കമ്പി കുത്തിയല്ല ഇനി എച്ചെടുക്കൽ, വര വരച്ച് ഡ്രൈവിംഗ് ടെസ്റ്റ്, തീർന്നില്ല പിന്നെയും കടമ്പകളേറെ; പണിപാളി!

ഇനി മുതൽ ടാർ ചെയ്തോ കോൺക്രീറ്റ് ചെയ്തോ സ്ഥലമൊരുക്കിയ ശേഷം വരകളിലൂടെ വേണം ഡ്രൈവിംഗ് ടെസ്റ്റ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ. മേയ് ഒന്നു മുതൽ പുതിയ ഡ്രൈവിംഗ് ടെസ്റ്റ് രീതി നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് മോട്ടോർ വാഹനവകുപ്പ് എന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.

Kerala MVD plans to implement new driving license test for light motor vehicles

ടെസ്റ്റ് ഗ്രൌണ്ടിൽ കമ്പി കുത്തി റിബൺ എച്ചും റോഡിലെ ഡ്രൈവിംഗ് സ്‍കിൽ പരിശോധിക്കലുമാണ് നിലവിൽ സംസ്ഥാനത്തെ കാറുകളും മറ്റു ചെറിയ വാഹനങ്ങളും ഉൾപ്പെടുന്ന ലൈറ്റ് മോട്ടർ വാഹനങ്ങളുടെ ഡ്രൈവിംഗ് ടെസ്റ്റിന്റെ ഭാഗമായുള്ളത്. എന്നാൽ ഈ രീതി അടിമുടി മാറുകയാണ്. ഇനി മുതൽ ടാർ ചെയ്തോ കോൺക്രീറ്റ് ചെയ്തോ സ്ഥലമൊരുക്കിയ ശേഷം വരകളിലൂടെ വേണം ഡ്രൈവിംഗ് ടെസ്റ്റ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ. മേയ് ഒന്നു മുതൽ പുതിയ ഡ്രൈവിംഗ് ടെസ്റ്റ് രീതി നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് മോട്ടോർ വാഹനവകുപ്പ് എന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.

ഇത്രകാലവും എച്ച് എഴുതുകയും റോഡ് ടെസ്റ്റിൽ വിജയിക്കുകയും മാത്രം ചെയ്‍താൽ മതിയായിരുന്നു. എന്നാൽ ഇനി മുതൽ ആംഗുലർ പാർക്കിങ് (വശം ചെരിഞ്ഞുള്ള പാർക്കിങ്), പാരലൽ പാർക്കിങ്, സിഗ് സാഗ് ഡ്രൈവിങ് (എസ് വളവു പോലെ) കയറ്റത്തു നിർത്തി പിന്നോട്ടു പോകാതെ മുൻപോട്ട് എടുക്കുക തുടങ്ങിയവ പരീക്ഷകളും നിർബന്ധമായും വിജയിക്കേണ്ടിവരും. 

അതേസമയം ഇതിനായി ടെസ്റ്റിംഗ് കേന്ദ്രങ്ങൾ ഒരുക്കുന്നതിൽ ആശയക്കുഴപ്പം നിലനിൽക്കുകയാണെന്നും റിപ്പോര്‍ട്ടുകൾ ഉണ്ട്. നിലവിൽ മോട്ടോർ വാഹനവകുപ്പിന് 10 ടെസ്റ്റിങ് സ്റ്റേഷനുകൾ മാത്രമാണ് സ്വന്തമായുള്ളത്. കളിസ്ഥലങ്ങളു ആരാധനാലയങ്ങളുടെ ഉൾപ്പെടെ ഗ്രൗണ്ടുകളും പുറമ്പോക്കു ഭൂമിയുമാണ് ബാക്കിയുള്ള ഡ്രൈവിംഗ് ടെസ്റ്റിനായി ഉപയോഗിക്കുന്നത്. ഡ്രൈവിങ് ടെസ്റ്റിലെ പുതിയ പരിഷ്‌കാരവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ യോഗം വിളിച്ചിരുന്നു. പരിശോധനാ കേന്ദ്രങ്ങള്‍ സജ്ജമാക്കാന്‍ ഡ്രൈവിംഗ് സ്‍കൂളുകൾക്ക് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ചിലര്‍ സമ്മതിച്ചില്ല. നിലവിലെ രീതിയില്‍ തന്നെ എച്ച് എടുക്കാമെങ്കിലും പാര്‍ക്കിങ് അടക്കമുള്ളവയ്ക്ക് കുറച്ചുകൂടി സൗകര്യങ്ങള്‍ ആവശ്യമാണ്. ഇതിനായി അഞ്ച് ലക്ഷം രൂപ വരെ ചെലവാകുമെന്നാണ് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ പറയുന്നത്. സംസ്ഥാനത്ത് 86 ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങളാണുള്ളത്. ഇതില്‍ പത്തെണ്ണമേ മോട്ടോര്‍വാഹന വകുപ്പിന്റേതായുള്ളൂ. മറ്റിടങ്ങളില്‍ പൊതുസ്ഥലങ്ങളാണ് ഉപയോഗിക്കുന്നത്. ഇവിടെ സ്ഥിരം സംവിധാനമൊരുക്കാന്‍ സാധിക്കുകയുമില്ല. അവിടങ്ങളില്‍ പുതിയസ്ഥലം കണ്ടെത്തേണ്ടിവരുമെന്നും ഉടമകള്‍ പറയുന്നു.

അതേസമയം സംസ്ഥാനത്തെ ഡ്രൈവിംഗ് ലൈസൻസുകളുടെ എണ്ണം കുറയ്ക്കാൻ ഉദ്ദേശിക്കുന്നു എന്ന് മന്ത്രി കെ ബി ഗണേഷ്‍ കുമാർ അടുത്തിടെ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഈ നീക്കം എന്നതും ശ്രദ്ധേയമാണ്. സംസ്ഥാനത്തെ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റുകൾ കർശനമാക്കും എന്നും ചുമതലയേറ്റയുടൻ അദ്ദേഹം സൂചിപ്പിച്ചിരുന്നു. നിലവിൽ ഡ്രൈവിംഗ് ലൈസൻസുള്ള പലർക്കും വാഹനം റോഡിൽ ഇറക്കി ഓടിച്ചു പോവുക എന്നല്ലാതെ വൃത്തിയായി ഒന്നു പാർക്ക് ചെയ്യാനോ റോഡിലുള്ള മറ്റ് ഡ്രൈവർമാരെ കൂടെ പരിഗണിച്ച് വാഹനങ്ങൾ ഉപയോഗിക്കാനോ അറിയാത്ത ഒരു സാഹചര്യമാണെന്നും ഇതുപോലുള്ളവ അനുവദിക്കാനാവില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു. ദിനംപ്രതി 500 -ൽ പരം ലൈസൻസ് അടിച്ചു നൽകി ഗിന്നസ് ബുക്കിൽ ഇടം പിടിക്കാമോന്ന് സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പിന് ഒരു ഉദ്ദേശവുമില്ല എന്നും അദ്ദേഹം വ്യക്തമാക്കിയരുന്നു. അതായത് വളരെ കർശനമായ ടെസ്റ്റുകൾക്ക് ശേഷമായിരിക്കും ഇനി ഡ്രൈവിംഗ് ലൈസൻസ് നൽകുക എന്ന് ചുരുക്കം. 

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios