Maruti Suzuki Baleno : മാരുതി സുസുക്കി ബലേനോയുടെ വിൽപ്പന 10 ലക്ഷം യൂണിറ്റ് കടന്നു

2016 ഒക്ടോബറിൽ ലോഞ്ച് ചെയ്‍ത ആദ്യ വർഷത്തിൽ തന്നെ ബലേന ഒരുലക്ഷം വിൽപ്പന പൂർത്തിയാക്കി. തുടർന്ന് 2018 നവംബറിൽ 5 ലക്ഷം വിൽപ്പന പൂർത്തിയാക്കി. 

Maruti Suzuki Baleno Sales crossed 10 lakh units

ദില്ലി: മാരുതി സുസുക്കി (Maruti Suzuki) ഇന്ത്യ ലിമിറ്റഡ് (എംഎസ്ഐഎൽ) ന്‍റെ ജനപ്രിയ പ്രീമിയം ഹാച്ച് ബാക്കാണ് ബലേനോ (Baleno). വാഹനം ഇതുവരെ 10 ലക്ഷം യൂണിറ്റ് വില്‍പ്പന നേടിയതായി ഇക്കണോമിക്ക് ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 2015 ഒക്ടോബറിൽ പുറത്തിറക്കിയതിന് ശേഷം ആറ് വർഷത്തിനുള്ളിൽ ആണ് മാരുതിയുടെ ഈ നേട്ടം.

2016 ഒക്ടോബറിൽ ലോഞ്ച് ചെയ്‍ത ആദ്യ വർഷത്തിൽ തന്നെ ബലേന ഒരുലക്ഷം വിൽപ്പന പൂർത്തിയാക്കി. തുടർന്ന് 2018 നവംബറിൽ 5 ലക്ഷം വിൽപ്പന പൂർത്തിയാക്കി. 248 നഗരങ്ങളിലായി 399 NEXA ഔട്ട്‌ലെറ്റുകൾ വഴിയാണ് ബലേനോയെ മാരുതി വില്‍ക്കുന്നത്.

അവതരിപ്പിച്ചതുമുതൽ, പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിൽ ബലേനോ സമാനതകളില്ലാത്ത നേതൃത്വം ആസ്വദിക്കുകയാണെന്ന് ഈ പ്രകടനത്തെക്കുറിച്ച് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് സീനിയർ എക്‌സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിംഗ് & സെയിൽസ്) ശശാങ്ക് ശ്രീവാസ്‍തവ പറഞ്ഞു. ഡിസൈൻ, സുരക്ഷ, നവീകരണം എന്നിവയിൽ വാഹനം പുതിയ മാനദണ്ഡങ്ങൾ സ്ഥാപിച്ചെന്നും 25 ശതമാനത്തിലധികം വിപണി വിഹിതമുള്ള ബലേനോ പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തെ നയിക്കുകയും പുനർനിർവചിക്കുകയും ചെയ്‍തെന്നും അദ്ദേഹം വ്യക്തമാക്കി.

“ഒരു ദശലക്ഷത്തിലധികം ഉപഭോക്താക്കളെ പ്രചോദിപ്പിക്കുകയും നിരവധി അവാർഡുകൾ കരസ്ഥമാക്കുകയും ചെയ്യുന്ന ബലേനോ, രാജ്യത്തുടനീളമുള്ള ഉപഭോക്താക്കളുടെയും വാഹന വിദഗ്ധരുടെയും ഹൃദയം കീഴടക്കി. ഇന്നത്തെ വികസിച്ച നഗര ഇന്ത്യൻ ഉപഭോക്താവ് സ്വയം പ്രചോദിതരും, സാങ്കേതിക പരിജ്ഞാനമുള്ളവരുമാണ്. ഈ വിവേചനബുദ്ധിയുള്ള മനസുകൾക്ക് ശരിയായ കൂട്ടാളി കൂടിയാണ് ബലേനോ. അസാധാരണമായ റോഡ് സാന്നിധ്യവും ഡ്രൈവ് അനുഭവവും കൊണ്ട് പ്രീമിയം ബലേനോ നല്‍കുന്നു,” ശശാങ്ക് ശ്രീവാസ്‍തവ വ്യക്തമാക്കി.

1.2 ലിറ്റർ ഡ്യുവൽ ജെറ്റ്, ഡ്യുവൽ വിവിടി എഞ്ചിൻ, സ്മാർട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്ന മോഡലാണ്. ഡ്യുവൽ എയർബാഗുകൾ, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, റിമൈൻഡറോട് കൂടിയ പ്രെറ്റെൻഷനർ, ഫോഴ്‌സ് ലിമിറ്റർ സീറ്റ് ബെൽറ്റുകൾ, ഐഎസ്ഒഫിക്സ് ചൈൽഡ് റെസ്‌ട്രെയ്‌ൻറ് സിസ്റ്റം, ഹൈ-സ്പീഡ് അലേർട്ട് സിസ്റ്റം, റിവേഴ്‌സ് പാർക്കിംഗ് അസിസ്റ്റ് സെൻസറുകൾ, എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായി ചില സുരക്ഷാ ഫീച്ചറുകൾ ഉൾപ്പെടുന്നു.

