ഹാര്‍ലി പാൻ അമേരിക്ക 1250 ന്‍റെ ബുക്കിംഗ് തുടങ്ങി ഹീറോ

ഹാർലി ഡേവിഡ്​സന്‍റെ ഏറ്റും കരുത്തുള്ള  അഡ്വഞ്ചർ ബൈക്കായ പാൻ അമേരിക്ക 1250 ന്‍റെ ബുക്കിംഗ് തുടങ്ങി. 

Harley Davidson Pan America 1250 Bookings Opened

ഐക്കണിക്ക് അമേരിക്കന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹാർലി ഡേവിഡ്​സന്‍റെ ഏറ്റും കരുത്തുള്ള  അഡ്വഞ്ചർ ബൈക്കായ പാൻ അമേരിക്ക 1250 ന്‍റെ ബുക്കിംഗ് തുടങ്ങി. ഹീറോ മോട്ടോകോർപ്പാണ് ബുക്കിംഗ് തുടങ്ങിയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയിൽ പ്രവർത്തനം അവസാനിപ്പിച്ച ഹാർലിയുടെ വാഹനങ്ങൾ നിലവിൽ ഹീറോ വഴിയാണ്​ വിൽക്കുന്നത്​. ഹാർലിയുടെ മറ്റ് 13 മോഡലുകൾക്കും വരാനിരിക്കുന്ന സ്‌പോർട്‌സ്‌റ്റർ എസിനും പാൻ അമേരിക്കക്ക്​ ഒപ്പം ബുക്കിങ്​ ആരംഭിച്ചതായി ഹീറോ മോട്ടോകോർപ്പ് അറിയിച്ചു. അടുത്ത വർഷം ഫെബ്രുവരി മുതൽ ഹാർലി ഓണേഴ്​സ്​ ഗ്രൂപ്പ് ഇവൻറുകൾ പുനരാരംഭിക്കാനും ഹീറോ പദ്ധതിയിടുന്നുണ്ട്​.

ഹാർലി-ഡേവിഡ്‌സണിന്‍റെ വേറിട്ട ബൈക്കാണ്​ പാൻ അമേരിക്ക. സ്റ്റാ​ന്‍ഡേര്‍ഡ്​ സ്​പെഷൽ എന്നിങ്ങനെ രണ്ട്​ വകഭേദങ്ങളാണ്​ വാഹനത്തിനുള്ളത്​. അഡ്വഞ്ചര്‍ ടൂറര്‍ മോട്ടോര്‍സൈക്കിളിന്റെ രണ്ട് വേരിയന്റുകളും ഇന്ത്യയില്‍ ലഭിക്കും. ബേസ് വേരിയന്റിന് 16.90 ലക്ഷം രൂപയും പാന്‍ അമേരിക്ക 1250 സ്‌പെഷല്‍ എന്ന പ്രീമിയം വേരിയന്റിന് 19.99 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില. 

രണ്ട് വേരിയന്റുകളുടെയും മെക്കാനിക്കല്‍ സ്‌പെസിഫിക്കേഷനുകള്‍ ഒന്നുതന്നെയാണ്. 1252 സിസി, റെവലൂഷന്‍ മാക്‌സ് 1250 എന്‍ജിനാണ് ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ 9,000 ആര്‍പിഎമ്മില്‍ 150 ബിഎച്ച്പി കരുത്തും 6,750 ആര്‍പിഎമ്മില്‍ 127 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും.

ഹാര്‍ലി ഡേവിഡ്‌സണ്‍ പാന്‍ അമേരിക്ക 1250 മോട്ടോര്‍സൈക്കിളിന്റെ രണ്ട് വേരിയന്റുകളും ഫീച്ചറുകളാല്‍ വ്യത്യസ്തമാണ്. എല്ലായിടത്തും എല്‍ഇഡി ലൈറ്റിംഗ്, ബ്ലൂടൂത്ത് വഴി കണക്റ്റ് ചെയ്യാന്‍ കഴിയുന്ന 6.8 ഇഞ്ച് കളര്‍ ടിഎഫ്ടി ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് എന്നിവ രണ്ട് വകഭേദങ്ങളുടെയും സ്റ്റാന്‍ഡേഡ് ഫീച്ചറുകളാണ്. ഇലക്ട്രോണിക്കലായി ക്രമീകരിക്കാവുന്ന സെമി ആക്റ്റീവ് സസ്‌പെന്‍ഷന്‍ സംവിധാനം, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (ടിപിഎംഎസ്), സെന്റര്‍ സ്റ്റാന്‍ഡ്, ഹീറ്റഡ് ഗ്രിപ്പുകള്‍, സ്റ്റിയറിംഗ് ഡാംപര്‍, വ്യവസായത്തില്‍ ഇതാദ്യമായി അഡാപ്റ്റീവ് റൈഡ് ഹൈറ്റ് സിസ്റ്റം (ഓപ്ഷണല്‍) എന്നിവ സ്‌പെഷല്‍ വേരിയന്റിലെ അധിക ഫീച്ചറുകളാണ്.

