"അമ്പമ്പോ.." പുറത്തിറങ്ങും മുമ്പേ ഈ ബൈക്ക് വാങ്ങാൻ ക്യൂ നില്‍ക്കുന്നത് 40,000 പേര്‍!
ഒരു മാസത്തിനുള്ളിൽ 40,000 ബുക്കിംഗുകൾ ബൈക്കിന് ലഭിച്ചതായി മാറ്റർ അറിയിച്ചു.
അഹമ്മദാബാദ് ആസ്ഥാനമായുള്ള സ്റ്റാർട്ട്-അപ്പ് മാറ്റർ തങ്ങളുടെ ഐറ ഇലക്ട്രിക് മോട്ടോർസൈക്കിളിനെ അടുത്തിടെയാണ് വിപണിയില്‍ അവതരിപ്പിച്ചത്. ഒരു മാസത്തിനുള്ളിൽ 40,000 ബുക്കിംഗുകൾ ബൈക്കിന് ലഭിച്ചതായി മാറ്റർ അറിയിച്ചു. ഇന്ത്യയിലെ ആദ്യത്തെ ഗിയർ ഇലക്ട്രിക് മോട്ടോർസൈക്കിൾ എന്നതാണ് എയറയുടെ പ്രത്യേകത. നിലവിൽ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ഫ്ലിപ്പ്കാർട്ട് വഴിയും കമ്പനി ബുക്കിംഗ് സ്വീകരിക്കുന്നുണ്ട്.
നിലവിൽ, 5,000, 5,000 പ്ലസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് എയിറ എത്തുന്നത്. രണ്ടിനും ഒരേ ഇലക്ട്രിക് മോട്ടോറും ബാറ്ററി പാക്കുമാണ് ലഭിക്കുന്നത്. യഥാക്രമം 1.74 ലക്ഷം രൂപയും 1.84 ലക്ഷം രൂപയുമാണ് ഇവയുടെ വില. ലിക്വിഡ് കൂൾഡ്, അഞ്ച് കിലോവാട്ട് ബാറ്ററി പായ്ക്കാണ് മാറ്റർ ഐറ ഇലക്ട്രിക് ബൈക്കിന് കരുത്ത് പകരുന്നത്. ബൈക്കിന്റെ റേഞ്ച് 125 കിലോമീറ്ററാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 10.5kW ലിക്വിഡ് കൂൾഡ് മോട്ടോറാണ് ഇതിനുള്ളത്. നാല് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ഇലക്ട്രിക് മോട്ടോർ ജോടിയാക്കിയ ആദ്യത്തെ ബൈക്ക് കൂടിയാണിത്. ഗിയറുകളുള്ള ആദ്യത്തെ ഇലക്ട്രിക് മോട്ടോർസൈക്കിളാണിതെന്ന് കമ്പനി അവകാശപ്പെടുന്നു. മാത്രമല്ല, സാധാരണ എയർ കൂളിംഗിന് പകരം ലിക്വിഡ് കൂളിംഗ് ഫീച്ചർ ചെയ്യുന്ന ലോകത്തിലെ ആദ്യത്തെ ഇലക്ട്രിക് ബൈക്ക് കൂടിയാണ് എയറ എന്നും കമ്പനി അവകാശപ്പെടുന്നു.
180 കിലോഗ്രാമാണ് ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ ഭാരം. ബാറ്ററി പാക്കിന് ഏകദേശം 40 കിലോഗ്രാം ഭാരമുണ്ട്. നാല് സ്പീഡ് ഗിയർബോക്സാണ് ഇതിനുള്ളത്. ഡ്യുവൽ ചാനൽ എബിഎസ് (ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം) ആണ് ഇലക്ട്രിക് ബൈക്കിൽ സജ്ജീകരിച്ചിരിക്കുന്നത്. കോൾ/മെസേജ് അലേർട്ടിനൊപ്പം ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ഓൺബോർഡ് നാവിഗേഷൻ ഡിസ്‌പ്ലേയും ലഭിക്കുന്ന ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് ബൈക്കിനെ കൂടുതൽ ആകർഷകമാക്കുന്നത്. ബൈക്കിന് പുഷ്-ബട്ടൺ സ്റ്റാർട്ടും ഒപ്പം ഫോർവേഡ്, റിവേഴ്സ് അസിസ്റ്റും ലഭിക്കുന്നു. ഡ്യുവൽ-ചാനൽ എബിഎസ് സഹിതം രണ്ടറ്റത്തും ഡിസ്‌ക് ബ്രേക്കുകളാണ് ബ്രേക്കിംഗ് ചുമതലകൾ കൈകാര്യം ചെയ്യുന്നത്.
ഈ കിടിലൻ ബൈക്ക് വേണോ? ആറ് ദിവസത്തിനകം ബുക്ക് ചെയ്‍താല്‍ അരലക്ഷം ലാഭം!