ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് വൻവിലക്കിഴിവ്, കിടിലൻ ഓഫറില്‍ ഇന്ത്യയിലെ ആദ്യ ഗിയർ ഇലക്ട്രിക് ബൈക്ക്!
മാറ്റർ ഐറ ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ ബുക്കിംഗ് തുടങ്ങാൻ ഒരുങ്ങുകയാണ്. 1,43,999 രൂപ പ്രാരംഭ വിലയിൽ ആണ് ഇന്ത്യയിലെ ആദ്യ ഗിയർ ഇലക്ട്രിക് ബൈക്ക് എന്ന സവിശേഷതയുള്ള ഈ ബൈക്ക് എത്തുന്നത്. ഇപ്പോഴിതാ ബൈക്കിന്‍റെ ആദ്യ 9,999 പ്രീ-ബുക്കിംഗുകൾക്ക് പ്രത്യേക ഓഫറും പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി.
അഹമ്മദാബാദ് ആസ്ഥാനമായുള്ള സ്റ്റാർട്ട്-അപ്പ് മാറ്റർ തങ്ങളുടെ ഐറ ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ ബുക്കിംഗ് തുടങ്ങാൻ ഒരുങ്ങുകയാണ്. 1,43,999 രൂപ പ്രാരംഭ വിലയിൽ ആണ് ഇന്ത്യയിലെ ആദ്യ ഗിയർ ഇലക്ട്രിക് ബൈക്ക് എന്ന സവിശേഷതയുള്ള ഈ ബൈക്ക് എത്തുന്നത്. ഇപ്പോഴിതാ ബൈക്കിന്‍റെ ആദ്യ 9,999 പ്രീ-ബുക്കിംഗുകൾക്ക് പ്രത്യേക ഓഫറും പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. 1,999 രൂപ ടോക്കൺ തുക നൽകി ബൈക്ക് മുൻകൂട്ടി ബുക്ക് ചെയ്യുന്ന ആദ്യത്തെ 9,999 ഉപഭോക്താക്കൾക്ക് വാങ്ങുമ്പോൾ 5,000 രൂപയുടെ ആനുകൂല്യം നേടാം. 10,000 മുതൽ 29,999 പ്രീ-ബുക്കിംഗുകൾ വരെ, ഉപഭോക്താക്കൾക്ക് 2,999 ടോക്കൺ തുകയ്ക്ക് ബുക്ക് ചെയ്യാനും വാങ്ങുമ്പോൾ 2,500 രൂപയുടെ ആനുകൂല്യം നേടാനും കഴിയും. മെയ് 17 മുതൽ രാജ്യത്തെ 25 നഗരങ്ങളിലും ജില്ലകളിലും മാറ്റർ ഏറ ഇലക്ട്രിക് മോട്ടോർബൈക്കിന്റെ ബുക്കിംഗ് ആരംഭിക്കും.
30,000 മുതൽ, ഉപഭോക്താക്കൾക്ക് ടോക്കൺ തുകയായ 3,999 രൂപയ്ക്ക് മുൻകൂട്ടി ബുക്ക് ചെയ്യാൻ കഴിയും. അതേസമയം അധിക ആനുകൂല്യങ്ങളൊന്നും ലഭ്യമല്ല. എന്നിരുന്നാലും, റദ്ദാക്കിയാൽ എല്ലാ ഉപഭോക്താക്കൾക്കും പ്രീ-ബുക്കിംഗ് തുക പൂർണ്ണമായും റീഫണ്ട് ചെയ്യപ്പെടും. ഹൈദരാബാദ്, ചെന്നൈ, മുംബൈ, അഹമ്മദാബാദ്, ഡൽഹി എൻസിആർ, കൊൽക്കത്ത തുടങ്ങി രാജ്യത്തെ 25 നഗരങ്ങളിലും ജില്ലകളിലും മെയ് 17 മുതൽ ബുക്കിംഗ് ആരംഭിക്കും.
