'ബാക്കിയുള്ളവരൊക്കെ പിന്നെ മണ്ടന്മാരാണല്ലോ'? 'മിടുക്കൻ' ഡ്രൈവർക്ക് 'പണി'യായി, വിടാതെ എംവിഡിയും
റോഡിൽ കിട്ടിയ 'പണി'ക്ക് പിന്നാലെ കാർ ഡ്രൈവറെ തേടി മോട്ടോർ വാഹന വകുപ്പിന്‍റെ പിഴയും എത്തി
ബെംഗളുരു: ഗതാഗത നിയമങ്ങൾ പാലിക്കാതെ അഭ്യാസം കാണിക്കുന്ന ചിലരെ റോഡുകളിൽ പലപ്പോഴും കാണാം. റോഡുകളിൽ എ ഐ അടക്കമുള്ള ക്യാമറകളുണ്ടായിട്ടും നിയമങ്ങൾ പാലിക്കാതെ വാഹനമോടിക്കുന്നവരെയും കാണാം. വലിയ ട്രാഫിക്ക് ഉള്ള റോഡുകളിലാകട്ടെ ക്ഷമയില്ലാതെ വാഹനവുമായി മുന്നേട്ട് പോകുന്നവർ ഉണ്ടാക്കുന്ന പ്രശ്നങ്ങളും ചില്ലറയല്ല. അത്തരമൊരു കാർ ഡ്രൈവർക്ക് കിട്ടിയ 'പണി'യുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. റോഡിൽ കിട്ടിയ 'പണി'ക്ക് പിന്നാലെ കാർ ഡ്രൈവറെ തേടി മോട്ടോർ വാഹന വകുപ്പിന്‍റെ പിഴയും എത്തി.
ബെംഗളുരുവിലെ തിരക്കുള്ള റോഡിലായിരുന്നു ക്ഷമയില്ലാത്ത ഡ്രൈവർ ഗതാഗത നിയമം പാലിക്കാതെ കാറുമായി മുന്നോട്ടുപോയത്. തിരക്കുള്ള റോഡിൽ മുന്നിലെ കാറുകൾ ക്ഷമയോടെ വരിവരിയായി കിടക്കുകയായിരുന്നു. മിടുക്ക് കാട്ടി മുന്നിലെത്താനായി ഇയാൾ റോംങ്ങ് സൈഡിൽ കയറുകയായിരുന്നു. എതിർവശത്ത് ഒരു സ്കൂൾ ബസ് വന്നതോടെ 'മിടുക്കൻ' ഡ്രൈവർ വലിയ പൊല്ലാപ്പിലായി. ഒടുവിൽ മുന്നിൽ പോയ അത്രയും ദൂരം റിവേഴ്സ് ഗിയറിൽ സഞ്ചരിച്ച് പിന്നിലെത്തേണ്ടി വന്നു. സംഭവത്തിന്‍റെ വീഡിയോ പുറത്തുവന്നതോടെ രൂക്ഷവിമർശനങ്ങളാണ് പലരും ഉന്നയിക്കുന്നത്.
കുറച്ച് നേരം ക്ഷമയോടെ കാത്തിരിക്കേണ്ടതിന് പകരം മുന്നിലെത്താൻ കാട്ടിയ 'ബുദ്ധി' കാണിക്കുന്ന എല്ലാവരും കണ്ടിരിക്കേണ്ട വീഡിയോ ആണ് ഇതെന്ന അഭിപ്രായവും പലരും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നുണ്ട്. റോഡിൽ ക്ഷമയോടെ കാത്തുകിടക്കുന്ന ബാക്കിയുള്ള ഡ്രൈവർമാരൊക്കെ പിന്നെ മണ്ടന്മാരാണല്ലോ എന്നും ചിലർ രോഷത്തോടെ ചോദിക്കുന്നുണ്ട്. ഇത്തരം ആളുകളാണ് റോഡിൽ അനാവശ്യ ട്രാഫിക്ക് ബ്ലോക്ക് ഉണ്ടാക്കുന്നതെന്നും ചിലർ ചൂണ്ടികാട്ടുന്നുണ്ട്.
വീഡിയോ വൈറലായതോടെ മോട്ടോർ വാഹന വകുപ്പും സംഭവത്തിൽ ഇടപെട്ടു. റോംങ്ങ് സൈഡിൽ കയറി പൊല്ലാപ്പുപിടിച്ച ഡ്രൈവറെ തേടി ഗതാഗത നിയമ ലംഘനത്തിനുള്ള പിഴ നോട്ടീസും എത്തി. ഡ്രൈവർ നേരിട്ടെത്തി പിഴ അടച്ചതിന്‍റെ ചിത്രങ്ങളും അതിനിടെ പുറത്തുവന്നിട്ടുണ്ട്. റോംങ്ങ് സൈഡിൽ കയറി ഓടിക്കുന്ന എല്ലാവർക്കും ഇത്തരം ശിക്ഷകൾ ലഭിക്കണമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം