Safest Cars 2021 : ഇതാ ഈ വര്‍ഷം ആഗോളതലത്തില്‍ ഇടിച്ചുനേടി സുരക്ഷ തെളിയിച്ച ചില ഇന്ത്യന്‍ കാറുകള്‍!
2021ല്‍ നിരവധി ഇന്ത്യന്‍ നിര്‍മ്മിത കാറുകളെ ആഗോളതലത്തില്‍ സുരക്ഷാ പരിശോധനകള്‍ക്ക് വിധേയമാക്കിയിരുന്നു. എന്നാല്‍ അവയില്‍ ചിലര്‍ അമ്പേ പരാജയപ്പെട്ടപ്പോള്‍ മറ്റുചിലര്‍ മിന്നും പ്രകടനവുമായി ജയിച്ചു കയറി. ഇതാ യാത്രികരുടെ സുരക്ഷ ഉറപ്പാക്കിയ അത്തരം ചില വാഹന മോഡലുകളെ പരിചയപ്പെടാം
2021ൽ നിരവധി ഇന്ത്യൻ കാറുകളെ ആഗോളതലത്തില്‍ സുരക്ഷാ പരിശോധനയായ ക്രാഷ് ടെസ്റ്റിന് (Crash Test) വിധേയമായിട്ടുണ്ട്. അവയിൽ കുറച്ചു വാഹനങ്ങള്‍ എല്ലാ ടെസ്റ്റുകളിലും വിജയിച്ചു. ചിലത് മികച്ച സുരക്ഷാ സ്റ്റാറുകളും സ്വന്തമാക്കി. ഇതാ ആഗോള തലത്തിൽ നടത്തിയ സുരക്ഷാ പരീക്ഷണങ്ങളിലൂടെ കടന്നുപോയ, ഇന്ത്യയിൽ നിർമ്മിച്ച എല്ലാ കാറുകളുടെയും ഒരു ചുരുക്കപ്പട്ടിക ഇതാ.
മഹീന്ദ്ര XUV700
മഹീന്ദ്ര ആൻഡ് മഹീന്ദ്രയിൽ നിന്നുള്ള മുൻനിര മോഡലായി കണക്കാക്കപ്പെടുന്ന XUV700, നവംബറിൽ ഔദ്യോഗിക വില ലോഞ്ച് ചെയ്തതിന് തൊട്ടുപിന്നാലെ ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റുകൾക്ക് വിധേയമായി. മഹീന്ദ്ര XUV700 മുതിര്‍ന്ന യാത്രക്കാരുടെ സംരക്ഷണത്തിന് അഞ്ച് നക്ഷത്രങ്ങളും കുട്ടികളുടെ സുരക്ഷയ്ക്ക് നാല് നക്ഷത്രങ്ങളും സ്കോർ ചെയ്യുന്നു. അങ്ങനെ അതേ കാർ നിർമ്മാതാവിൽ നിന്നുള്ള XUV300, ഥാര്‍ SUV-കൾ എന്നിവ ഉൾക്കൊള്ളുന്ന ഏറ്റവും സുരക്ഷിതമായ ഇന്ത്യൻ കാറുകളുടെ പട്ടികയിലേക്ക് XUV700ഉം സ്ഥാനം പിടിച്ചു.
കുട്ടികളുടെ സുരക്ഷയില്‍ ചരിത്ര നേട്ടം, ഇടിച്ചിട്ടും തകരാതെ മഹീന്ദ്ര, കയ്യടിച്ച് രാജ്യം!
ഏഴ് എയർബാഗുകൾ, ഏറ്റവും പുതിയ തലമുറ ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, കോർണറിംഗ് ലാമ്പുകൾ, 360-ഡിഗ്രി ക്യാമറ, ബ്ലൈൻഡ് വ്യൂ മോണിറ്ററിംഗ്, മുൻ കൂട്ടിയിടി മുന്നറിയിപ്പ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ കീപ്പ് അസിസ്റ്റൻസ് തുടങ്ങിയ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങളുടെ ഹൈലൈറ്റുകളുമായാണ് XUV700 എത്തുന്നത്. സ്‍മാർട്ട് പൈലറ്റ് അസിസ്റ്റ്, ഹൈ ബീം അസിസ്റ്റ് തുടങ്ങിയവയും വാഹനത്തിലുണ്ട്.
