Hyundai EV : 2028ഓടെ ആറ് ഇലക്ട്രിക്ക് മോഡലുകള്‍ ഇന്ത്യയിൽ അവതരിപ്പിക്കാന്‍ ഹ്യുണ്ടായി
ഇന്ത്യയ്ക്കായി പുതിയ ഇവി പദ്ധതിയുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ ഹ്യുണ്ടായി. ഇൻഫ്രാ ചാർജിംഗിൽ ശ്രദ്ധ കേന്ദ്രീകരിച്ച് 2028 ഓടെ ആറ് ഇലക്ട്രിക് കാറുകൾ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച് ഹ്യുണ്ടായ് ഇന്ത്യ
ഉയർന്ന പരമ്പരാഗത ഇന്ധന വിലയും ഇലക്ട്രിക്ക് മോഡലുകള്‍ക്കുള്ള ആകർഷകമായ സബ്‌സിഡികളും കാരണം വമ്പന്‍ കുതിച്ചുചാട്ടം നടത്തുകയാണ് ഇപ്പോൾ ഇന്ത്യയിലെ ഇലക്ട്രിക്ക് വാഹന വിപണി (Indian EV Market). ഈ മുന്നേറ്റത്തിൽ ഏറെക്കുറെ വിജയിച്ച രണ്ട് കമ്പനികൾ ടാറ്റ മോട്ടോഴ്‌സും (Tata Motors) എംജിയും (MG India) മാത്രമാണ്. ടാറ്റ 70 ശതമാനത്തോളം വിപണി വിഹിതം നേടിയപ്പോള്‍ എംജി മോട്ടോർ ഇന്ത്യ രണ്ടാം സ്ഥാനത്താണ്.
2019-ൽ കോന ഇലക്ട്രിക്കമായി ഇന്ത്യയിലെ ആദ്യ ഇവി അവതരിപ്പിച്ചത് ഹ്യുണ്ടായ് (Hyundai) ആയിരുന്നു. എന്നാൽ കോനയിലൂടെ കൊറിയൻ കമ്പനിക്ക് കാര്യമായ നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ ഇന്ത്യയ്ക്കായി പുതിയ ഇവി പദ്ധതിയുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ ഹ്യുണ്ടായി. ഇൻഫ്രാ ചാർജിംഗിൽ ശ്രദ്ധ കേന്ദ്രീകരിച്ച് 2028 ഓടെ ആറ് ഇലക്ട്രിക് കാറുകൾ പുറത്തിറക്കുമെന്ന് ഹ്യുണ്ടായ് ഇന്ത്യ പ്രഖ്യാപിച്ചതായി വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2028-ഓടെ ആറ് ബാറ്ററി ഇലക്ട്രിക് വെഹിക്കിളുകളായി (ബിഇവി) ഇവി ലൈനപ്പ് വിപുലീകരിക്കാൻ ഏകദേശം 4,000 കോടി രൂപ നിക്ഷേപിക്കുമെന്ന് ഹ്യുണ്ടായി ഇന്ത്യയുടെ സെയിൽസ്, മാർക്കറ്റിംഗ് ആൻഡ് സർവീസ് ഡയറക്ടർ തരുൺ ഗാർഗ് പറയുന്നു. ഈ EV-കൾ മാസ് മാർക്കറ്റ്, മാസ് പ്രീമിയം എന്നിങ്ങനെ വിവിധ സെഗ്‌മെന്റുകളിൽ വ്യാപിക്കുമെന്നും കൂടാതെ ഒരു എസ്‍യുവി, സെഡാൻ, സിയുവി (കോംപാക്റ്റ് യൂട്ടിലിറ്റി വെഹിക്കിൾ) എന്നിവ ഉൾപ്പെടും എന്നുമാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം ഇന്ത്യയിൽ ഏതൊക്കെ ഇവി മോഡലുകൾ അവതരിപ്പിക്കുമെന്ന് ഹ്യുണ്ടായ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല, എന്നാൽ ഇതില്‍ ആദ്യത്തേത് അയോണിക്ക് 5 ആയിരിക്കും, എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്ത വർഷം പകുതിയോടെ ഒരു CBU ആയി ഈ വാഹനത്തെ ഇന്ത്യയില്‍ പ്രതീക്ഷിക്കാം. ഒപ്പം, ഫെയ്‌സ്‌ലിഫ്റ്റ് ചെയ്‌ത കോന ഇലക്ട്രിക്ക് ഇവിടെ അസംബിൾ ചെയ്യാനും കമ്പനിക്ക് നീക്കമുണ്ട്.
2024 അവസാനത്തിനുമുമ്പ് നിലവിലുള്ള ICE പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ഇവിടെ നിർമ്മിക്കുന്നതുമായ മാസ്-മാർക്കറ്റ് EVയില്‍ ആണ് ഹ്യുണ്ടായിക്ക് പ്രത്യേക താൽപ്പര്യം. ചില ഐസി-ഡിറൈവ്ഡ് ഇവികളും വരാൻ പോകുകയാണെന്നും ഒരുപക്ഷേ മൂന്നെണ്ണം ഐസിയിൽ നിന്നുള്ള ബിഇവികളായിരിക്കും എന്നും ഗാർഗ് പറയുന്നു. ഈ കൂടുതൽ താങ്ങാനാവുന്ന ഇവികൾക്ക് ഇപ്പോഴും 350 കിലോമീറ്റർ റേഞ്ച് ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രവും വിവിധ വിവിധ സര്‍ക്കാരുകളും ഉള്‍പ്പെട വാഗ്‍ദാനം ചെയ്യുന്ന മികച്ച ഇവി പോളിസികളും സുസ്ഥിരമായ പ്രേരണയും വാങ്ങുന്നവരിൽ നിന്നുള്ള നല്ല താൽപ്പര്യവും കാരണം, വളരുന്ന ഇവി വിപണിയുടെ ഗണ്യമായ പങ്ക് പിടിച്ചെടുക്കാനും ഇന്ത്യയിലെ മൊത്തത്തിലുള്ള വിപണി വിഹിതം മെച്ചപ്പെടുത്താനും ഹ്യൂണ്ടായി പദ്ധതിയിടുന്നുണ്ട്.