ഇലക്ട്രിക് മോട്ടോർസൈക്കിൾ ഇവി നിർമ്മാതാവിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും ഫ്ലിപ്പ് കാര്‍ട്ട് ഉള്‍പ്പെടെയുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ബൈക്ക് ബുക്കിംഗിനായി ലഭ്യമാകും. ഇ-ബൈക്കിനുള്ള മുൻകൂർ ബുക്കിംഗുകൾ ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലായിരിക്കും. ഒരേ മൊബൈൽ നമ്പർ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് രണ്ട് ബൈക്കുകൾ വരെ ബുക്ക് ചെയ്യാം. 25 ജില്ലകളില്‍ നിന്ന് ബുക്ക് ചെയ്യാൻ ശ്രമിക്കുന്നവർക്ക് വെയ്‌റ്റ്‌ലിസ്റ്റിൽ ചേരാനും അവരുടെ പ്രദേശങ്ങളിൽ ബൈക്ക് ലഭ്യമാകുമ്പോൾ അറിയിക്കാനും കഴിയും. ഫൈനൽ ഡെലിവറി ആരംഭിക്കുന്നതിന് മുമ്പ്, പ്രീ-ബുക്കിംഗുകൾക്ക് ശേഷം മാറ്റർ എക്സ്പീരിയൻസ് സെന്ററുകളിൽ ടെസ്റ്റ് ഡ്രൈവുകൾ നടത്താനും സാധിക്കും.
ലിക്വിഡ് കൂൾഡ്, അഞ്ച് കിലോവാട്ട് ബാറ്ററി പായ്ക്കാണ് മാറ്റർ ഐറ ഇലക്ട്രിക് ബൈക്കിന് കരുത്ത് പകരുന്നത്. ബൈക്കിന്റെ യഥാർത്ഥ ലോക റേഞ്ച് 125 കിലോമീറ്ററാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 10.5kW ലിക്വിഡ് കൂൾഡ് മോട്ടോറാണ് ഇതിനുള്ളത്. നാല് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ഇലക്ട്രിക് മോട്ടോർ ജോടിയാക്കിയ ആദ്യത്തെ ബൈക്ക് കൂടിയാണിത്. ഗിയറുകളുള്ള ആദ്യത്തെ ഇലക്ട്രിക് മോട്ടോർസൈക്കിളാണിതെന്ന് കമ്പനി അവകാശപ്പെടുന്നു. മാത്രമല്ല, സാധാരണ എയർ കൂളിംഗിന് പകരം ലിക്വിഡ് കൂളിംഗ് ഫീച്ചർ ചെയ്യുന്ന ലോകത്തിലെ ആദ്യത്തെ ഇലക്ട്രിക് ബൈക്ക് കൂടിയാണ് എയറ എന്നും കമ്പനി അവകാശപ്പെടുന്നു. 180 കിലോഗ്രാമാണ് ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ ഭാരം. ബാറ്ററി പാക്കിന് ഏകദേശം 40 കിലോഗ്രാം ഭാരമുണ്ട്. നാല് സ്പീഡ് ഗിയർബോക്സാണ് ഇതിനുള്ളത്. ഡ്യുവൽ ചാനൽ എബിഎസ് (ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം) ആണ് ഇലക്ട്രിക് ബൈക്കിൽ സജ്ജീകരിച്ചിരിക്കുന്നത്.
കോൾ/മെസേജ് അലേർട്ടിനൊപ്പം ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ഓൺബോർഡ് നാവിഗേഷൻ ഡിസ്‌പ്ലേയും ലഭിക്കുന്ന ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് ബൈക്കിനെ കൂടുതൽ ആകർഷകമാക്കുന്നത്. ബൈക്കിന് പുഷ്-ബട്ടൺ സ്റ്റാർട്ടും ഒപ്പം ഫോർവേഡ്, റിവേഴ്സ് അസിസ്റ്റും ലഭിക്കുന്നു. ഡ്യുവൽ-ചാനൽ എബിഎസ് സഹിതം രണ്ടറ്റത്തും ഡിസ്‌ക് ബ്രേക്കുകളാണ് ബ്രേക്കിംഗ് ചുമതലകൾ കൈകാര്യം ചെയ്യുന്നത്.
125 കിമി മൈലേജുള്ള ഇന്ത്യയിലെ ആദ്യ ഗിയർ ഇലക്ട്രിക് ബൈക്ക് ഫ്ലിപ്പ്‍കാര്‍ട്ടിലൂടെയും വാങ്ങാം