ടാറ്റ പഞ്ച്
ടാറ്റ മോട്ടോഴ്‌സിന്റെ ഏറ്റവും പുതിയ മോഡലായ പഞ്ച് എസ്‌യുവി സുരക്ഷയുടെ കാര്യത്തിൽ വലുപ്പം ഒരു പ്രശ്‍നം അല്ലെന്ന് തെളിയിച്ച മോഡലാണ്. ഈ വർഷം ഒക്ടോബറിൽ ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി, ടാറ്റ പഞ്ച് ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റ് വിജയിച്ചു, പഞ്ചനക്ഷത്ര റേറ്റിംഗ് ഉറപ്പാക്കി. മുതിർന്ന യാത്രികരുടെ സംരക്ഷണത്തിന് ഉയർന്ന റേറ്റിംഗ് നേടുന്നതിന് പുറമെ, കുട്ടികളുടെ സംരക്ഷണത്തിനും നാല് സ്റ്റാറുകളും പഞ്ച് നേടി.
ഈ ടാറ്റയുടെ ഒരു കാര്യം, കുഞ്ഞനാണെങ്കിലും ഉരുക്കുറപ്പിനൊരു കുറവുമില്ലിവനും!
ടാറ്റ പഞ്ച് നിരവധി സുരക്ഷാ സവിശേഷതകളോടെയാണ് എത്തുന്നത്. അവയിൽ ചിലത് സെഗ്‌മെന്‍റില്‍ത്തന്നെ ആദ്യത്തേതാണ്. ഇതിന് ഡ്യുവൽ എയർബാഗുകൾ, ഇബിഡി, കോർണർ സ്റ്റെബിലിറ്റി കൺട്രോൾ സഹിതമുള്ള എബിഎസ്, കോർണറിംഗ് ഫംഗ്‌ഷനോടുകൂടിയ ഫ്രണ്ട് ഫോഗ് ലാമ്പ്, ചൈൽഡ് സീറ്റ് ഐഎസ്ഒഫിക്സ് ആങ്കർ പോയിന്റുകൾ, പെരിമെട്രിക് അലാറം സിസ്റ്റം, റിവേഴ്‍സ് പാർക്കിംഗ് ക്യാമറ, ഡ്രൈവർക്കും കോ-ഡ്രൈവർ സീറ്റിനും ബെൽറ്റ് റിമൈൻഡറുകൾ, ടയർ പഞ്ചർ റിപ്പയർ കീ, ബ്രേക്ക് സ്വേ കൺട്രോൾ തുടങ്ങിയവ അതിന്റെ സെഗ്‌മെന്റ്-ആദ്യ സവിശേഷതകളിൽ ഉൾപ്പെടുന്നു.
ടാറ്റ ടിയാഗോയും ടിഗോറും
പഞ്ച് എസ്‌യുവിയെ കൂടാതെ, ടാറ്റ മോട്ടോഴ്‌സിന്റെ മൂന്ന് മോഡലുകൾ കൂടി ആഗോള ഏജൻസികളുടെ ക്രാഷ് ടെസ്റ്റിൽ വിജയിച്ചു. 2021 ജനുവരിയിൽ നടന്ന ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ ടിയാഗോ ഹാച്ച്ബാക്കും ടിഗോര്‍ സബ്കോംപാക്റ്റ് സെഡാനും നാല് നക്ഷത്രങ്ങൾ നേടിയിരുന്നു. ടാറ്റ മോട്ടോഴ്‌സിൽ നിന്നുള്ള ഏറ്റവും സുരക്ഷിതമായ ചില കാറുകളായി പഞ്ച് കൂടാതെ അള്‍ട്രോസും നെക്സോണും ഉള്‍പ്പെടുന്നു. മുതിർന്ന യാത്രക്കാരുടെ സംരക്ഷണത്തിനായി ടിഗോറും ടിയാഗോയും നാല് സ്റ്റാറുകളും കുട്ടികളുടെ സംരക്ഷണത്തിനായി മൂന്ന് സ്റ്റാറുകളും നേടി. ടിഗോറും ടിയാഗോയും സ്റ്റാൻഡേർഡായി രണ്ട് ഫ്രണ്ടൽ എയർബാഗുകൾ വാഗ്ദാനം ചെയ്യുന്നു.
