സബ്‍സിഡി നിരക്കില്‍ ഇന്നോവകള്‍, കിടിലൻ പദ്ധതിയുമായി ഈ മുഖ്യമന്ത്രി!
പദ്ധതിയുടെ ഭാഗമായി 50 ശതമാനം സബ്‌സിഡി പ്രകാരം നൽകുന്ന 16 ടൊയോട്ട ഇന്നോവ ക്രിസ്റ്റകള്‍ സംസ്ഥാന സർക്കാർ കൈമാറിയതായി ഷില്ലോങ്ങ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വിനോദസഞ്ചാര വ്യവസായത്തിന് സഹായം നൽകുകയെന്ന ലക്ഷ്യത്തോടെ, ടൂർ ഓപ്പറേറ്റർമാർക്കും വ്യക്തികൾക്കും സബ്‍സിഡി നിരക്കില്‍ വാഹനങ്ങള്‍ നല്‍കി മേഘാലയ സര്‍ക്കാര്‍. പദ്ധതിയുടെ ഭാഗമായി 50 ശതമാനം സബ്‌സിഡി പ്രകാരം നൽകുന്ന 16 ടൊയോട്ട ഇന്നോവ ക്രിസ്റ്റകള്‍ സംസ്ഥാന സർക്കാർ കൈമാറിയതായി ഷില്ലോങ്ങ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്‌കീമിനായി അപേക്ഷിച്ച 600ല്‍ അധികം അപേക്ഷകരിൽ നിന്ന് 50 വ്യക്തികളെയും ഗ്രൂപ്പുകളെയും ടൂറിസം വകുപ്പ് ഷോർട്ട്‌ലിസ്റ്റ് ചെയ്‍തിട്ടുണ്ടെന്നും അടുത്ത രണ്ട് വർഷത്തേക്കുള്ള വായ്‍പയുടെ തിരിച്ചടവ് ഉൾപ്പെടെയുള്ള പദ്ധതിക്ക് കീഴിൽ സർക്കാർ 50 ശതമാനം സബ്‌സിഡി നൽകുന്നുവെന്നും മുഖ്യമന്ത്രി കോൺറാഡ് കെ സാങ്മ പറഞ്ഞു. ഈ ആഡംബര വാഹനങ്ങൾ ഉയർന്ന നിലവാരമുള്ള മൊബിലിറ്റി നൽകുകയും വിനോദസഞ്ചാരികളുടെ മൊത്തത്തിലുള്ള അനുഭവം വർദ്ധിപ്പിക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി പറയുന്നു.
"വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി ഞങ്ങൾ വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്, കൂടാതെ വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും ആഡംബര വാഹനങ്ങൾ നൽകുന്നത് ടൂറിസം മേഖലയ്ക്ക് മികച്ച ആവാസവ്യവസ്ഥ സൃഷ്ടിക്കാൻ സഹായിക്കും" അദ്ദേഹം കൂട്ടിച്ചേർത്തു. നടപ്പ് സാമ്പത്തിക വർഷം മൊത്തം 50 വാഹനങ്ങൾ സർക്കാർ നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പദ്ധതിയുടെ പ്രതികരണത്തെയും ഉപയോഗത്തെയും ആശ്രയിച്ച്, എല്ലാ വർഷവും ഇത് ചെയ്യാൻ ഉദ്ദേശിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അടുത്ത അഞ്ച് വർഷത്തിനിടെ കുറഞ്ഞത് 250 വാഹനങ്ങൾ ഇങ്ങനെ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഒരുപക്ഷേ പ്രതികരണവും ഉപയോഗവും കണ്ട ശേഷം, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇത് 500 ആയി ഉയർത്താൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബസുകൾക്കും സമാനമായ ഇടപെടൽ ഉണ്ടാകുമോയെന്ന ചോദ്യത്തിന് അത് പരിശോധിക്കാൻ സർക്കാർ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കർഷകർക്കും അസോസിയേഷനുകൾക്കും സബ്‌സിഡി നിരക്കിൽ മഹീന്ദ്ര പിക്ക്-അപ്പുകൾ നൽകിയ കാർഷിക മേഖലയ്ക്ക് സമാന്തരമായി വിവിധ മേഖലകളിലെ വിടവുകൾ നികത്താനുള്ള സർക്കാരിന്റെ പ്രതിബദ്ധത മുഖ്യമന്ത്രി സാംഗ്മ ഊന്നിപ്പറഞ്ഞു. സ്‍കീമിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ വളരെ സുതാര്യമാണെന്നും ഇത് സ്വീകരിച്ച ആളുകൾ ടൂറിസം മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്ന സംരംഭകരും ഓപ്പറേറ്റർമാരുമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഞെട്ടിക്കും മൈലേജ്; ഈ കാറുകള്‍ വാങ്ങാൻ ഷോറൂമുകളില്‍ ജനത്തിരക്ക്, ആനന്ദക്കണ്ണീരില്‍ ഈ കമ്പനികള്‍!