മൈലേജല്ല, സേഫ്റ്റിയാണ് മുഖ്യമെന്ന് ജനം; അമ്പരപ്പിക്കും സര്‍വ്വേയില്‍ ഞെട്ടി വാഹനലോകം!
ഒരു കാര്‍ വാങ്ങുമ്പോള്‍ ഇക്കാലത്ത് ഇന്ത്യൻ ഉപഭോക്താക്കള്‍ ഏറ്റവും കൂടുതല്‍ മുന്‍ഗണന നല്‍കുന്ന രണ്ട് കാര്യങ്ങള്‍ ക്രാഷ്-ടെസ്റ്റ് റേറ്റിംഗുകളും എയര്‍ബാഗുകളുടെ എണ്ണവുമാണെന്നും സര്‍വേ ഫലം ചൂണ്ടിക്കാണിക്കുന്നു
എത്ര കിട്ടും എന്നതിനു പകരം എത്രമാത്രം സുരക്ഷിതമാണ് വാഹനം എന്നു ചോദിക്കുന്നിടത്തേക്ക് ഇന്ത്യൻ വാഹന ഉടമകള്‍ വളര്‍ന്നതായി പഠനം. ഒരു കാർ വാങ്ങുമ്പോൾ ഉപഭോക്താക്കളുടെ ഫീച്ചർ മുൻഗണനകൾ അറിയാൻ സ്‌കോഡ ഓട്ടോ ഇന്ത്യക്ക് വേണ്ടി NIQ BASES നടത്തിയ ഒരു സർവേയിലാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്.
ഇന്ത്യയിലെ എല്ലാ കാറുകള്‍ക്കും സുരക്ഷാ റേറ്റിംഗ് ഉണ്ടായിരിക്കണമെന്ന് 10 ഉപഭോക്താക്കളില്‍ ഒമ്പത് പേരും വിശ്വസിക്കുന്നതായാണ് സര്‍വേ കണ്ടെത്തിയത്. ഒരു കാര്‍ വാങ്ങുമ്പോള്‍ ഇക്കാലത്ത് ഇന്ത്യൻ ഉപഭോക്താക്കള്‍ ഏറ്റവും കൂടുതല്‍ മുന്‍ഗണന നല്‍കുന്ന രണ്ട് കാര്യങ്ങള്‍ ക്രാഷ്-ടെസ്റ്റ് റേറ്റിംഗുകളും എയര്‍ബാഗുകളുടെ എണ്ണവുമാണെന്നും സര്‍വേ ഫലം ചൂണ്ടിക്കാണിക്കുന്നു. അതായത് കൂടുതല്‍ എയര്‍ബാഗുകളും ക്രാഷ് ടെസ്റ്റ് റേറ്റിംഗുമുള്ള കാറുകള്‍ ഉപഭോക്താക്കള്‍ പരിഗണിച്ച് തുടങ്ങിയെന്ന് അര്‍ത്ഥം.
ഇവ രണ്ടും പരഗണിച്ച് കഴിഞ്ഞ ശേഷം മാത്രമാണ് ആളുകള്‍ കാറിന്റെ മൈലേജ് നോക്കുന്നതെന്നാണ് സര്‍വേ പറയുന്നത്. ഈ സര്‍വേയില്‍ പങ്കെടുത്ത 67 ശതമാനം പേര്‍ അഞ്ച് ലക്ഷം രൂപയ്ക്ക് മുകളില്‍ വില വരുന്ന കാര്‍ ഉള്ളവരാണ്. ഏകദേശം 33 ശതമാനം പേര്‍ക്ക് ഇപ്പോള്‍ സ്വന്തമായി കാര്‍ ഇല്ലെങ്കിലും ഒരു വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷം രൂപയ്ക്ക് മുകളില്‍ വില വരുന്ന കാര്‍ വാങ്ങാനാണ് ഉദ്ദേശിക്കുന്നത്.
18 നും 54 നും ഇടയിൽ പ്രായമുള്ള വ്യക്തികളിലാണ് സർവേ നടത്തിയത്, പ്രതികരിച്ചവരിൽ 80 ശതമാനം പുരുഷന്മാരും 20 ശതമാനം സ്ത്രീകളുമാണ്. കാറിന്റെ ക്രാഷ് റേറ്റിംഗ് 22.3 ശതമാനം പേര്‍ മുൻഗണന നല്‍കി. എയർബാഗുകളുടെ എണ്ണത്തിന് 21.6 ശതമാനം പേരും പ്രാധാന്യം നല്‍കി. 15 ശതമാനം പേരുടെ അഭിപ്രായം അനുസരിച്ച് ഒരു കാര്‍ വാങ്ങുമ്പോൾ ഇന്ധനക്ഷമത മൂന്നാമത്തെ ഏറ്റവും നിർണായക ഘടകമായി വിലയിരുത്തപ്പെട്ടു. കൂടാതെ, കാറുകളുടെ ക്രാഷ് റേറ്റിംഗിന്റെ കാര്യത്തിൽ, 5-സ്റ്റാർ റേറ്റിംഗിനായി പരമാവധി ഉപഭോക്തൃ മുൻഗണന 22.2 ശതമാനം നിരീക്ഷിക്കപ്പെട്ടു, തുടർന്ന് 4-സ്റ്റാർ റേറ്റിംഗിന് 21.3 ശതമാനം മുൻഗണന ലഭിച്ചു. പൂജ്യം സ്റ്റാര്‍ റേറ്റിംഗിന് 6.8 ശതമാനം മുന്‍ഗണന മാത്രമാണ് ലഭിച്ചത്. ഇതാണ് ഈ നിരയിലെ ഏറ്റവും കുറവ് പോയിന്‍റ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സേഫ്റ്റി റേറ്റിംഗും ബില്‍ഡ് ക്വാളിറ്റിയുമുള്ള കാറുകള്‍ക്ക് രാജ്യത്ത് നല്ല കാലമാണെന്നതിന്‍റെ തെളിവാകുകയാണ് ഈ സര്‍വേ ഫലം.