പുതിയ പേര് ട്രേഡ്‍മാർക്ക് ചെയ്‍ത് മഹീന്ദ്ര, ആ കിടിലൻ പിക്കപ്പിന് ഉപയോഗിക്കുമോ?
ഇപ്പോഴിതാ മഹീന്ദ്ര 'സ്കോർപിയോ എക്‌സ്' മോണിക്കറിനായി ഒരു ട്രേഡ് മാർക്ക് ഫയൽ ചെയ്‍തിട്ടുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ. അത് ഡിസൈനിൻ്റെ കാര്യത്തിൽ സ്കോർപിയോ N നോട് വളരെ സാമ്യമുള്ളതാണ്.
കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര 'ഗ്ലോബൽ പിക്ക് അപ്പ്' ട്രക്ക് പ്രദർശിപ്പിച്ചത്. കുറച്ച് മാസങ്ങൾക്ക് ശേഷം, ബ്രാൻഡ് വാഹനത്തിന് ഡിസൈൻ പേറ്റൻ്റ് ഫയൽ ചെയ്‍തു. ഇപ്പോഴിതാ മഹീന്ദ്ര 'സ്കോർപിയോ എക്‌സ്' മോണിക്കറിനായി ഒരു ട്രേഡ് മാർക്ക് ഫയൽ ചെയ്‍തിട്ടുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ. അത് ഡിസൈനിൻ്റെ കാര്യത്തിൽ സ്കോർപിയോ N നോട് വളരെ സാമ്യമുള്ളതാണ്. ഗ്ലോബൽ പിക്ക് അപ്പ് ട്രക്കിൻ്റെ പ്രൊഡക്ഷൻ-സ്പെക്ക് പതിപ്പിന് സ്കോർപിയോ എക്സ് നെയിംപ്ലേറ്റ് ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കാം. എന്നിരുന്നാലും, ഇപ്പോൾ ഒന്നും സ്ഥിരീകരിച്ചിട്ടില്ല.
ആഗോള പ്രേക്ഷകരെ മനസിൽവച്ചുകൊണ്ട് ഇന്ത്യയിൽ രൂപപ്പെടുത്തിയതാണ് മഹീന്ദ്ര ഗ്ലോബൽ പിക്ക് അപ്പ് എന്ന് കമ്പനി വ്യക്തമാക്കുന്നു. സ്കോർപിയോ എൻ എസ്‌യുവിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഈ പിക്കപ്പിന് ശ്രദ്ധേയവും പ്രായോഗികവുമായ രൂപകൽപ്പയാണ് ഉള്ളത്. ഇസഡ് 121 എന്ന കോഡ് നെയിമില്‍ മഹീന്ദ്ര അവതരിപ്പിച്ച ഗ്ലോബല്‍ പിക് അപ് ട്രക്കിന്റെ ഹെഡ് ലൈറ്റും ബോണറ്റും ഫെന്‍ഡറുകളും മുന്‍ ഡോറുകളുമെല്ലാം സ്‌കോര്‍പിയോ എന്നുമായി സാമ്യതയുള്ളതാണ്. ഈ പുതിയ പിക്കപ്പ് ട്രക്ക്, ദൈനംദിന യാത്രകൾ മുതൽ ഓഫ്-റോഡ് സാഹസികതകൾ, ഓവർലാൻഡിംഗ് എന്നിവ വരെയുള്ള വൈവിധ്യമാർന്ന മേഖലകളിൽ മികവ് പുലർത്തുന്ന വിധത്തിലാണ് രൂപകൽപ്പന ചെയ്‍തിരിക്കുന്നത് എന്നും കമ്പനി പറയുന്നു. ഈ പിക്ക് അപ്പ് കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ പതിപ്പ് 2025-ൽ ലോക പ്രീമിയർ പ്രദർശിപ്പിക്കും.
സ്‌കോർപിയോ എൻ എസ്‌യുവിയിലെ ജെൻ II എംഹോക്ക് ഓൾ-അലൂമിനിയം ഡീസൽ എഞ്ചിനാണ് പുതിയ മഹീന്ദ്ര ഗ്ലോബൽ പിക്ക് അപ്പ് കൺസെപ്‌റ്റിന്റെ ഹൃദയം. മഹീന്ദ്ര സ്കോർപിയോ N പിക്കപ്പ് 4X4 ശേഷികളോടെ സജ്ജീകരിച്ചിരിക്കുന്നു കൂടാതെ നോർമൽ, ഗ്രാസ്-ഗ്രാവൽ-സ്നോ, മഡ്-റട്ട്, സാൻഡ് എന്നിങ്ങനെ നാല് വ്യത്യസ്ത ഡ്രൈവിംഗ് മോഡുകൾ വാഗ്ദാനം ചെയ്യുന്നു. 5 ജി കണക്റ്റിവിറ്റി, സെമി-ഓട്ടോമാറ്റിക് പാർക്കിംഗ്, സൺറൂഫ്, എഡിഎസ് സാങ്കേതികവിദ്യ എന്നിവ ഉൾപ്പെടെയുള്ള നൂതന സവിശേഷതകളാൽ പിക്കപ്പ് സമ്പന്നമാണ്. ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റിൽ അഞ് സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടിയ 'അടുത്ത തലമുറ ലാഡർ ഫ്രെയിമിന്' അടിവരയിടുന്നതാണ് പുതിയ പിക്കപ്പ് കൺസെപ്റ്റ് എന്നും മഹീന്ദ്ര പറയുന്നു.