'ഒന്നരക്കോടി വാഹനങ്ങളാണ് കേരളത്തിലെ നിരത്തിലോടുന്നത്, ഒന്ന് സഹകരിച്ചൂടെ...'; അഭ്യര്‍ത്ഥിച്ച് കേരള പൊലീസ്
ട്രാഫിക് നിയമലംഘനങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ കേരള പൊലീസിന്റെ 'ശുഭയാത്ര' വാട്സാപ്പ് നമ്പറിലേയ്ക്ക് ഫോട്ടോയും വീഡിയോയും സഹിതം സന്ദേശം അയക്കാനാകും
തിരുവനന്തപുരം: നിരത്തുകളിലെ നിയമലംഘകരെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം തേടി കേരള പൊലീസ്. കേരളത്തിൽ ഒന്നരക്കോടി വാഹനങ്ങളുണ്ടെന്നാണ് കണക്ക്. ഇത്രയും വാഹനങ്ങൾ സഞ്ചരിക്കുന്ന നിരത്തുകളിൽ അപകടങ്ങൾ ഒഴിവാക്കാനും റോഡ് സുരക്ഷ ഉറപ്പുവരുത്താനും കൃത്യമായ ഇടപെടലാണ് നടത്തി വരുന്നതെന്നും പൊലീസ് പറഞ്ഞു. എന്നാൽ, നിരത്തുകളിലെ നിയമലംഘകരെ കണ്ടെത്താനും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും പൊലീസിന് പൊതുജനങ്ങളുടെ സഹകരണം അനിവാര്യമാണ്.
ട്രാഫിക് നിയമലംഘനങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ കേരള പൊലീസിന്റെ 'ശുഭയാത്ര' വാട്സാപ്പ് നമ്പറിലേയ്ക്ക് ഫോട്ടോയും വീഡിയോയും സഹിതം സന്ദേശം അയക്കാനാകും. നിങ്ങളുടെ വിലപ്പെട്ട ഒരു സന്ദേശം അപകടങ്ങൾ ഒഴിവാക്കിയേക്കാം. അതിലൂടെ നിരവധി ജീവനുകൾ സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പാണെന്നും പൊലീസ് ഓര്‍മ്മിപ്പിച്ചു. നിങ്ങളുടെ സന്ദേശങ്ങൾ ടെക്സ്റ്റ് ആയോ വീഡിയോ ആയോ അയയ്ക്കാം. സംഭവം നടന്ന സ്ഥലം, സമയം, തീയതി, പൊലീസ് സ്റ്റേഷൻ പരിധി, ജില്ല എന്നിവ കൂടി സന്ദേശത്തിൽ ഉൾപ്പെടുത്തണം.
ഇവ വാട്സാപ്പ് ആയി അയയ്ക്കേണ്ടത് 9747001099 എന്ന നമ്പറിലേയ്ക്കാണ്. ഈ സന്ദേശങ്ങളുടെ പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഇവ എല്ലാ ജില്ലകളിലെയും ട്രാഫിക് നോഡൽ ഓഫീസർക്ക് കൈമാറും. അദ്ദേഹം അത് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിലേക്ക് നൽകുകയും കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്യും. സ്വീകരിച്ച നടപടികൾ വിവരം നൽകിയ ആളെ അറിയിക്കാനും സംവിധാനമുണ്ട്. ഇത്തരം സന്ദേശങ്ങൾ നൽകുന്നയാളുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.
അപരാജിത ഓൺലൈൻ
സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള ഓൺലൈൻ അതിക്രമങ്ങൾ, സ്ത്രീധനം, ഗാർഹിക പീഡനം തുടങ്ങിയവ സംബന്ധിച്ച പരാതികൾ അറിയിക്കുന്നതിനുള്ള ദ്രുതപ്രതികരണ സംവിധാനമാണ് 'അപരാജിത ഓൺ ലൈൻ'. ഓൺലൈൻ അതിക്രമങ്ങളിൽ ഭൂരിഭാഗവും റിപ്പോർട്ട് ചെയ്യാത്തതിന്റെ കാരണം സാമൂഹിക സമ്മർദ്ദമോ, അല്ലെങ്കിൽ അടുത്ത സുഹൃത്തോ ബന്ധുവോ ആയ കുറ്റവാളി സ്വീകരിച്ച വിവിധ ബ്ലാക്ക് മെയിലിംഗ് തന്ത്രങ്ങളോ ആയിരിക്കാം.
പരാതിക്കാർക്ക് ആത്മവിശ്വാസമില്ലാത്തതും പരാതിയുമായി പൊലീസിനെ സമീപിക്കുന്നതിനുള്ള ഭയവും മടിയുമൊക്കെ ഒരു പക്ഷേ അതിനു കാരണമാകാം. ഈ ബുദ്ധിമുട്ടുകൾ മറികടക്കാൻ സ്ത്രീകളെയും കുട്ടികളെയും പ്രേരിപ്പിക്കുന്നതിനാണ് ഈ സംവിധാനം. സ്ത്രീധനം, ഗാർഹികപീഡനം തുടങ്ങിയവയിന്മേൽ അതിവേഗം നിയമനടപടികൾ സ്വീകരിക്കുകയെന്നതും ഈ പദ്ധതി കൊണ്ടുദ്ദേശിക്കുന്നുവെന്നും പൊലീസ് അറിയിച്ചു.