ടാറ്റ ടിഗോർ ഇ വി
സുരക്ഷാ റേറ്റിങ്ങിനായി ഗ്ലോബൽ എൻസിഎപി ഏജൻസി പരീക്ഷിച്ച ആദ്യ ഇന്ത്യൻ ഇലക്ട്രിക് കാറായി ടിഗോർ ഇവി മാറി. ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാറായി ഈ വർഷം ആദ്യം പുറത്തിറക്കിയ ടിഗോർ ഇവി ക്രാഷ് ടെസ്റ്റിൽ ഫോർ സ്റ്റാർ റേറ്റിംഗ് നേടി. രണ്ട് എയർബാഗുകൾ സ്റ്റാൻഡേർഡായി ഘടിപ്പിച്ച ഏറ്റവും അടിസ്ഥാന സുരക്ഷാ സ്പെസിഫിക്കേഷനിലാണ് ടാറ്റ ടിഗോർ ഇവിയെ വിലയിരുത്തിയത്. ഡ്യുവൽ എയർബാഗുകൾ കൂടാതെ, EBD ഉള്ള എബിഎസ്, കോർണർ സ്റ്റെബിലിറ്റി കൺട്രോൾ, റിയർ പാർക്കിംഗ് സെൻസറുകൾ തുടങ്ങിയ മറ്റ് സുരക്ഷാ ഫീച്ചറുകളും ടിഗോർ ഇവിയിൽ ഉണ്ട്.
നിസാൻ മാഗ്നൈറ്റ് എസ്‌യുവി
ആഗോള ഏജൻസികൾ നടത്തിയ സുരക്ഷാ പരിശോധനയിൽ വിജയിച്ച മറ്റ് ഇന്ത്യൻ കാറുകളിൽ ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്‍റെ മാഗ്നൈറ്റ് സബ് കോംപാക്റ്റ് എസ്‌യുവിയും ഉൾപ്പെടുന്നു. ഏകദേശം ഒരു വർഷം മുമ്പ്, മാഗ്നൈറ്റ് എസ്‌യുവി ആസിയാൻ എൻസിഎപിയിൽ ക്രാഷ് ടെസ്റ്റുകൾ നടത്തി നാല് സ്റ്റാർ സുരക്ഷാ റേറ്റിംഗുമായി തിരിച്ചെത്തി.
2020 ഡിസംബറിൽ ലോഞ്ച് ചെയ്‍ത മാഗ്‌നൈറ്റ് എസ്‌യുവി, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, റിയർ പാർക്കിംഗ് സെൻസറുകൾ തുടങ്ങിയ സ്റ്റാൻഡേർഡ് സുരക്ഷാ ഫീച്ചറുകളോടെയാണ് വരുന്നത്. വാഹന സ്ഥിരത നിയന്ത്രണം, ട്രാക്ഷൻ കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നിവ പോലുള്ള സുരക്ഷാ ഫീച്ചറുകളും ഇതിന്റെ ഉയർന്ന സ്പെക് ട്രിമ്മുകൾക്ക് ലഭിക്കുന്നു.
റെനോ ട്രൈബർ എംപിവി
ഈ വർഷം ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റിൽ വിജയിച്ച മറ്റൊരു കാറാണ് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയുടെ ഏഴ് സീറ്റുള്ള ട്രൈബർ എംപിവി. നാല് സ്റ്റാർ റേറ്റിംഗ് നേടിയ ട്രൈബർ MPV മെയ് മാസത്തിലാണ് സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കിയത്. മുതിര്‍ന്ന ഡ്രൈവർക്കും യാത്രക്കാർക്കും നൽകുന്ന പരിരക്ഷയെ സംബന്ധിച്ചിടത്തോളം റെനോ ട്രൈബര്‍ എംപിവി തൃപ്‍തികരമാണ്. പക്ഷേ, കുട്ടികളുടെ സുരക്ഷാ പരിശോധനയിൽ ഇത് മികച്ച പ്രകടനം കാഴ്‍ചവച്ചില്ല. ആഘാതം ഉണ്ടായാൽ കുട്ടികള്‍ക്ക് വലിയ പരിക്കുകള്‍ സംഭവിക്കാനുള്ള സൂചനകൾ കാണിച്ചു. ഡ്യുവൽ എയർബാഗുകൾ, എബിഎസ് സഹിതം ഇബിഡി, ചൈൽഡ് സേഫ്റ്റി ലോക്കുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ, സ്പീഡ് അലേർട്ട് മുന്നറിയിപ്പുകൾ തുടങ്ങിയ സുരക്ഷാ ഫീച്ചറുകളോട് കൂടിയ ട്രൈബർ എംപിവി ആണ് റെനോ വാഗ്‍ദാനം ചെയ്യുന്നത്.
കളയില്ല ജീവന്‍, ഇടിച്ചു നേടി ഇന്നോവയെ വിറപ്പിച്ച ഇത്തിരിക്കുഞ്ഞന്‍!
Source : HT Auto