സബ്‌സിഡി വെട്ടിക്കുറച്ചു, ഈ ടൂവീലറുകള്‍ക്ക് വില കൂടും
2023 ജൂൺ 1 മുതൽ ഈ സബ്‍സിഡി തുക കുറയും എന്നും ഇതോടെ ഇലക്ട്രിക്ക് ഇരുചക്ര വാഹനങ്ങളുടെ വില കൂടും എന്നുമാണ് റിപ്പോര്‍ട്ടുകള്‍.
ഇലക്ട്രിക് വാഹനങ്ങൾക്കുള്ള സബ്‌സിഡി കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചു. ഫെയിം 2 സ്കീമിന് കീഴിലുള്ള സബ്‌സിഡി ആനുകൂല്യമാണ് വെട്ടിക്കുറച്ചതെന്നും ഈ നടപടി ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾക്ക് ഗണ്യമായ വിലവർദ്ധനവിന് കാരണമാകും എന്നും എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. മുമ്പ്, ഘനവ്യവസായ മന്ത്രാലയം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കുള്ള സബ്‌സിഡി തുക കുറയ്ക്കാൻ നിർദ്ദേശിച്ചിരുന്നു. 2023 ജൂൺ 1 മുതൽ ഈ സബ്‍സിഡി തുക കുറയും എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഭേദഗതി ചെയ്ത ഫെയിം 2 സ്കീമിന് കീഴിൽ, ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾക്കുള്ള സബ്‌സിഡികൾ കിലോവാട്ട് /മണിക്ക് 15,000 രൂപയിൽ നിന്ന് 10,000/kWh ആയിട്ടാണ് കുറച്ചത് . കൂടാതെ, ഭേദഗതി വരുത്തിയ FAME 2 സ്കീമിന് കീഴിലുള്ള പരമാവധി സബ്‌സിഡി, യോഗ്യതയുള്ള ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ എക്‌സ്-ഫാക്‌ടറി വിലയുടെ 15 ശതമാനമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഇത് ഇതുവരെ വാഗ്ദാനം ചെയ്തിരുന്ന 40 ശതമാനത്തിൽ നിന്ന് ഗണ്യമായി കുറഞ്ഞു.
100,000 രൂപ എക്‌സ്‌ഷോറൂം വിലയുള്ള ഒരു ഇലക്ട്രിക് ഇരുചക്രവാഹനത്തിന് ഇതുവരെ ഫെയിം 2 സ്കീമിന് കീഴിൽ 40,000 രൂപ വരെ സബ്‌സിഡി ലഭിച്ചിരുന്നെങ്കിൽ , ഇനിമുതൽ അതിന് 15,000 രൂപ വരെ മാത്രമേ സബ്‌സിഡി ഇനത്തില്‍ ലഭിക്കൂ. അതായത് ഇലക്ട്രിക് ഇരുചക്ര വാഹനം വാങ്ങുന്നയാൾ സ്വന്തം പോക്കറ്റിൽ നിന്ന് 25,000 രൂപ അധികമായി നൽകേണ്ടി വരും.
കഴിഞ്ഞ സാമ്പത്തിക വർഷം, 779,000-ലധികം അതിവേഗ ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ ഇന്ത്യയിലുടനീളം വിറ്റഴിച്ചു എന്നാണ് കണക്കുകള്‍. അവയ്ക്ക് ഫെയിം 2 സബ്‌സിഡി ആനുകൂല്യം ലഭിച്ചു. ഫെയിം 2 സ്കീമിന് കീഴിലുള്ള സബ്‌സിഡി കുറയ്ക്കാനുള്ള ഘനവ്യവസായ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ നീക്കം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ വില ഗണ്യമായി വർദ്ധിപ്പിക്കും. ഈ നീക്കം മൂലം ജനപ്രിയ ഇലക്ട്രിക് സ്കൂട്ടറുകളുടെ വില 30,000 രൂപ വരെ വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു .
ഫെയിം 2 സബ്‌സിഡി വെട്ടിക്കുറച്ച നീക്കം ഇതുവരെ ആനുകൂല്യങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറുകളെ ബാധിക്കും. ഏഥര്‍ 450 എക്സ്, ഒല എസ്1 പ്രോ, ടിവിഎസ് ഐക്യൂബ് തുടങ്ങിയ ജനപ്രിയ മോഡലുകളുടെ വിലയെ ഈ നടപടി ബാധിക്കും .
ഏതർ 450X വില കൂടും, ഇപ്പോള്‍ വാങ്ങിയാല്‍ 32,500 രൂപ വരെ ലാഭിക്കാം