ആനവണ്ടി ഇലക്ട്രിക് പോസ്റ്റ് തകര്‍ത്തു, ബൈക്ക് നിലത്തിട്ട് യാത്രികര്‍ ഓടിരക്ഷപ്പെട്ടു!

പോസ്റ്റ് നടുവേ മുറിഞ്ഞു വീണു. ഇതോടെ ബസിന് തൊട്ടുപിറകിൽ ഉണ്ടായിരുന്ന ബൈക്ക് യാത്രക്കാര്‍ ബൈക്ക് റോഡില്‍ ഉപേക്ഷിച്ച് ഇറങ്ങി ഓടി. 

KSRTC Super Fast Bus Hits an Electricity Post Viral Video

റോഡരികിലെ ഇലക്ട്രിക് പോസ്റ്റ് തകര്‍ക്കുന്ന കെഎസ്ആര്‍ടിസി ബസിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കഴിഞ്ഞ ദിവസം മലപ്പുറം എടപ്പാളില്‍ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. തലനാരിഴയ്‍ക്കാണ് ദുരന്തം ഒഴിവായതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

എടപ്പാള്‍, വട്ടംകുളം പഞ്ചായത്ത് റോഡിൽ നെല്ലറ ഗ്രൗണ്ടിന് സമീപം നടന്ന അപകടമെന്ന കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. സ്‍കൂള്‍ ബസിന് സൈഡ് കൊടുക്കുന്നതിനിടെ  കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ് റോഡരികിലെ ഇലക്ട്രിക് പോസറ്റ് തകര്‍ക്കുന്നതാണ് വീഡിയോയില്‍. ബസിന്‍റെ ഒരു ഭാഗം ഇടിച്ചതിനെ തുടര്‍ന്ന് പോസ്റ്റ് ബസിനു മുകളിലേക്ക് നടുവേ മുറിഞ്ഞു വീഴുകയായിരുന്നു.

ഇതോടെ ബസിന് തൊട്ടുപിറകിൽ ഉണ്ടായിരുന്ന ബൈക്ക് യാത്രക്കാര്‍ ബൈക്ക് റോഡില്‍ ഉപേക്ഷിച്ച് ഇറങ്ങി ഓടുകയായിരുന്നു. മറ്റൊരു ബൈക്ക് യാത്രികനും വാഹനവുമായി റോഡില്‍ നിന്നും പുറത്തേക്ക് ഓടിച്ച് രക്ഷപ്പെടുന്നതും കാണാം. സ്‍കൂള്‍ ബസിലെ വിദ്യാർത്ഥികളും വഴിയാത്രക്കാരുമൊക്കെ തലനാരിഴയ്ക്കാണ് വൻ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടതെന്നും വീഡിയോ വ്യക്തമാക്കുന്നു.

വാഹനത്തിനു മുകളില്‍ ഇലക്ട്രിക്ക് ലൈന്‍ വീണാല്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതും

ഇത്തരം അപകടങ്ങള്‍ നടന്നാല്‍ എന്താണ് ചെയ്യേണ്ടതെന്ന് എപ്പോഴെങ്കിലും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? വൈദ്യുതി ലൈൻ വാഹനത്തിന് മുകളിൽ വീണാല്‍ സ്വാഭാവികമായും വാഹനത്തിന് പുറത്തേക്ക് ഓടി രക്ഷപ്പെടാനാകും മിക്കവരും ശ്രമിക്കുക. ഇങ്ങനെ ചെയ്യുന്നത് ശരിയായ കാര്യമാണോ? ഇതാ വാഹനത്തിനു മുകളില്‍ വൈദ്യുതി ലൈന്‍ പൊട്ടി വീണാല്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

  • വാഹനത്തിന് പുറത്തിറങ്ങാന്‍ പരമാവധി ശ്രമിക്കരുത്
  • ടയർ റബറായതിൽ വാഹനത്തിനുള്ളിൽ തന്നെ തുടരുന്നതാണ് കൂടുതൽ സുരക്ഷിതം
  • തീ പിടിക്കാനുള്ള സാഹചര്യമുണ്ടെങ്കിൽ മാത്രം പുറത്തിറങ്ങുന്ന കാര്യത്തെക്കുറിച്ച് ആലോചിക്കുക
  • വൈദ്യുതി ലൈനുകളിൽ സ്പർശിക്കാതെ വാഹനത്തിൽ നിന്ന് ചാടാൻ ശ്രമിക്കുക
  • സ്വയരക്ഷയ്ക്ക് സ്വന്തം തീരുമാനങ്ങളിലെത്താതെ മറ്റുള്ളവരുടെ സഹായം തേടുക
  • വിജനമായ സ്ഥലത്താണ് അപകടമെങ്കിൽ മൊബൈൽ ഫോൺ വഴി ഫയർ ഫോഴ്സിന്റെ സഹായം തേടുക
  • അടിയന്തര സഹായത്തിന് ചിലപ്പോൾ പൊലീസാകാം ആദ്യമെത്തുക അതിനാല്‍ 100 ൽ വിളിച്ച് പൊലീസിനെയും വിവരം അറിയിക്കുക
  • ഇറങ്ങേണ്ട സാഹചര്യത്തിൽ കാൽ ഭൂമിയിൽ സ്പർശിക്കുമ്പോൾ വാഹനത്തിന്റെ ബോഡിയുമായി ബന്ധമുണ്ടാകരുത്
  • വാഹനത്തിന്റെ മറ്റു മെറ്റൽ ഘടകങ്ങൾ റോഡുമായി ബന്ധമില്ലെന്ന് ഉറപ്പാക്കുക
  • വെള്ളമോ നനവോ ഇല്ലാത്ത സ്ഥലമാണോ പുറത്തെന്നും ഉറപ്പുവരുത്തണം
  • രണ്ടു കാലും ഒരേ സമയത്ത് നിലത്ത് കുത്തുക
  • വാഹനത്തിനുള്ളിൽ തുടരുകയാണെങ്കിൽ, മെറ്റൽ ഘടകങ്ങളിൽ സ്പർശിക്കാതിരിക്കുക
  • ഇറങ്ങി കഴിഞ്ഞാൽ കുറഞ്ഞത് 50 മീറ്റർ അകലം പാലിക്കുക
  • വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന് ശേഷം മാത്രം വാഹനത്തിന്‍റെ അടുത്തേക്ക് പോകുക
Latest Videos
Follow Us:
Download App:
  • android
  • ios