രാജ്യത്ത് ഓരോ രണ്ടു മിനിറ്റിലും ഒരോ ബലേനോ വീതം വില്‍ക്കുന്നുണ്ടെന്നാണ് നേരത്തെ പുറത്തുവന്ന കണക്കുകള്‍. നേരത്തെ ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ ആറ് ലക്ഷം യൂണിറ്റ് വിൽപ്പന എന്ന നാഴികക്കല്ല് താണ്ടുന്ന പ്രീമിയം ഹാച്ച് എന്ന കിരീടവും ബലേനോ സ്വന്തമാക്കിയിരുന്നു. വെറും 44 മാസത്തിനുള്ളിലാണ് ഇത്രയും വിൽപ്പന നേടിയത്. തുടർന്ന് 51 മാസത്തിനുള്ളിൽ 7 ലക്ഷം യൂണിറ്റ് മറികടന്നപ്പോൾ 8 ലക്ഷം മാർക്കിലെത്താൻ അവിടുന്ന് 10 മാസം മാത്രമാണ് ബലേനോയ്ക്ക് വേണ്ടിവന്നത്. 9 ലക്ഷം വിൽപ്പനയെന്ന നേട്ടത്തിൽ 8,08,303 പെട്രോൾ വേരിയന്റും 1,03,866 ഡീസൽ വേരിയന്റുകളുമാണ് കമ്പനി നിരത്തിലെത്തിച്ചിരിക്കുന്നത്. വിപണിയിൽ എത്തിയതിനു ശേഷം പ്രതിമാസ വിൽപ്പന ശരാശരി 13,820 യൂണിറ്റുകളാണ്.

2015 ഒക്ടോബറിലാണ് ബലേനോയെ മാരുതി അവതരിപ്പിക്കുന്നത്. 2015ല്‍ ജനീവാ മോട്ടോര്‍ ഷോയില്‍ ഐകെ2 കോണ്‍സെപ്റ്റ് കാറായി അവതരിപ്പിച്ച ബലേനോ അതേ വര്‍ഷം തന്നെയാണ് ഇന്ത്യന്‍ വിപണിയിലേക്കും എത്തിയത്.  മാരുതിയുടെ പ്രീമിയം കാറുകള്‍ വില്‍ക്കാനുള്ള ഡീലര്‍ഷിപ്പായ നെക്‌സയിലൂടെയാണ് ബലേനോ വിറ്റഴിച്ചത്.  

നിലവില്‍ 83 ബിഎച്ച്പി കരുത്തേകുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 74 ബിഎച്ച്പി കരുത്തേകുന്ന 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് റഗുലര്‍ ബലേനോയുടെ ഹൃദയം. ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗ്, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് റെസ്ട്രിയന്റ് സിസ്റ്റം, ഫോഴ്‌സ് ലിമിറ്റര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലര്‍ട്ട് സിസ്റ്റം, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ എന്നീ സുരക്ഷാ സംവിധാനങ്ങളും പുതിയ വാഹനത്തിലുണ്ട്.

വാഹനത്തിന്‍റെ പുതിയ പതിപ്പ് 2019 ജനുവരിയിലാണ് വിപണിയിലെത്തിയത്.  നെക്സ്റ്റ് ജനറേഷന്‍ സ്മാര്‍ട്ട് ഹൈബ്രിഡ് സംവിധാനത്തോടെ പുതിയ ബലേനോ മോഡലും അടുത്തിടെ മാരുതി പുറത്തിറക്കിയിരുന്നു.  രാജ്യത്തെ ആദ്യ ബിഎസ് 6 പ്രീമിയം ഹാച്ച്ബാക്ക് മോഡലെന്ന ഖ്യാതിയും ഇതോടെ ബലനോയ്ക്ക് ലഭിച്ചിരുന്നു. നിലവില്‍ എ2 പ്ലസ് സെഗ്‌മെന്റില്‍ 27 ശതമാനം മാര്‍ക്കറ്റ് വിഹിതമുണ്ട് ബലേനോയ്ക്ക്.

രാജ്യത്തെ ആദ്യ ബിഎസ് 6 പ്രീമിയം ഹാച്ച്ബാക്ക് മോഡലെന്ന ഖ്യാതിയും ഇതോടെ ബലനോയ്ക്ക് ലഭിച്ചിരുന്നു. നിലവില്‍ എ2 പ്ലസ് സെഗ്‌മെന്റില്‍ 27 ശതമാനം മാര്‍ക്കറ്റ് വിഹിതമുണ്ട് ബലേനോയ്ക്ക്. ബലേനൊയിൽ മാനുവൽ, കണ്ടിന്വസ്ലി വേരിയബ്ൾ ട്രാൻസ്മിഷൻ(സി വി ടി) ഗീയർബോക്സുകളും മാരുതി സുസുക്കി ലഭ്യമാക്കുന്നുണ്ട്. 5.63 ലക്ഷം മുതലാണ് ബലേനൊയുടെ വിവിധ വകഭേദങ്ങൾക്ക് ദില്ലി ഷോറൂം വില ആരംഭിക്കുന്നത്. ടാറ്റ അള്‍ട്രോസ്, ഫോര്‍ഡ് ഫ്രീസ്റ്റൈല്‍, ഹ്യുണ്ടായ് ഐ 20, ഫോക്‌സ്‌വാഗണ്‍ പോളോ, ഹോണ്ട ജാസ് എന്നിവയാണ് ബലേനോയുടെ മുഖ്യ എതിരാളികള്‍.

അതേസമയം പുതിയ ബലേനോയുടെ പണിപ്പുരയിലാണ് മാരുതി. 2019-ലെ അതിന്റെ അവസാന ഫെയ്‌സ്‌ലിഫ്റ്റിനു ശേഷം, 2022 മാരുതി ബലേനോ പൂർണ്ണമായും പരിഷ്‌ക്കരിച്ച ഇന്റീരിയറും എക്‌സ്‌റ്റീരിയറുമായിട്ടായിരിക്കും എത്തുക.

Latest Videos
Follow Us:
Download App:
  • android
  • ios