ഹ്യുണ്ടായ് ഇ-ജിഎംപി ഇലക്ട്രിക് വാഹന പ്ലാറ്റ്ഫോമില്‍ ആകും വാഹനങ്ങല്‍ എത്തുക. ഹ്യുണ്ടായിയുടെ ഇ-ജിഎംപി (ഇലക്‌ട്രിക് ഗ്ലോബൽ മോഡുലാർ പ്ലാറ്റ്‌ഫോം) സമർപ്പിത ബാറ്ററി ഇലക്ട്രിക് വാഹന പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയുള്ളതാണ്. ഹൈ-എൻഡ് ഹ്യൂണ്ടായ് ഉൽപ്പന്നങ്ങൾ, ഇന്ത്യയിലെ ആദ്യത്തെ ഇ-ജിഎംപി ഉൽപ്പന്നം അയോണിക് 5 ആയിരിക്കും. ഇത് ഭാവിയിലെ ഇവികൾക്കും അടിവരയിടും. ഇപ്പോഴും വികസന ഘട്ടത്തിലാണ്. ഇന്ത്യയ്‌ക്കുള്ള ശേഷിക്കുന്ന മൂന്ന് ഇവികൾ ഈ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് നിർമ്മിക്കും. ഹ്യൂണ്ടായ് ഈ പ്ലാറ്റ്‌ഫോമിന്റെ ചില ഘടകങ്ങൾ പ്രാദേശികവൽക്കരിക്കും.
ഹ്യുണ്ടായി ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന E-GMP പ്ലാറ്റ്‌ഫോം ഉപയോഗിച്ച് പരന്ന നിലയും മെലിഞ്ഞ കോക്‌പിറ്റും ഫ്ലെക്സിബിളും വിശാലവുമായ ക്യാബിൻ ഉള്ള വാഹനങ്ങൾ വികസിപ്പിക്കാൻ ഹ്യുണ്ടായിക്ക് സാധിക്കും. ഇത് മറ്റ് എതിരാളികളെ അപേക്ഷിച്ച് വലിയ നേട്ടം നൽകും. ഇ-ജിഎംപി പ്ലാറ്റ്‌ഫോം അതിന്റെ ഇവി തന്ത്രത്തിന്റെ പ്രധാനമായ ഭാഗമാകുമെന്നും 260 കിലോമീറ്റർ വരെ വേഗതയുള്ള കഴിവുകളും 800 കിലോമീറ്റർ റേഞ്ചും ഉള്ള പ്രകടനത്തിൽ വിട്ടുവീഴ്ചയില്ലാത്ത വാഹനങ്ങൾ വാഗ്ദാനം ചെയ്യാൻ കമ്പനിയെ അനുവദിക്കുമെന്നും തരുൺ ഗാർഗ് പറയുന്നു.
നിലവിലെ ട്രെൻഡുകൾ അനുസരിച്ച് 2028 ഓടെ ഇന്ത്യൻ ഇവി വിപണി വലുപ്പം ഏകദേശം 1.75 ലക്ഷം യൂണിറ്റാകുമെന്ന് ഹ്യൂണ്ടായ് പ്രതീക്ഷിക്കുന്നു. എന്നാൽ ബാറ്ററി ചെലവ്, ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ, ഗവൺമെന്റ് സബ്‌സിഡികൾ എന്നിങ്ങനെയുള്ള നിരവധി ബാഹ്യ ഘടകങ്ങളെ അടിസ്ഥാനമാക്കി ആ കണക്ക് പരിഷ്‌ക്കരിക്കാനാണ് സാധ്യത.
ഇന്ത്യയിലെ ചാർജിംഗ് നെറ്റ്‌വർക്ക് വിപുലീകരിക്കാനും ഹ്യുണ്ടായി ശ്രമിക്കുന്നുണ്ട്. തന്ത്രപരമായ സഹകരണത്തോടെ ഇന്ത്യയിലെ ഇവി ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെടുത്തുന്നതിനായിട്ടാണ് കമ്പനി പ്രവർത്തിക്കുന്നത്. ഉപഭോക്താക്കൾക്ക് 7.4 കിലോവാട്ട് എസി ഹോം ചാർജർ നൽകുന്നതിന് പുറമെ, നാല് നഗരങ്ങളിൽ (ഇന്ത്യൻ ഓയിലിനൊപ്പം) പൊതു 50 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകളും ഹ്യുണ്ടായ് സ്ഥാപിച്ചിട്ടുണ്ട്, 15 നഗരങ്ങളിലെ 108 ഡീലർഷിപ്പുകളിൽ എസി ഫാസ്റ്റ് ചാർജറുകൾ സ്ഥാപിച്ചിട്ടുണ്ട് . ഇവ ഹ്യുണ്ടായ് ഉപഭോക്താക്കൾക്ക് സൗജന്യ സേവനം വാഗ്‍ദാനം ചെയ്യുന്നു. ആറ് നഗരങ്ങളിലെ EV ഉപഭോക്താക്കൾക്ക് മൂന്ന് വർഷത്തേക്ക് സൗജന്യമായി 24x7 റോഡ് സൈഡ് അസിസ്റ്റൻസും പോർട്ടബിൾ ചാർജിംഗ് സൊല്യൂഷനും നൽകുന്നു.
Source : AutoCar India, HT Auto