വിമാന ചാർജൊക്കെ എന്ത്, ഈ ട്രെയിനിൽ എസി ടിക്കറ്റിന് 11,000 രൂപ കടന്നു, തീരുമാനം പുനഃപരിശോധിക്കാൻ റെയിൽവേ
എസി, നോൺ എസി ബർത്തുകളിൽ അടിസ്ഥാന നിരക്കിലും മറ്റ് നിരക്കുകളിലും 300% വരെ വർധനവ് റെയിൽവേ അനുവദിച്ചിരുന്നു.
ദില്ലി: സുവിധ എക്സ്പ്രസ് ട്രെയിനുകളിൽ ടിക്കറ്റ് ചാർജ് കുത്തനെ വർധിച്ചതിന് പിന്നാവെ ഫ്ലെക്സി നിരക്ക് സംവിധാനം പുനഃപരിശോധിക്കാൻ റെയിൽവേ. ആഘോഷ സീസണിൽ ജയ്പൂർ-യശ്വന്ത്പൂർ (ബെംഗളൂരു) റൂട്ടിലെ എസി-2 ബെർത്തിന് 11,230 രൂപയും മുംബൈ-പട്‌ന റൂട്ടിൽ 9,395 രൂപയും ടിക്കറ്റ് നിരക്ക് ഉയർന്നതിനെ തുടർന്നാണ് റെയിൽവേ പ്രീമിയം എക്‌സ്പ്രസ് ട്രെയിനുകളിലെ നിരക്ക് മാനദണ്ഡങ്ങൾ അവലോകനം ചെയ്യുക.
എസി, നോൺ എസി ബർത്തുകളിൽ അടിസ്ഥാന നിരക്കിലും മറ്റ് നിരക്കുകളിലും 300% വരെ വർധനവ് റെയിൽവേ അനുവദിച്ചിരുന്നു. എന്നാൽ, ഈ ട്രെയിനുകളിലെ നിരക്കുകൾ അസാധാരണമായി ഉയർന്നത് റെയിൽവെയെ അമ്പരപ്പിച്ചു. വരും ദിവസങ്ങളിൽ നിരക്ക് കുറയുമെങ്കിലും ഇപ്പോഴത്തെ നിരക്ക് വർധന അപ്രതീക്ഷിതമാണ്. നിലവിൽ രണ്ട് സുവിധ എക്‌സ്പ്രസ് ട്രെയിനുകൾ മാത്രമാണ് മുംബൈ-പട്‌ന, ജയ്പൂർ-യശ്വന്ത്പൂർ എന്നീ റൂട്ടുകളിൽ ഓടുന്നത്. മുംബൈ-പട്ന ആഴ്ചയിൽ രണ്ടുതവണ സർവീസ് നടത്തുമ്പോൾ ബെംഗളൂരു-ജയ്പൂർ പ്രതിവാര സർവീസാണ്.
തിരക്കേറിയ റൂട്ടുകളിൽ പ്രീമിയം എക്‌സ്പ്രസ് ട്രെയിൻ സർവീസ് 2014-ലാണ് ആരംഭിച്ചത്. റെയിൽവേയുടെ ടിക്കറ്റ് ബുക്കിംഗ് വെബ്‌സൈറ്റായ ഐആർസിടിസി അനുസരിച്ച് മുംബൈ-പട്‌ന സുവിധ എക്സ്പ്രസ് ട്രെയിനുകളിൽ ഡിസംബർ 8 വരെ 9,395 രൂപയും ജയ്പൂർ-യശ്വന്ത്പൂർ സുവിധ എക്‌സ്‌പ്രസിന്റെ കാര്യത്തിൽ 11,230 രൂപയുമാണ് നിരക്ക്. ട്രെയിൻ നിരക്ക് വിമാന നിരക്കിനേക്കാൾ കൂടുതലാണെന്നും പറയുന്നു. നവംബർ 25-ന് ജയ്പൂരിൽ നിന്ന് മുംബൈയിലേക്കുള്ള വൺവേ ഫ്ലൈറ്റ് ടിക്കറ്റ് 7,549 രൂപയും നവംബർ 22-ന് മുംബൈയിൽ നിന്ന് പട്‌നയിലേക്കുള്ള ഏറ്റവും കുറഞ്ഞ വിമാന നിരക്ക് 7,022 രൂപയുമാണ് കാണിക്കുന്നത്.
Read More.... ഫ്ലൈറ്റിൽ പറക്കാം ഇനി കുറഞ്ഞ നിരക്കിൽ; ട്രെയിൻ ടിക്കറ്റ് നിരക്കിൽ വിമാന ടിക്കറ്റ്, ബുക്ക് ചെയ്യേണ്ടത് ഇങ്ങനെ
നിരവധി റൂട്ടുകളിൽ പ്രീമിയം എക്സ്പ്രസ് ട്രെയിനുകൾ അവതരിപ്പിച്ചെങ്കിലും ഉയർന്ന നിരക്കുമായി ബന്ധപ്പെട്ട നിരന്തര പരാതി കാരണം സർവീസുകൾ ഗണ്യമായി കുറച്ചതായി അധികൃതർ പറഞ്ഞു. കൺഫേമ്ഡ്, ആർഎസി ടിക്കറ്റുകൾ മാത്രമാണ് സുവിധയിൽ നൽകുക. ഉത്സവ തിരക്ക് മറികടക്കാൻ റെയിൽവേ അധിക ട്രെയിനുകൾ ഓടിക്കുന്നുണ്ട്. നടപ്പു ഫെസ്റ്റിവൽ സീസണിൽ ഒക്ടോബർ ഒന്ന് മുതൽ 2423 സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തി. ഈ വർഷം മൂന്നിരട്ടിയായാണ് അധിക സർവീസുകൾ വർധിപ്പിച്ചത്.