അമ്പമ്പോ..! 365 ദിവസം കൊണ്ട് ഹോണ്ട വിറ്റത് 44 ലക്ഷത്തോളം ടൂവീലറുകൾ!
2022 ഡിസംബറിൽ വിറ്റ 233,151 യൂണിറ്റുകളിൽ നിന്ന് ഹോണ്ട ആഭ്യന്തര വിൽപ്പന 286,101 യൂണിറ്റായി, പ്രതിവർഷം 22.71 ശതമാനം വളർച്ച രേഖപ്പെടുത്തി. അതേസമയം, കയറ്റുമതി 31,022 യൂണിറ്റായി, 82.27 ശതമാനം വളർച്ച രേഖപ്പെടുത്തി. ഒരു വർഷം മുമ്പ് ഇതേ മാസത്തിൽ 17,020 യൂണിറ്റുകൾ വിദേശത്തേക്ക് അയച്ചിരുന്നു.
വില്‍പ്പനയില്‍ മികച്ച നേട്ടം കുറിച്ച് ജനപ്രിയ ജാപ്പനീസ് ഇരുചക്ര വാഹന ബ്രാൻഡായ ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‍കൂട്ടർ ഇന്ത്യ. 2023 കലണ്ടര്‍ വര്‍ഷം 43,84,559 യൂണിറ്റുകളാണ് വിറ്റഴിച്ചതെന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു. 2023 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരമാണിത്. 2023 ഡിസംബറില്‍ മാത്രം 3,17,123 യൂണിറ്റുകള്‍ വിറ്റു. ഇതില്‍ 2,86,101 യൂണിറ്റുകളുടെ ആഭ്യന്തര വില്‍പ്പനയും, 31,022 യൂണിറ്റ് കയറ്റുമതിയും ഉള്‍പ്പെടും. ഈ മാസത്തെ ആഭ്യന്തര വില്‍പ്പന 2022 ഡിസംബറിനേക്കാള്‍ 23 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍, കയറ്റുമതി കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 82 ശതമാനം വര്‍ധിച്ചു.
ആക്ടീവ എച്ച്-സ്‍മാര്‍ട്ട്, ഷൈന്‍ 100, പുതിയ എസ്‍പി 160, ഡിയോ 125 മോഡലുകള്‍ പോയ വര്‍ഷം എച്ച്എംഎസ്‌ഐ വിപണിയിലിറക്കി. റെഡ് വിങ്, ബിഗ് വിങ് ബിസിനസുകളിലായി ആക്ടീവ ലിമിറ്റഡ് എഡിഷന്‍ ഉള്‍പ്പെടെ നിരവധി സ്‌പെഷ്യല്‍ പതിപ്പുകളും, ഒബിഡി-2 മാനദണ്ഡങ്ങള്‍ പാലിക്കുന്ന നിരവധി മോഡലുകളും 2023ല്‍ വിപണിയില്‍ അവതരിപ്പിച്ചു. 25ലേറെ നഗരങ്ങളില്‍ പുതിയ ബിഗ് വിങ് ഷോറൂമുകള്‍ തുറന്നു. ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ പുതിയ പ്രസിഡന്റ്, സിഇഒ, എംഡി ചുമതലകളിലേക്ക് സുത്‌സുമു ഒട്ടാനി നിയോഗിക്കപ്പെട്ടതും പോയ വര്‍ഷമാണ്.
ആക്ടീവ ഉടമസ്ഥരുടെ എണ്ണം രണ്ടുകോടി കവിഞ്ഞ് ചരിത്ര നേട്ടത്തിലെത്തിയതും, ഇരുചക്ര വാഹന വിപണിയില്‍ പുതിയ അധ്യായംകുറിച്ച ഹോണ്ടയുടെ എക്‌സ്റ്റന്‍ഡഡ് വാറന്റി പ്ലസ് പ്രോഗ്രാം അവതരിപ്പിക്കപ്പെട്ടതും 2023ലെ നേട്ടങ്ങളായി. 90 നഗരങ്ങളില്‍ ഹോണ്ടയുടെ റോഡ് സുരക്ഷാ ബോധവത്ക്കരണ ക്യാമ്പയിനും നടന്നു. ഇതോടെ പദ്ധതി 5.7 മില്യണ്‍ പേരിലേക്കെത്തി. സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ മികവിന് പ്രശസ്തമായ ഭാമാഷാ പുരസ്‌കാരം ലഭിച്ചതും, ഹോണ്ട ഇന്ത്യ ടാലന്റ് കപ്പ്, ഏഷ്യ റോഡ് റേസിങ്, മോട്ടോ ജിപി, ഡാക്കാര്‍ റാലി എന്നീ ചാമ്പ്യന്‍ഷിപ്പുകളില്‍ ഹോണ്ട ടീമിന്റെ മികവും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യക്ക് 2023ലെ അഭിമാന നേട്ടങ്ങളായി മാറിയെന്നും കമ്പനി പറയുന്നു.