വേണ്ടി വന്നാൽ വാട്ടര്‍ ബോംബറായി മാറും; 21,935 കോടിയുടെ വൻ ഇടപാട്, ശല്യക്കാരായ അയല്‍ക്കാര്‍ ജാഗ്രതൈ..!

സ്പെയിനിലെ സെവിയ്യയില്‍ നടന്ന ചടങ്ങില്‍ ആദ്യ സി 295 ട്രാന്‍സ്‌പോര്‍ട്ട് വിമാനം എയര്‍ബസ് അധികൃതര്‍ വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി ആര്‍ ചൗധരിക്ക് കൈമാറി. 21,935 കോടി രൂപയുടെ ഇടപാടില്‍ 56 വിമാനങ്ങളാണ് നിര്‍മ്മിക്കുക

India gets its first Airbus C295 aircraft Why it matters all details btb

അതിര്‍ത്തിയില്‍ വർധിച്ചുവരുന്ന ഭീഷണി നേരിടുവാന്‍ വേണ്ടി കരുത്ത് കൂട്ടുകയാണ് വ്യോമസേന. ശല്യക്കാരായ അയല്‍ക്കാര്‍ നിലനില്‍ക്കുന്നതിനാല്‍ ആകാശ കരുത്തില്‍ മുന്നിട്ട് നില്‍ക്കേണ്ടത് രാജ്യത്തിന്റെ സുരക്ഷയുടെ ആവശ്യം കൂടിയാണ്.  അങ്ങനെ വ്യോമസേനയ്ക്ക് കരുത്ത് പകരാന്‍ സി 295 എയര്‍ബസ് ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങള്‍ എത്തുകയാണ്. സൈനിക  ചരക്ക് നീക്കത്തിനും രക്ഷാദൗത്യങ്ങള്‍ക്കും വേണ്ടി ഉപയോഗിക്കുവാന്‍ സാധിക്കുന്ന വിമാനങ്ങളാണ് സി 295.

സ്പെയിനിലെ സെവിയ്യയില്‍ നടന്ന ചടങ്ങില്‍ ആദ്യ സി 295 ട്രാന്‍സ്‌പോര്‍ട്ട് വിമാനം എയര്‍ബസ് അധികൃതര്‍ വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി ആര്‍ ചൗധരിക്ക് കൈമാറി. 21,935 കോടി രൂപയുടെ ഇടപാടില്‍ 56 വിമാനങ്ങളാണ് നിര്‍മ്മിക്കുക. ഇതില്‍ 16 വിമാനങ്ങള്‍ സ്പെയിനിലാണ് നിര്‍മ്മിക്കുന്നത്. ബാക്കിയുള്ള 40 വിമാനങ്ങള്‍ ടാറ്റയുടെ പ്രതിരോധനിര്‍മാണ വിഭാഗമായ ടാറ്റാ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ഇന്ത്യയില്‍ നിര്‍മ്മിക്കും.

ഒരു സ്വകാര്യ കമ്പനി ഇന്ത്യയില്‍  നിര്‍മ്മിക്കുന്ന ആദ്യ സൈനിക വിമാനമാണ് സി 295. 2026 സെപ്റ്റംബറിലായിരിക്കും വിമാനം സേനയുടെ ഭാഗമാകുക. 1960 മുതല്‍ സര്‍വീസിലുള്ള പഴക്കംചെന്ന ആവ്റോ-748 വിമാനങ്ങള്‍ക്ക് പകരമാണ് വ്യോമസേന പുതിയ സി295 വാങ്ങുന്നത്. ഗുജറാത്തിലെ വഡോദരയിലെ നിര്‍മാണ പ്ലാന്റില്‍നിന്ന് അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 40 വിമാനങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. പത്ത് ടണ്‍ ഭാരം വരെ വഹിച്ച് പറന്നുയരുവാന്‍ സി 295 ട്രാന്‍സ്‌പോര്‍ട്ട് വിമാനത്തിന് സാധിക്കും. സൈനിക നീക്കം നടത്തുന്ന സമയങ്ങളില്‍ 70 പട്ടാളക്കാര്‍ക്ക് ഈ വിമാനത്തില്‍ സഞ്ചരിക്കുവാന്‍ സാധിക്കും.