കോർണേറിങ് എബിഎസ്, ലീൻ-സെൻസിറ്റീവ് ട്രാക്ഷൻ കണ്ട്രോൾ, ഹിൽ-ഹോൾഡ് കണ്ട്രോൾ, ക്രൂയിസ് കണ്ട്രോൾ, സെമി-ആക്റ്റീവ് സസ്പെൻഷൻ, റൈഡിങ് മോഡുകൾ, 6.8-ഇഞ്ച് ടച്ച്-സെൻസിറ്റീവ് ഫുൾ കളർ ടിഎഫ്ടി സ്ക്രീൻ തുടങ്ങിയ നിരവധി ഫീച്ചറുകൾ പാൻ അമേരിക്ക 1250-യിലുണ്ട്. 19-ഇഞ്ച് മുൻവീലും 17-ഇഞ്ച് പിൻ വീലുമാണ് പാൻ അമേരിക്ക 1250-യ്ക്ക്. സ്റ്റാൻഡേർഡ്, പാൻ അമേരിക്ക സ്പെഷ്യൽ മോഡലുകൾക്ക് അല്ലോയ്‌വീലുകളാണ്. ഹാർലി ഡേവിഡ്സൺ പാൻ അമേരിക്ക 1250-യ്ക്ക് പൂർണമായും ക്രമീകരിക്കാവുന്ന ഷോവ അപ്സൈഡ് ഡൗൺ മുൻ സസ്‌പെൻഷനും മോണോ പിൻ സസ്പെൻഷനുമാണ് ലഭിക്കുന്നത്.

പാൻ അമേരിക്ക 1250-യ്ക്ക് 1252 സിസി റെവൊല്യൂഷൻ മാക്സ് വി-ട്വിൻ എൻജിൻ ആണ് കരുത്തേകുന്നത്. 9,000 ആർപിഎമ്മിൽ 150 എച്ച്പി പവറും 6,750 ആർപിഎമ്മിൽ 127 എൻഎം ടോർക്കുമാണ് ഈ എൻജിൻ നിർമ്മിക്കുന്നത്. ഇരട്ട ഓവർഹെഡ് ക്യാംഷാഫ്റ്റുകൾ, ലിക്വിഡ്-കൂളിംഗ്, വേരിയബിൾ വാൽവ് ടൈമിംഗ്, നാല്-വാൽവ് സിലിണ്ടർ ഹെഡുകൾ തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകൾ റെവൊല്യൂഷൻ മാക്സ് വി-ട്വിൻ എൻജിനിൽ ഉൾപെടുത്തിയിട്ടുണ്ട്. ഹാർലി ഡേവിഡ്സൺ പാൻ അമേരിക്ക 1250-യ്ക്ക് സ്ലിപ്പർ ക്ലച്ചുമായി ചേർന്ന് പ്രവർത്തിക്കുന്ന ആറ് സ്പീഡ് ഗിയർബോക്‌സ് ആണ് ലഭിക്കുന്നത്.

പാന്‍ അമേരിക്ക 1250 മോട്ടോര്‍സൈക്കിളിനെ അടുത്തിടെ കമ്പനി തായ്‌ലാന്‍ഡ് വിപണിയില്‍ അവതരിപ്പിച്ചിരുന്നു. പാന്‍ അമേരിക്ക 1250, പാന്‍ അമേരിക്ക 1250 സ്‌പെഷ്യല്‍ എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് ബൈക്ക് തായ്‍ലന്‍ഡില്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. 2021 ഫെബ്രുവരിയിലാണ് ബൈക്ക് ആഗോള തലത്തില്‍ അരങ്ങേറിയത്.  ബിഎംഡബ്ല്യു ആര്‍ 1250 ജിഎസ്, വരാനിരിക്കുന്ന ഡുകാറ്റി മള്‍ട്ടിസ്ട്രാഡ വി4 എന്നിവയാണ് ഇന്ത്യന്‍ വിപണിയിലെ എതിരാളികള്‍.

2021 ലെ ഏറ്റവും മികച്ച മോട്ടോർസൈക്കിളുകളിലൊന്നാണ് പാൻ അമേരിക്ക 1250 എന്നും അഡ്വഞ്ചർ ടൂറിങ്​ വിഭാഗത്തിലേക്കുള്ള ഹാർലിയുടെ ആദ്യ വാഹനമാണിതെന്നും ഹീറോ പ്രീമിയം സെഗ്​മെൻറ്​ ബിസിനസ് മേധാവി രവി അവളൂർ പറഞ്ഞു. മോട്ടോർസൈക്കിൾ ഇതിനകം തന്നെ ഉപഭോക്താക്കൾക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. 

കഴിഞ്ഞ വർഷം ഒക്ടോബറിലാണ്​ ഇന്ത്യൻ വിപണിയിൽ ഹാർലി-ഡേവിഡ്‌സണുമായി ഹീറോ പങ്കാളിത്തം പ്രഖ്യാപിക്കുന്നത്​. ഉപഭോക്താക്കളുടെ ടച്ച് പോയിൻറുകളും മോട്ടോർസൈക്കിളുകളുടെ സർവ്വീസ്​ കേന്ദ്രങ്ങളും ഹീറോ വിപുലീകരിക്കുന്നുണ്ട്​. ഹാർലി-ഡേവിഡ്‌സൺ ഉപഭോക്താക്കൾക്കായി രാജ്യത്തുടനീളം 14 സമ്പൂർണ്ണ ഡീലർഷിപ്പുകളുടെയും ഏഴ് അംഗീകൃത സേവന കേന്ദ്രങ്ങളുടെയും ശൃംഖലയാണ് ഇപ്പോൾ ഹീറോക്കുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios