൽ ESC, ADAS തുടങ്ങിയ സവിശേഷതകളും ലഭ്യമാണ്.
യാത്രക്കാരുടെ സുരക്ഷ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി താഴ്ന്ന വേരിയന്റുകളിൽ ഓപ്ഷണൽ ഉപകരണങ്ങളായി സൈഡ്, കർട്ടൻ എയർബാഗുകൾ നൽകാൻ ക്രാഷ് ടെസ്റ്റ് റേറ്റിംഗ് ഏജൻസി മഹീന്ദ്രയോട് ശുപാർശ ചെയ്‍തിട്ടുണ്ട്. ഒരു കാറിന് സൈഡ്-ഇംപാക്ട് ടെസ്റ്റും വിജയിക്കേണ്ടതിനാൽ രണ്ട് XUV700കൾ ക്രാഷ് ടെസ്റ്റിന് ഉപയോഗിച്ചിരുന്നു. ഈ വിഭാഗത്തിലും XUV700 മികവ് പുലർത്തി. ADAS ലഭിക്കുന്ന കാറിന്റെ ടോപ്പ് എൻഡ് വേരിയന്റിന്റെ ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് അല്ലെങ്കിൽ AEB ഫീച്ചറും ഗ്ലോബൽ NCAP പരീക്ഷിച്ചിരുന്നു. ഈ പരീക്ഷണം വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ വിജയമായി.