വിമാനങ്ങള്‍ക്ക് ലാന്‍ഡ് ചെയ്യാന്‍ സാധിക്കാത്ത തന്ത്രപ്രധാനമായ ഇടങ്ങളില്‍ സൈനികരെ എത്തിക്കുകയാണ് ഈ വിമാനത്തിലൂടെ ലക്ഷ്യമിടുന്നത്. സി 295 ന് പാരാ ഡ്രോപ്പിംഗ് നടത്തുവാനായി പിന്‍ഭാഗത്ത് റാമ്പോ ഡോറുകളുണ്ട്.  നിര്‍ണായക സമയത്ത് സൈനികരെയും സൈന്യത്തിന് ആവശ്യമായ വസ്തുക്കളും പാരാഡ്രോപ് നടത്തുവാന്‍ സാധിക്കും. പ്രതികൂല സാഹചര്യങ്ങളില്‍ മികവുറ്റ പ്രകടനം നടത്താനാകും എന്നതാണ് സി 295ന്റെ പ്രത്യേകത. ചെറിയ റണ്‍വേയില്‍ പോലും പറയുന്നയരാനും ലാന്‍ഡ് ചെയ്യാനും ഈ കരുത്തന് സാധിക്കും.  ടേക്ക് ഓഫിന് 670 മീറ്ററും ലാന്‍ഡിങ്ങിന് 320 റണ്‍വേയുമാണ് ഈ വിമാനത്തിന് വേണ്ടത് . 480 കിലോമീറ്റര്‍ വേഗതയില്‍ 11 മണിക്കൂര്‍ തുടര്‍ച്ചയായി പറക്കാന്‍ സി295ന് സാധിക്കും.

സി 295 എയര്‍ക്രാഫ്റ്റ് ഏത് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ സാധിക്കുന്ന ഓള്‍ റൗണ്ടറാണെന്ന് പറയാം.  ചിറകുകളിലെ ഇന്ധന ടാങ്കുകളില്‍ നിന്ന് ഹെലികോപ്റ്ററുകള്‍ക്ക് 6,000 കിലോഗ്രാം വരെ ഇന്ധനം നല്‍കാന്‍ കഴിയുന്ന ഒരു എയര്‍ ടാങ്കറായി ഈ വിമാനത്തെ വേഗത്തില്‍ മാറ്റാനാകും. അടിയന്തര സാഹചര്യങ്ങളില്‍ മെഡിക്കല്‍ ഇവാക്വേഷനും സി 295നെ ഉപയോഗിക്കാം. വിമാനത്തില്‍ തീവ്രപരിചരണ വിഭാഗവും 24 സ്ട്രെച്ചറുകളുമൊക്കെ സംയോജിപ്പിക്കാന്‍ സാധിക്കും. 7,000 ലിറ്റര്‍ വരെ വെള്ളം വഹിക്കാന്‍ പറ്റുന്ന ഈ വിമാനത്തെ കാട്ടുതീയെ ചെറുക്കാനുള്ള വാട്ടര്‍ ബോംബറായും മാറ്റുവാന്‍ സാധിക്കും. സി 295ന്റെ എയര്‍ബോണ്‍ ഏര്‍ലി വാണിംഗ് പതിപ്പിലെ റഡാറുകള്‍ മികച്ച എയര്‍ സര്‍വയലെന്‍സ് നല്‍കും. പ്രഷറൈസ്ഡ് ക്യാബിനുകളുള്ള സി295ന് മുപ്പതിനായിരം അടി വരെ ഉയരത്തില്‍ പറക്കാന്‍ സാധിക്കും. എയര്‍ബസ് സ്‌പെയിനില്‍ നിര്‍മ്മിക്കുന്ന പതിനാറ് വിമാനങ്ങളില്‍ അവസാനത്തേത് 2025 ഓഗസ്റ്റില്‍ ഇന്ത്യക്ക് കൈമാറും.

ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ സി 295, 2026 സെപ്തംബറില്‍ വഡോദരയില്‍ നിന്നും പുറത്തിറങ്ങുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കി 39 എണ്ണം 2031 ഓഗസ്റ്റിലാണ് വ്യോമസേനയുടെ ഭാഗമാവുക. ഈ വിമാനങ്ങളുടെ എല്ലാ പ്രധാന ഘടകങ്ങളുടെ നിര്‍മ്മാണവും അസംബ്ലിയും ഇന്ത്യയില്‍ തന്നെയാകും നടക്കുക. എഞ്ചിനുകള്‍, ലാന്‍ഡിംഗ് ഗിയര്‍, ഏവിയോണിക്‌സ് തുടങ്ങിയവ എയര്‍ബസ് നല്‍കും . രണ്ട് പ്രാറ്റ് & വിറ്റ്‌നി PW127G ടര്‍ബോപ്രോപ്പ് എഞ്ചിനുകളാണ് വിമാനത്തിന് കരുത്ത് പകരുന്നത്. ഈ വിമാനങ്ങളൊക്കെ സൈന്യത്തിന്റെ ഭാഗമാകുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ സി295 ഓപ്പറേറ്ററായി ഇന്ത്യന്‍ എയര്‍ഫോഴ്സ് മാറും.

കുരങ്ങന്‍റെ വികൃതി! ചുരത്തിൽ നിന്ന് കൊക്കയിലേക്ക് എറിഞ്ഞത് 75000 രൂപയുടെ ഐഫോൺ, റോപ് കെട്ടിയിറങ്ങി ഫയ‍ർഫോഴ്സ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios