ഇവിഎക്സ്, വരുന്നൂ മാരുതിയുടെ ഇലക്ട്രിക് എസ്‌യുവി
2024 മൂന്നാം പാദത്തിൽ (അതായത് ദീപാവലി സീസണിൽ) മാരുതി eVX ഇലക്ട്രിക് എസ്‌യുവി അതിന്റെ പ്രൊഡക്ഷൻ രൂപത്തിൽ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സിഎൻജി വകഭേദങ്ങൾ, ബയോഗ്യാസ്, എത്തനോൾ-ഗ്യാസോലിൻ മിക്സ് ഇന്ധനങ്ങൾ എന്നിവയ്‌ക്കൊപ്പം ഒന്നിലധികം ഹൈബ്രിഡ്, പൂർണ്ണമായും ഇലക്ട്രിക് കാറുകൾ എന്നിവ ഉപയോഗിച്ച് ഹരിത പോർട്ട്‌ഫോളിയോ വികസിപ്പിക്കാൻ ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കി പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഈ വർഷം ആദ്യം, ടൊയോട്ടയുമായി സഹകരിച്ച് വികസിപ്പിച്ച മോഡലുകൾക്കൊപ്പം ആറ് പുതിയ ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യയിൽ കൊണ്ടുവരുമെന്ന് കമ്പനി സ്ഥിരീകരിച്ചു . വരാനിരിക്കുന്ന ഇലക്ട്രിക് കാറുകളെക്കുറിച്ച് പറയുമ്പോൾ, ഈ ശ്രേണിയിൽ പ്രൊഡക്ഷൻ-റെഡി ഇവിഎക്സ്, ഗ്രാൻഡ് വിറ്റാര ഇവി, ജിംനി ഇവി, ഫ്രോങ്ക്സ് ഇവി, ബലെനോ ഇവി, വാഗൺആർ ഇവി എന്നിവ ഉൾപ്പെടാൻ സാധ്യതയുണ്ട്. അതേസമയം 2024 മൂന്നാം പാദത്തിൽ (അതായത് ദീപാവലി സീസണിൽ) മാരുതി eVX ഇലക്ട്രിക് എസ്‌യുവി അതിന്റെ പ്രൊഡക്ഷൻ രൂപത്തിൽ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
2023 ഓട്ടോ എക്‌സ്‌പോയിലാണ് ഇവിഎക്‌സ് കൺസെപ്റ്റ് ആദ്യമായി പ്രദർശിപ്പിച്ചത്. 2025-ന്റെ തുടക്കത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഹ്യൂണ്ടായ് ക്രെറ്റ ഇവിയ്‌ക്കെതിരെ ഈ മാരുതി മോഡല്‍ മത്സരിക്കും. മാരുതി സുസുക്കിയുടെ ആദ്യത്തെ ഇലക്ട്രിക് കാർ 60 കിലോവാട്ട് ബാറ്ററിയോടെയാണ് വാഗ്ദാനം ചെയ്യുന്നത്. ബോണ്‍-ഇവി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള എല്‍എഫ്‍പി ബ്ലേഡ് സെല്ലുകൾ ഉപയോഗിച്ചായിരിക്കും ഇവിഎക്സ് എത്തുക. ഇത് ഒറ്റ ചാർജിൽ 550 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു. ബ്രാൻഡിന്റെ സമർപ്പിത ഇവി ആർക്കിടെക്ചർ ഭാവിയിൽ മാരുതി സുസുക്കി, ടൊയോട്ട എന്നിവ പൂർണമായും ഇലക്ട്രിക് മോഡലുകളിൽ ഉപയോഗിക്കും.
മോഡലിന് 4300 എംഎം നീളവും 1800 എംഎം വീതിയും 1600 എംഎം ഉയരവുമുണ്ടാകും. അതായത്, ഇത് ഹ്യുണ്ടായ് ക്രെറ്റ ഇവിയോളം വലുതായിരിക്കും. 2700 എംഎം വീൽബേസോടെയാണ് ഇത് വരുന്നത്. നിർമ്മാണത്തിന് തയ്യാറായ മാരുതി eVX ഇലക്ട്രിക് എസ്‌യുവി അതിന്റെ നിലവിലെ കണ്‍സെപ്റ്റ് രൂപത്തില്‍ തന്നെ ഉറച്ചുനിൽക്കാൻ സാധ്യതയുണ്ട്. വി-ആകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ, ബ്ലാങ്കഡ് ഓഫ്-ഗ്രിൽ, ഉയരമുള്ള ബോണറ്റ്, മുൻവശത്ത് പരന്ന മൂക്ക് എന്നിവ പോലുള്ള സവിശേഷതകൾക്കൊപ്പം ബ്രാൻഡിന്റെ പുതിയ ഡിസൈൻ ഭാഷയെ അതിന്റെ കൺസെപ്റ്റ് പതിപ്പ് പ്രിവ്യൂ ചെയ്യുന്നു. ചരിഞ്ഞ റൂഫ്‌ലൈൻ, ഉയര്‍ന്ന വീൽ ആർച്ചുകൾ, ഷോർട്ട് ഓവർഹാംഗുകൾ, സൈഡ് ക്ലാഡിംഗ്, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, റേക്ക്ഡ് റിയർ വിൻഡ്‌സ്‌ക്രീൻ, ടെയിൽഗേറ്റ് എന്നിവയായിരുന്നു ഇതിന്റെ മറ്റ് ചില ഡിസൈൻ ഹൈലൈറ്റുകൾ. മാരുതിയുടെ ഗുജറാത്ത് ആസ്ഥാനമായുള്ള നിർമ്മാണ കേന്ദ്രത്തിലായിരിക്കും പുതിയ മാരുതി eVX ഇലക്ട്രിക് എസ്‌യുവിയുടെ നിര്‍മ്മാണം.