എലിവേറ്റിന് ആ ജനപ്രിയ എഞ്ചിന്‍ നല്‍കില്ല, പക്ഷേ ഇലക്‌ട്രിക് റെഡിയാക്കുന്നുണ്ടെന്ന് ഹോണ്ട!
ഈ പുതിയ ഇടത്തരം എസ്‌യുവിയില്‍ ഹൈബ്രിഡ് പവർട്രെയിൻ നൽകില്ലെന്ന് ഹോണ്ട സ്ഥിരീകരിച്ചതായാണ് പുതിയ റിപ്പോര്‍ട്ട്.
ഏറെ നാളായി കാത്തിരുന്ന ഹോണ്ട എലിവേറ്റ് മിഡ്-സൈസ് എസ്‌യുവി ഒടുവിൽ ഇന്ത്യയിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചു. എസ്‌യുവിയുടെ ബുക്കിംഗ് ജൂലൈയിൽ ആരംഭിക്കും.അതേസമയം ദീപാവലിക്ക് മുമ്പ് ഉത്സവ സീസണിൽ ലോഞ്ച് നടക്കും. മാനുവൽ, സിവിടി ഗിയർബോക്‌സ് ഓപ്ഷനുകളുള്ള 1.5 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എഞ്ചിൻ മാത്രമാണ് പുതിയ എലിവേറ്റിന് നൽകിയിരിക്കുന്നത്. സിറ്റി സെഡാനില്‍ അരങ്ങേറ്റം കുറിച്ച ഹൈബ്രിഡ് പവർട്രെയിനിനൊപ്പം ഇത് വാഗ്ദാനം ചെയ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഈ പുതിയ ഇടത്തരം എസ്‌യുവിയില്‍ ഹൈബ്രിഡ് പവർട്രെയിൻ നൽകില്ലെന്ന് ഹോണ്ട സ്ഥിരീകരിച്ചതായാണ് പുതിയ റിപ്പോര്‍ട്ട്.
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ അതായത് ഏകദേശം 2025-2026-ൽ എലവേറ്റിന് ഇന്ത്യൻ വിപണിയിൽ ഒരു ഇലക്ട്രിക് പതിപ്പ് ലഭിക്കുമെന്നും ലോഞ്ച് ഇവന്‍റിൽ ഹോണ്ട ഔദ്യോഗികമായി വെളിപ്പെടുത്തി. ഇലക്ട്രിക് വാഹനങ്ങളിൽ നിന്നുള്ള വാഹന വിൽപ്പനയുടെ മൂന്നിൽ രണ്ട് ഭാഗവും കൈവരിക്കാൻ ഹോണ്ട മോട്ടോഴ്‌സ് ലക്ഷ്യമിടുന്നു. കൂടാതെ ഇന്ത്യയിലെ വില്‍പ്പന തന്ത്രവും ആഗോള പദ്ധതിയുമായി യോജിപ്പിക്കും. 2030-ഓടെ പുതിയ എലിവേറ്റ് ഉൾപ്പെടെ അഞ്ച് പുതിയ എസ്‌യുവികൾ വിപണിയിൽ അവതരിപ്പിക്കുമെന്ന് ഹോണ്ട കാർസ് ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. കമ്പനിയുടെ പ്രീമിയം മോഡലുകൾ കംപ്ലീറ്റ്‌ലി ബിൽറ്റ് യൂണിറ്റുകൾ (സിബിയു), കംപ്ലീറ്റ്ലി കെനോക്ക്ഡ് ഡൗൺ (സികെഡി) വഴി കൊണ്ടുവരാനും പദ്ധതിയിടുന്നുണ്ട്.
2024-ൽ നമ്മുടെ വിപണിയിൽ പുതിയ WR-V സബ്-4 മീറ്റർ എസ്‌യുവി അവതരിപ്പിക്കാൻ ഹോണ്ടയ്ക്ക് കഴിയുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അമേസ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ WR-V. ഇത് അടുത്തിടെ ഇന്തോനേഷ്യൻ വിപണിയിൽ അവതരിപ്പിച്ചു. മാരുതി ബ്രെസ, ടാറ്റ നെക്‌സോൺ, ഹ്യുണ്ടായ് വെന്യു/കിയ സോനെറ്റ് എന്നിവ ആധിപത്യം പുലർത്തുന്ന സബ്-4 മീറ്റർ എസ്‌യുവി വിഭാഗത്തിലേക്ക് ബ്രാൻഡിന്റെ റീ-എൻട്രിയായിരിക്കും പുതിയ മോഡൽ. കൂടാതെ, 2024-ൽ അവതരിപ്പിക്കാൻ സാധ്യതയുള്ള അടുത്ത തലമുറ അമേസ് സബ്-4 മീറ്റർ സെഡാനിൽ ഹോണ്ട പ്രവർത്തിക്കുന്നതായി റിപ്പോർട്ടുകള്‍ ഉണ്ട്.
തായ്‌ലൻഡിൽ സ്ഥിതി ചെയ്യുന്ന ഹോണ്ട ആർ ആൻഡ് ഡി ഏഷ്യാ പസഫിക് സെന്ററാണ് എലിവേറ്റ് മിഡ്-സൈസ് എസ്‌യുവി വികസിപ്പിച്ചിരിക്കുന്നത്. 121PS പവറും 145Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ, i-VTEC 4-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. ട്രാൻസ്മിഷൻ ചോയിസുകളിൽ 6-സ്പീഡ് മാനുവലും 7-സ്റ്റെപ്പ് സിവിടിയും ഉൾപ്പെടും. ഈ ഇടത്തരം എസ്‌യുവി ഹോണ്ട സെൻസിംഗ് അല്ലെങ്കിൽ എഡിഎസ് എന്നിവയ്‌ക്കൊപ്പം കൊളിഷൻ മിറ്റിഗേഷൻ ബ്രേക്കിംഗ് സിസ്റ്റം, ലെയ്ൻ ഡിപ്പാർച്ചർ മുന്നറിയിപ്പ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോ ഹൈ-ബീം, ലെയ്ൻ കീപ്പ് അസിസ്റ്റ്, റോഡ് ഡിപ്പാർച്ചർ വാണിംഗ് തുടങ്ങിയ സവിശേഷതകളോടെ ലഭ്യമാണ്.
കാത്തിരിപ്പിനൊടുവില്‍ ആ ആഗോള മോഡലിന്‍റെ കന്നിയാത്ര ഇന്ത്യൻ മണ്ണില്‍ നിന്നും തുടങ്ങി ഹോണ്ട